യു ഡി എഫ് സര്‍ക്കാരിന്റെ പാളിപ്പോയ ധനമാനേജ്‌മെന്റ് നയം സംസ്ഥാനത്തിന്റെ വികസനത്തിന് തിരിച്ചടിയാവുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 40 ദിവസം മാത്രം ബാക്കിനില്‍ക്കേ പദ്ധതി നിര്‍വഹണം പകുതിപോലുമെത്തിക്കാനാവാതെ വട്ടം കറങ്ങുകയാണ് തദ്ദേശസ്ഥാപനങ്ങള്‍. ഇത്തരമൊരു അനുഭവം മുമ്പൊരിക്കലും സംസ്ഥാനം നേരിട്ടിട്ടില്ല.
പദ്ധതി നിര്‍വഹണത്തിനായി ഗ്രാമപഞ്ചായത്തുകള്‍ ഇതുവരെ ചെലവിട്ടത് 38 മുതല്‍ 40 ശതമാനം വരെ തുക മാത്രമാണ്. മാര്‍ച്ച് 31 ന് മുമ്പ് ഇത് 50 ശതമാനത്തിലെങ്കിലും എത്തുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഖജനാവില്‍ നയാപൈസയില്ലെന്നാണ് കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രി കെ എം മാണിതന്നെ വിശദീകരിച്ചത്. ഇതനുസരിച്ചാണെങ്കില്‍ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണത്തില്‍ ഇനി പ്രതീക്ഷ പുലര്‍ത്തുന്നതുതന്നെ തെറ്റാണ്.
എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന കഴിഞ്ഞ സാമ്പത്തികവര്‍ഷം തദ്ദേശസ്ഥപനങ്ങളുടെ പദ്ധതി നിര്‍വഹണം ശരാശരി 75 മുതല്‍ 78 ശതമാനം വരെയായിരുന്നു. ഇത്തവണ ബ്ലോക്ക് പഞ്ചായത്തുകള്‍ 35 മുതല്‍ 48 ശതമാനം വരെ തുക ചെലവഴിച്ചപ്പോള്‍ ജില്ലാ പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണം ദയനീയമാണ്. ഇതുവരെ 32 ശതമാനത്തില്‍ താഴെയാണ് ജില്ലാ പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണം. മുനിസിപ്പാലിറ്റികളുടേയും കോര്‍പറേഷനുകളുടെയും ചിത്രം ഇതിലും മോശമാണ്. ഇന്നലെവരെയുള്ള കണക്കു പ്രകാരം മുനിസിപ്പാലിറ്റികള്‍ ശരാശരി 32 ശതമാനം വിഹിതം ചെലവിട്ടപ്പോള്‍ കോര്‍പറേഷനുകള്‍ ചെലവഴിച്ചത് 25 ശതമാനവും തുക മാത്രമാണ്.
പട്ടികജാതി-പട്ടികവര്‍ഗ വികസന ഫണ്ടിന്റെ വിനിയോഗത്തിലടക്കം ഇത്തവണ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പട്ടികജാതി വികസനഫണ്ടില്‍ 20 മുതല്‍ 25 ശതമാനവും പട്ടികവര്‍ഗ വികസന ഫണ്ടില്‍ 15 മുതല്‍ 20 ശതമാനവും വരെയാണ് വിനിയോഗം. ജനറല്‍ ഫണ്ടില്‍നിന്നുള്ള സഹായത്തില്‍ വന്‍ വെട്ടിക്കുറവിനായിരിക്കും ഈ മാന്ദ്യം ഇടവരുത്തുക.
തദ്ദേശസ്ഥാപനങ്ങള്‍ ഡിസംബറിനകം 60 ശതമാനം തുകയെങ്കിലും പദ്ധതികളുടെ നടത്തിപ്പിനായി ചെലവഴിച്ചിരിക്കണമെന്നാണ് ആസൂത്രണബോര്‍ഡ് നല്‍കിയിട്ടുള്ള നിര്‍ദേശം. എന്നാല്‍ പിന്നെയും രണ്ടുമാസം കഴിഞ്ഞിട്ടും ഈ നിര്‍ദ്ദേശം നടപ്പിലായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങള്‍കസ്‌ക് പദ്ധതി നടത്തിപ്പിനുള്ള പണം നീക്കിവയ്ക്കാന്‍ സര്‍ക്കാരിന് കഴിയാതായതോടെ ഇക്കാര്യത്തില്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ആസൂത്രണ ബോര്‍ഡ് ഇപ്പോള്‍.
തദ്ദേശ സ്ഥാപനങ്ങള്‍ മൂന്ന് മന്ത്രിമാരുടെ കീഴിലാക്കിയതയും ഈ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. പദ്ധതികളുടെ നടത്തിപ്പ് ഏകോപിപ്പിക്കാന്‍ വകുപ്പ് വിഭജനം തടസമായതാണ് പ്രധാന കാരണം. മൂന്ന് വകുപ്പുകളും സ്വന്തം ഇഷ്ടപ്രകാരം മുന്നോട്ട് പോകാനാണ് താത്പര്യം കാണിക്കുന്നത്. പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം എന്നിങ്ങനെയാണ് തദ്ദേശ സ്വയം ഭരണ വകുപ്പിനെ വെട്ടിമുറിച്ചത്. മൂന്നുവകുപ്പിനും മൂന്ന് മന്ത്രിമാര്‍കൂടി ആയതോടെ എല്ലാം പാളം തെറ്റുകയായിരുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് തദ്ദേശഭരണ മന്ത്രി അധ്യക്ഷനായി കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി കൃത്യമായി നിരീക്ഷണം നടത്തിയിരുന്നതിനാല്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ വേഗം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. മന്ത്രിയുടെ അധ്യക്ഷതയില്‍ മേഖലജില്ലാതല യോഗങ്ങള്‍ ചേര്‍ന്നാണ്് പദ്ധതി പ്രവര്‍ത്തനം വിലയിരുത്തിയിരുന്നത്.
ഈ സംവിധാനം ഇപ്പോഴില്ല. വകുപ്പ് മൂന്നായി വെട്ടിമുറിച്ചമതാടെയാണ് മോണിറ്ററിംഗിനുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റി ഇല്ലാതായത്. മൂന്ന് മന്ത്രിമാരെയും ചേര്‍ത്ത് ഏറെ വൈകി കമ്മിറ്റി പുനഃസംഘടിപ്പിച്ചെങ്കിലും അതിന്റെ പ്രവര്‍ത്തനം കടലാസില്‍ ഒതുങ്ങി.
കോര്‍പറേഷനുകളുടെയും ജില്ലാ പഞ്ചായത്തുകളുടെയും പദ്ധതികളുടെ അംഗീകാരത്തിന് ഉപദേശം നല്‍കേണ്ട സംസ്ഥാനതല സാങ്കേതിക ഉപദേശക സമിതി (എസ് എല്‍ ടി എ ജി) വൈകിയെങ്കിലും പുനഃസംഘടിപ്പിക്കാന്‍ യു ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞില്ല. ഒരു പദ്ധതിക്ക് അംഗീകാരം വാങ്ങേണ്ടത് ഏത് വകുപ്പില്‍നിന്നാണെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇനിയും അറിവില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
janayugom 200212
യു ഡി എഫ് സര്‍ക്കാരിന്റെ പാളിപ്പോയ ധനമാനേജ്‌മെന്റ് നയം സംസ്ഥാനത്തിന്റെ വികസനത്തിന് തിരിച്ചടിയാവുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 40 ദിവസം മാത്രം ബാക്കിനില്‍ക്കേ പദ്ധതി നിര്‍വഹണം പകുതിപോലുമെത്തിക്കാനാവാതെ വട്ടം കറങ്ങുകയാണ് തദ്ദേശസ്ഥാപനങ്ങള്‍. ഇത്തരമൊരു അനുഭവം മുമ്പൊരിക്കലും സംസ്ഥാനം നേരിട്ടിട്ടില്ല.
ReplyDelete