Monday, February 20, 2012

ഇടുക്കി പാക്കേജ്: 500 കോടി തട്ടാന്‍ നീക്കം

അഴിമതിയുടെ പേരില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ ഇടുക്കി പാക്കേജിന്റെ സ്‌പെഷല്‍ ഓഫീസറായി നിയമിക്കാന്‍ നീക്കം. കാര്‍ഷിക പാക്കേജില്‍ ക്ഷീരവികസനത്തിനായി അഞ്ഞൂറ് കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ നിയമിച്ച് ഈ തുക തിരിമറി നടത്താനുള്ള അണിയറ നീക്കത്തിലാണ് ഭരണനേതൃത്വം.

ക്ഷീര വികസന വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പേരാണ് സ്‌പെഷ്യല്‍ ഓഫീസര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുന്‍കാല പ്രവര്‍ത്തനങ്ങളുടെ പേരില്‍ വ്യാപകമായ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ഈ ഉദ്യോഗസ്ഥനെതിരെ ധനകാര്യവകുപ്പ് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് കണ്ടെത്തിയ ക്രമക്കേടുകളുടെ പേരില്‍ ഇപ്പോള്‍ അന്വേഷണം നടന്നുവരികയാണ്.  കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ തയ്യാറാക്കിയ പദ്ധതി കര്‍ഷകരിലെത്തിക്കാതെ ഉദ്യോഗസ്ഥരുടെ പോക്കറ്റിലൂടെ ഭരണ നേതൃത്വത്തില്‍ എത്തിച്ചേരുന്ന അവസ്ഥയായിരിക്കും ഇടുക്കി പാക്കേജിന് സംഭവിക്കാന്‍ പോകുന്ന ദുരന്തം. പശുഗ്രാം പദ്ധതിപ്രകാരം രണ്ട് പശുക്കള്‍ അടങ്ങുന്ന യൂണിറ്റുകള്‍ പത്ത് ഗുണഭോക്താക്കള്‍ നല്‍കുകയുണ്ടായി. എന്നാല്‍ പദ്ധതിപ്രകാരമുള്ള പശുക്കളോ നിശ്ചിത അളവനുസരിച്ചുള്ള തൊഴുത്തുകളോ ഉണ്ടായിരുന്നില്ല. ഈ ഇനത്തില്‍ 94500 രൂപയാണ് സര്‍ക്കാരിന് നഷ്ടം വരുത്തിവച്ചത്. രേഖപ്രകാരം പത്ത് ഗുണഭോക്താക്കള്‍ക്ക് പശുക്കളെ ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണസംഘം ഗുണഭോക്താക്കളുടെ വീട്ടില്‍ നേരിട്ട് അന്വേഷണം നടത്തിയപ്പോള്‍ പദ്ധതിപ്രകാരമുള്ള പശുക്കളും തൊഴുത്തുകളും ഇല്ലായിരുന്നു. പകരം കാലങ്ങളായി ക്ഷീരകര്‍ഷകരായ ഇവരുടെ പശുക്കളേയും തൊഴുത്തുകളുമാണ് ഉണ്ടായിരുന്നത്.

പശുഗ്രാം പദ്ധതിപ്രകാരം സംസ്ഥാനത്തെ പശുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടിയാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പശുക്കളെ വാങ്ങുന്നതിന് സബ്‌സിഡി അനുവദിച്ചിരുന്നത്. പശുഗ്രാം പദ്ധതിയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് അധികബാധ്യത വരുത്തി വച്ചതായും പരിശോധനയില്‍ കണ്ടെത്തി. പാലുല്‍പാദനം കുറഞ്ഞ പശുക്കളായതും രോഗങ്ങള്‍ മൂലം ചത്തുപോയതുമാണ് ബാധ്യത വരുത്തി വയ്ക്കുന്നതിന് ഇടയാക്കിയത്. കിടാരി വര്‍ഗത്തിലും പത്ത് പേര്‍ക്ക് ആനുകൂല്യം നല്‍കിയിരുന്നു. ഈ വീടുകളില്‍ കിടാരികളെ ഒന്നും കണ്ടെത്താനും കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതെല്ലാം ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പണം തട്ടുന്നതിനുവേണ്ടി ബോധപൂര്‍വ്വം ഉണ്ടാക്കിയ വീഴ്ചയുടെ ഫലമാണെന്ന് വ്യക്തമാണ്.

പശുഗ്രാം പദ്ധതി അനുസരിച്ചുള്ള വീടുകള്‍ എവിടെയാണെന്നുപോലും ഉദ്യോഗസ്ഥര്‍ക്ക് അറിവില്ല. വ്യക്തിപരമായി പരിചയമുള്ളവരുടെ പേരില്‍ പണം എഴുതിമാറ്റുന്നതിനുവേണ്ടി കണ്ടെത്തിയ ഗുണഭോക്താക്കളാണ് മിക്കതും. ഗുണഭോക്താക്കളുടെ പേരില്‍ അയച്ച കത്തുകള്‍ മേല്‍വിലാസക്കാരനെ അറിയില്ലെന്ന കുറിപ്പോടെ മടങ്ങുകയായിരുന്നു.ചിക്കന്‍ഗുനിയ ബാധിച്ച കര്‍ഷകര്‍ക്ക് നല്‍കുന്ന സഹായ ധനം വിതരണം നടത്തുന്നതിന് ഉദ്ഘാടന പരിപാടി നടത്തി അനധികൃതമായി പണം തട്ടിയതായും നിയുക്ത സ്‌പെഷ്യല്‍ ഓഫീസര്‍ക്കെതിരെ ആരോപണമുണ്ട്. 19170 രൂപയാണ് പിരിച്ചെടുത്ത് അനധികൃതമായി ചെലവാക്കിയത്. ഇത്തരത്തില്‍ 200 ഓളം ക്ഷീര സംഘങ്ങളില്‍ നിന്ന് പലതരത്തില്‍ അനധികൃതമായി പണം പിരിവ് ഉദ്യോഗസ്ഥര്‍ നടത്തിയിട്ടുണ്ട്.

ഗുരുതരമായ ക്രമക്കേടുകള്‍ അനുദിനം തുടരുന്ന ഉദ്യോഗസ്ഥനെ ഇടുക്കി പാക്കേജിന്റെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് പാക്കേജ് ഗുണകരമാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
( ടി എന്‍ സുനില്‍)

janayugom 200212

1 comment:

  1. അഴിമതിയുടെ പേരില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ ഇടുക്കി പാക്കേജിന്റെ സ്‌പെഷല്‍ ഓഫീസറായി നിയമിക്കാന്‍ നീക്കം. കാര്‍ഷിക പാക്കേജില്‍ ക്ഷീരവികസനത്തിനായി അഞ്ഞൂറ് കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ നിയമിച്ച് ഈ തുക തിരിമറി നടത്താനുള്ള അണിയറ നീക്കത്തിലാണ് ഭരണനേതൃത്വം.

    ReplyDelete