Thursday, February 23, 2012

ടൈറ്റാനിയം കേസില്‍ കോടതിയുടെ അന്ത്യശാസനം

ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ടതായി ആരോപണമുള്ള ടൈറ്റാനിയം അഴിമതി കേസില്‍ നാലു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി വേണമെന്ന ആവശ്യം കോടതി തള്ളി. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും സമയം നീട്ടി ചോദിച്ചിരുന്നു. തന്നെ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടില്ലെന്നും രേഖകളൊന്നും അവര്‍ വാങ്ങുന്നില്ലെന്നും വാദിക്കാരന്‍ പറഞ്ഞു. വാദിയില്‍ നിന്ന് വ്യാഴാഴ്ച തന്നെ മൊഴിയെടുക്കാന്‍ കോടതി ഉത്തരവിട്ടു. മൂന്നു രേഖകള്‍ വാദി കോടതിയില്‍ നല്‍കി. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കേസ് ജൂണ്‍ 25ലേക്ക് മാറ്റി. ടൈറ്റാനിയം നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് 100 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.

പാമോയില്‍ : വി എസിന്റെ ഹര്‍ജി മാര്‍ച്ച് 24ന് പരിഗണിക്കും

പാമോയില്‍ കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. തുടരന്വേഷണ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടികള്‍ക്കായി കേസ് മാര്‍ച്ച് 24 ലേക്കു മാറ്റി. അന്നു തന്നെ വി എസിന്റെ ഹര്‍ജിയിലും വാദം കേള്‍ക്കും. ഈ ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിച്ചതിനുശേഷമേ തുടരന്വേഷണ റിപ്പോര്‍ട്ടില്‍മേല്‍ കോടതി തീരുമാനമെടുക്കു. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ട് തള്ളണമെന്ന് വി എസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തുടരന്വേഷണ റിപ്പോര്‍ട്ട് സ്വീകരിച്ചാല്‍ ഉമ്മന്‍ചാണ്ടിക്കു പുറമേ മറ്റു പ്രതികളും രക്ഷപ്പെടുമെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നും വി എസ് ഹര്‍ജിയില്‍ ബോധിപ്പിച്ചു. കേസിലെ ഏഴു പ്രതികളില്‍ അഞ്ചാംപ്രതി ജിജി തോംസണ്‍ മാത്രമേ കോടതിയില്‍ ഹാജരായുള്ളു. മുന്‍മന്ത്രി ടിഎച്ച് മുസ്തഫയടക്കമുള്ള പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരാണ് ഹാജരായത്. വി എസിനുവേണ്ടി അഡ്വ: ഊദ് ഹാജരായി. തന്നോട് ആലോചിക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ആരോപിച്ച് കേസിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യട്ടര്‍ പി എ അഹമ്മദ് രാജിവച്ചിരുന്നു.

deshabhimani news

1 comment:

  1. ഉമ്മന്‍ചാണ്ടി ഉള്‍പ്പെട്ടതായി ആരോപണമുള്ള ടൈറ്റാനിയം അഴിമതി കേസില്‍ നാലു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി വേണമെന്ന ആവശ്യം കോടതി തള്ളി.

    ReplyDelete