Wednesday, February 1, 2012

2ജി: പ്രധാനമന്ത്രി കാര്യാലയത്തിന് വീണ്ടും സുപ്രീംകോടതി വിമര്‍ശം

2ജി സ്പെക്ട്രം കേസില്‍ മുന്‍ ടെലികോംമന്ത്രി എ രാജയെ വിചാരണചെയ്യാന്‍ അനുമതി നല്‍കണമെന്ന ജനതാ പാര്‍ടി നേതാവ് സുബ്രഹ്മണ്യന്‍സ്വാമിയുടെ ആവശ്യത്തില്‍ , പ്രതികരണം 16 മാസം വൈകിയ പ്രധാനമന്ത്രികാര്യാലയത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. സിബിഐ കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വന്നില്ലെന്നും പറഞ്ഞാണ് പ്രോസിക്യൂഷന്‍ തീരുമാനം വൈകിപ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. സിവിസി നിയമനത്തിനുശേഷം പ്രധാനമന്ത്രികാര്യാലയം സുപ്രീംകോടതിയില്‍നിന്ന് രൂക്ഷവിമര്‍ശം ഏറ്റുവാങ്ങുന്നത് രണ്ടാംവട്ടമാണ്.

രാജയെ വിചാരണചെയ്യാന്‍ അനുമതി നല്‍കാന്‍ പ്രധാനമന്ത്രിയോട് നിര്‍ദേശിക്കാനാകില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി സുബ്രഹ്മണ്യന്‍സ്വാമിയുടെ അപേക്ഷ സ്വീകരിച്ചത്. പൊതുപ്രവര്‍ത്തകനെതിരെയുള്ള പ്രോസിക്യൂഷന്‍ അനുമതി നാലുമാസത്തിനകം നല്‍കാത്തപക്ഷം അനുമതി നല്‍കിയതായി കണക്കാക്കുമെന്നും ജസ്റ്റിസുമാരായ ജി എസ് സിങ്വിയും എ കെ ഗാംഗുലിയുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നാലുമാസത്തെ സമയപരിധി നിശ്ചയിക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തണമെന്ന നിര്‍ദേശവും കോടതി മുന്നോട്ടുവച്ചു. ക്രിമിനല്‍ നടപടിക്രമവും അഴിമതിവിരുദ്ധനിയമവും അനുസരിച്ച് ബന്ധപ്പെട്ട ഭരണാധികാരികളുടെ അനുമതിയില്ലാതെ പൊതുപ്രവര്‍ത്തകനെ വിചാരണചെയ്യാനാകില്ല. അതുകൊണ്ട് നിശ്ചിത സമയപരിധിക്കകം ഇത്തരം ആവശ്യങ്ങളില്‍ തീരുമാനമുണ്ടാകണം. പൊതുപ്രവര്‍ത്തകനെതിരെ അഴിമതിവിരുദ്ധനിയമപ്രകാരം കോടതിയെ സമീപിക്കാന്‍ പൗരന് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 2ജി സ്പെക്ട്രം കേസില്‍ പി ചിദംബരത്തിനെതിരെ സുപ്രീംകോടതി വിധി പറയാനിരിക്കെ ഇപ്പോഴത്തെ നിരീക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്.

കേന്ദ്രമന്ത്രിമാരുടെ കാര്യത്തില്‍ വിചാരണയ്ക്ക് അനുമതി നല്‍കേണ്ടത് പ്രധാനമന്ത്രിയാണ്. സുപ്രീംകോടതി വിധിയെ പ്രധാനമന്ത്രികാര്യാലയം സ്വാഗതംചെയ്തു. കോടതിവിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് പ്രധാനമന്ത്രികാര്യാലയ സഹമന്ത്രി വി നാരായണസ്വാമി പറഞ്ഞു. പുതിയ ലോക്പാല്‍ ബില്‍ അനുസരിച്ച് പൊതുപ്രവര്‍ത്തകരെ വിചാരണചെയ്യാന്‍ അനുമതി തേടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണമെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനത്തെയാണ് പരമോന്നതകോടതി ചോദ്യംചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ജനലോക്പാല്‍ ബില്ലിലെ പ്രധാന ആവശ്യത്തെയാണ് സുപ്രീംകോടതി ശരിവച്ചതെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
(വി ബി പരമേശ്വരന്‍ )

deshabhimani 010212

1 comment:

  1. 2ജി സ്പെക്ട്രം കേസില്‍ മുന്‍ ടെലികോംമന്ത്രി എ രാജയെ വിചാരണചെയ്യാന്‍ അനുമതി നല്‍കണമെന്ന ജനതാ പാര്‍ടി നേതാവ് സുബ്രഹ്മണ്യന്‍സ്വാമിയുടെ ആവശ്യത്തില്‍ , പ്രതികരണം 16 മാസം വൈകിയ പ്രധാനമന്ത്രികാര്യാലയത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. സിബിഐ കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വന്നില്ലെന്നും പറഞ്ഞാണ് പ്രോസിക്യൂഷന്‍ തീരുമാനം വൈകിപ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. സിവിസി നിയമനത്തിനുശേഷം പ്രധാനമന്ത്രികാര്യാലയം സുപ്രീംകോടതിയില്‍നിന്ന് രൂക്ഷവിമര്‍ശം ഏറ്റുവാങ്ങുന്നത് രണ്ടാംവട്ടമാണ്.

    ReplyDelete