കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യസെല്‍ രൂപീകൃതമായ നഗരം, തൊഴിലാളികളുടെ സമ്മേളനം ആദ്യം നടന്ന നഗരം, ചെങ്കൊടിയേന്തി തൊഴിലാളിപ്രകടനം നടന്ന ഇന്ത്യയിലെ തന്നെ ആദ്യ തെരുവുകളിലൊന്ന്...കോഴിക്കോടിന്റെ പ്രബുദ്ധ രാഷ്ട്രീയാഭിമുഖ്യത്തിന് ചരിത്രപ്രാധാന്യമേറെ. എന്നാല്‍ ഇന്ത്യയില്‍ റഷ്യന്‍ സോഷ്യലിസ്റ്റ് വിപ്ലവത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് തൊഴിലാളികള്‍ അണിനിരന്ന റാലി നടന്ന നഗരമെന്ന സാര്‍വദേശീയ പ്രശസ്തിയും മലബാറിന്റെ രാഷ്ട്രീയ തലസ്ഥാനമായ കോഴിക്കോടിനുണ്ട്. കോഴിക്കോടിന്റെ ഈ തൊഴിലാളി രാഷ്ട്രീയ പ്രബുദ്ധതയുടെ ഉശിരന്‍ കഥകള്‍ തുറന്നുവയ്ക്കുകയാണ് ചരിത്രപ്രദര്‍ശനം. ആദ്യകാല ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ , സംഘടനകള്‍ , നേതാക്കള്‍ എന്നിവരെപ്പറ്റിയുള്ള വിവരങ്ങള്‍ , വിശദാംശങ്ങള്‍ എന്നിവ പ്രദര്‍ശനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയറയിലും ഫറോക്കിലും തിരുവണ്ണൂരിലുമായി തൊഴിലാളി സംഘടന ഊടുംപാവും നെയ്ത് വളര്‍ന്നതും കൃഷ്ണപിള്ളയും എകെജിയും അതിന്റെ നായകരായി നേതൃത്വം നല്‍കിയതും മറ്റും. ത്യാഗത്തിന്റെ, സഹനത്തിന്റെ വഴികളിലൂടെ കോഴിക്കോടന്‍ ജനത സംഘടിതപ്രസ്ഥാനത്തിന്റെ ചുകന്നധാരയിലേക്ക് നടന്നുകയറിയതിന്റെ അനുഭവങ്ങള്‍ വായിക്കാനും കാണാനും പ്രദര്‍ശനം സഹായിക്കും.
1917 നവംബറിലാണ് ഭൂഖണ്ഡങ്ങള്‍ക്കപ്പുറം തൊഴിലെടുക്കുന്നവന്റെ നവലോകസ്വപ്നം സോവിയറ്റ് യൂണിയനില്‍ ചുകന്നസൂര്യനായുദിച്ചുയര്‍ന്നത്. ഒക്ടോബര്‍ വിപ്ലവം വിജയിച്ചതറിഞ്ഞ കോഴിക്കോട്ടെ തൊഴിലാളി പ്രവര്‍ത്തകരും നാട്ടുകാരും 1917 നവംബറില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ യോഗം ചേര്‍ന്നാണ്് ആഹ്ലാദം പ്രകടിപ്പിച്ചത്. ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിപ്ലവകൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കുന്ന സിപിഐ എമ്മിന്റെ ദേശീയസമ്മേളനത്തിന് ആതിഥ്യമേകുന്നതിലൂടെ കോഴിക്കോടിന്റെ തിളച്ചുമറിഞ്ഞ ഇന്നലെകളും നമുക്ക് കാണാം, അനുഭവിക്കാം, ടൗണ്‍ഹാളിനടുത്ത പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തൊരുക്കിയ ചരിത്രപ്രദര്‍ശനത്തിലൂടെ. മാര്‍ച്ച് അഞ്ചിന് പ്രദര്‍ശനത്തിന് തിരശീല ഉയരും.
പഴയകാല സഖാക്കളുടെ സംഗമം മാര്‍ച്ച് 20ന്
മാര്‍ച്ച് 20ന് പഴയകാല സഖാക്കളുടെ സംഗമം കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടത്തും. സംഗമം വിജയിപ്പിക്കാന്‍ സംഘാടകസമിതി രൂപീകരിച്ചു. എന്‍ജിഒ യൂണിയന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ടി ജില്ലാ സെക്രട്ടറിയറ്റംഗം ടി പി ബാലകൃഷ്ണന്‍നായര്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറിയറ്റംഗം കെ ചന്ദ്രന്‍ സംസാരിച്ചു. മാമ്പറ്റ ശ്രീധരന്‍ സ്വാഗതവും കാനങ്ങോട്ട് ഹരിദാസന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടി പി ബാലകൃഷ്ണന്‍നായര്‍ (ചെയര്‍മാന്‍), പി ലക്ഷ്മണന്‍ , കെ മാനുക്കുട്ടന്‍ , എ രാഘവന്‍ (വൈസ് ചെയര്‍മാന്മാര്‍), മാമ്പറ്റ ശ്രീധരന്‍ , ടി വേലായുധന്‍ , ആര്‍ പി ഭഭാസ്കരന്‍ , ടി വിശ്വനാഥന്‍ (ജോ. കണ്‍വീനര്‍മാര്‍). കാനങ്ങോട്ട് ഹരിദാസന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
മുന്‍ നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കും
പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി മാര്‍ച്ച് 19ന് മുന്‍കാല നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കും. വനിതാസംഗമവും സംഘടിപ്പിക്കും. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടത്തുന്ന സംഗമം വിജയിപ്പിക്കാന്‍ സംഘാടകസമിതി രൂപീകരിച്ചു. എന്‍ ജി ഒ യൂണിയന്‍ ഹാളില്‍ ചേര്‍ന്ന യോഗം പാര്‍ടി ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മിറ്റി അംഗം അഡ്വ. പി സതീദേവി അധ്യക്ഷയായി. എം കെ നളിനി സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍ : എം ഭാസ്കരന്‍ (ചെയര്‍മാന്‍) കെ കെ ലതിക, സി കെ രേണുകാദേവി, ബി പ്രസന്ന, ടി വി ലളിതപ്രഭ, പാണൂര്‍ തങ്കം, ജാനമ്മ കുഞ്ഞുണ്ണി, എം ലക്ഷ്മി, അയിഷാബി, ഭാഗ്യലക്ഷ്മി (വൈസ് ചെയര്‍മാന്മാര്‍) എന്‍ കെ രാധ (കണ്‍വീനര്‍) എം കെ നളിനി, എം എം പത്മാവതി, സത്യഭാമ, തങ്കം, സതി, ബീന, സുജാത കൂടത്തിങ്കല്‍ , പി സൗദാമിനി, സുജാ അശോകന്‍ (ജോ. കണ്‍വീനര്‍മാര്‍).
deshabhimani 190212

No comments:
Post a Comment