Thursday, February 2, 2012

മുല്ലപ്പെരിയാര്‍ തമിഴ്‌നാട്ടിലെ അണക്കെട്ടെന്ന് കേന്ദ്ര ജലകമ്മീഷന്‍

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തോട് അവഗണന തുടരുന്ന കേന്ദ്രസര്‍ക്കാര്‍ വീണ്ടും കേരളീയരുടെ ക്ഷമ പരീക്ഷിക്കുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്‌നാട്ടിലെ അണക്കെട്ടുകളില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ പട്ടിക പ്രസിദ്ധീകരിച്ചു.

മുല്ലപ്പെരിയാറിനു പുറമെ സമ്പൂര്‍ണമായി കേരളത്തിന്റെ ഉടമസ്ഥതയിലുള്ള പറമ്പിക്കുളം, തൂണക്കടവ്, പെരുവരിപ്പള്ളം എന്നീ ഡാമുകളും തമിഴ്‌നാടിന്റെ സ്വത്താണെന്നാണ് വാട്ടര്‍ കമ്മീഷന്റെ കീഴിലുള്ള ഡാം സേഫ്ടി ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ നാഷണല്‍ രജിസ്റ്റര്‍ ഫോര്‍ ലാര്‍ജ് ഡാംസ് എന്ന പട്ടികയില്‍ പറയുന്നത്. ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ സ്ഥിതിചെയ്യുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ എന്ന വസ്തുത മറച്ചുവച്ചാണ് സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. എണ്‍പതുകളുടെ തുടക്കം മുതല്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഗണിച്ചു വരുന്ന കേന്ദ്ര ജലകമ്മീഷന്‍ തമിഴ്‌നാട്ടിലെ 108 ഡാമുകളുടെ കൂട്ടത്തില്‍ മുല്ലപ്പെരിയാര്‍ അടക്കം നാല് കേരള ഡാമുകളെ ഉള്‍പ്പെടുത്തിയത് വിചിത്രവും ദുരൂഹവുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതിനിടെ, കേന്ദ്രസര്‍ക്കാരിന്റെ ഈ തെറ്റായ നടപടിക്കെതിരെ മുന്‍ എംപിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി സി തോമസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രാരംഭവാദം കേട്ട ആക്ടിംഗ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് നാലാഴ്ചക്കകം നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനും കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ക്കും ഉത്തരവ് നല്‍കി. കേരളത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്ന് പി സി തോമസ് കോടതിയില്‍ ബോധിപ്പിച്ചു.

janayugom 020212

1 comment:

  1. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തോട് അവഗണന തുടരുന്ന കേന്ദ്രസര്‍ക്കാര്‍ വീണ്ടും കേരളീയരുടെ ക്ഷമ പരീക്ഷിക്കുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്‌നാട്ടിലെ അണക്കെട്ടുകളില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ പട്ടിക പ്രസിദ്ധീകരിച്ചു.

    ReplyDelete