Sunday, February 19, 2012

ക്ഷേത്രഘോഷയാത്ര കൈയേറിയ പൊലീസിനെതിരെ നടപടി വേണം: സിപിഐ എം

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വഴിയൊരുക്കാന്‍ തൂണേരിയില്‍ ക്ഷേത്രഘോഷയാത്ര കൈയേറി ഉത്സവസ്ഥലത്തേക്ക് ഗ്രനേഡ് പ്രയോഗിച്ച് നാട്ടുകാരെയും വിശ്വാസികളെയും ആക്രമിച്ച പൊലീസിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഉത്സവം നടക്കുന്ന ക്ഷേത്രവളപ്പിലേക്ക് ടിയര്‍ഗ്യാസും ഗ്രനേഡും പ്രയോഗിച്ച പൊലീസ് നടപടി അങ്ങേയറ്റം അപലപനീയമാണ്. വിശ്വാസികളടക്കമുള്ള നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പ്രശ്നം അന്വേഷിക്കാതെ കടന്നുപോയ മുഖ്യമന്ത്രിയുടെ ശൈലി തികച്ചും ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യ സമൂഹത്തെ വെല്ലുവിളിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

മുഖ്യമന്ത്രി കണ്ണൂരില്‍നിന്ന് പേരാമ്പ്രയിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ക്ഷേത്രഘോഷയാത്രക്കെതിരെ നാദാപുരം എസ്ഐ ജീവന്‍തോമസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കടന്നാക്രമണം നടത്തിയത്. ചുരുക്കം പേരേ ഘോഷയാത്രയിലുണ്ടായിരുന്നുള്ളു. വീതികൂടിയ നാദാപുരം-കണ്ണൂര്‍ എയര്‍പോര്‍ട്ട് റോഡരികിലൂടെ ഗതാഗത തടസ്സമുണ്ടാക്കാതെ പോകുമ്പോള്‍ പൊലീസ് ബോധപൂര്‍വം തടഞ്ഞുനിര്‍ത്തി കുഴപ്പമുണ്ടാക്കുകയായിരുന്നു. പൊലീസ് കടന്നാക്രമണത്തില്‍ ഘോഷയാത്രയിലെ കലശത്തട്ട് റോഡില്‍ വീണുടഞ്ഞു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളും തടിച്ചുകൂടിയ ഉത്സവസ്ഥലത്തേക്ക് ഡസനിലധികം ഗ്രനേഡുകളും ടിയര്‍ഗ്യാസ് ഷെല്ലുകളും പ്രയോഗിച്ചു. കൂട്ടനിലവിളിയുമായി സ്ത്രീകളും കുട്ടികളുമെല്ലാം ചിതറിയോടുന്നതിനിടയിലൂടെയാണ് മുഖ്യമന്ത്രി കടന്നുപോയത്. പൊലീസിന്റെ അതിക്രമത്തിലും മുഖ്യമന്ത്രി കാട്ടിയ തെറ്റായ നടപടിയിലും ജനാധിപത്യ-മതേതര വിശ്വാസികളെല്ലാം പ്രതിഷേധിക്കണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

deshabhimani 190212

1 comment:

  1. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വഴിയൊരുക്കാന്‍ തൂണേരിയില്‍ ക്ഷേത്രഘോഷയാത്ര കൈയേറി ഉത്സവസ്ഥലത്തേക്ക് ഗ്രനേഡ് പ്രയോഗിച്ച് നാട്ടുകാരെയും വിശ്വാസികളെയും ആക്രമിച്ച പൊലീസിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഉത്സവം നടക്കുന്ന ക്ഷേത്രവളപ്പിലേക്ക് ടിയര്‍ഗ്യാസും ഗ്രനേഡും പ്രയോഗിച്ച പൊലീസ് നടപടി അങ്ങേയറ്റം അപലപനീയമാണ്. വിശ്വാസികളടക്കമുള്ള നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പ്രശ്നം അന്വേഷിക്കാതെ കടന്നുപോയ മുഖ്യമന്ത്രിയുടെ ശൈലി തികച്ചും ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യ സമൂഹത്തെ വെല്ലുവിളിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

    ReplyDelete