2008-ല്‍ ചിന്നക്കനാലില്‍ നിന്നും കാട്ടാനകളുടെ ശല്യം മൂലം പെരിഞ്ചാന്‍കുട്ടിയില്‍ കുടിയേറിയവരും മറ്റ് ആദിവാസികളുമായ കുടുംബങ്ങള്‍ താമസിക്കുന്ന 210 കുടിലുകള്‍ ഫോറസ്റ്റ്-പോലീസ്-റവന്യൂ ഉദ്യോഗസ്ഥന്മാര്‍ ചേര്‍ന്ന് നശിപ്പിക്കുകയും ആഭരണങ്ങളും പണവും കൊള്ള ചെയ്യുകയും അവിടെ സ്ഥാപിച്ചിരുന്ന ക്രിസ്ത്യന്‍ പള്ളിയും ഹിന്ദു ക്ഷേത്രവും തകര്‍ക്കുകയും ചെയ്ത അത്യന്തം ക്രൂരമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം എല്‍ .ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ , സി.പി.ഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി തുടങ്ങിയ നേതാക്കള്‍ക്കൊപ്പം സംഭവസ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് ആദിവാസികള്‍ക്കെതിരായി നടത്തിയ സര്‍ക്കാരിന്റെ ക്രൂരത നേരില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. കെഎസ്ഇബി, ജലവൈദ്യുതപദ്ധതി നടപ്പിലാക്കുന്നതിന് അനുയോജ്യമല്ലെന്ന് കണ്ടതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയും ഈ പ്രദേശം ഭൂമിയില്ലാത്തവര്‍ക്ക് പട്ടയം നല്‍കാവുന്നതാണ് എന്നു പറഞ്ഞ് 27.03.2011-ല്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് കെഎസ്ഇബി തിരിച്ചു നല്‍കിയ റവന്യൂ ഭൂമിയാണിത്.
എല്‍ .ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്താണ് ആദിവാസി കുടുംബങ്ങള്‍ ഇവിടെ കുടില്‍ കെട്ടി താമസം ആരംഭിച്ചത്. 2012 ജനുവരിയില്‍ ജസ്റ്റിസ് സിരിജഗന്റെ ഉത്തരവ് പ്രകാരം കുടിയേറി താമസിക്കുന്നവര്‍ക്ക് പകരം സംവിധാനം നല്‍കിക്കൊണ്ടു മാത്രമേ ഒഴിപ്പിക്കാന്‍ പാടുള്ളൂവെന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഹൈക്കോടതി വിധി ലംഘിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ കുടിയൊഴിപ്പിക്കല്‍ നടത്തിയത്.
19 സ്ത്രീകളെയും 46 പുരുഷന്മാരെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും ദേവികുളം സബ്ജയിലിലുമായി റിമാന്റ് ചെയ്തിരിക്കുകയാണ്. ആദിവാസികള്‍ക്ക് ജാമ്യം പോലും കൊടുക്കാന്‍ പറ്റില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സ്കൂള്‍ കുട്ടികളുടെ പുസ്തകങ്ങളെല്ലാം നശിപ്പിച്ചതിനാല്‍ കുട്ടികളുടെ പഠനം മുടങ്ങിയിരിക്കുകയാണ്. ജയിലിലാക്കപ്പെട്ടവര്‍ക്കു പുറമെ 500-ഓളം സ്ത്രീ-പുരുഷന്മാര്‍ പട്ടിണിയിലും, രോഗാവസ്ഥയിലുമായി കുടിവെള്ളം പോലും നിഷേധിക്കപ്പെട്ട് വനത്തില്‍ കിടന്നുറങ്ങുന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്.
ഭൂമിക്ക് അര്‍ഹതയുള്ളവരാണ് ഇവിടെയുള്ള കുടിയേറ്റക്കാരില്‍ മഹാഭൂരിപക്ഷം പേരും. അവര്‍ക്ക് പകരം ഭൂമി നല്‍കുന്നതുവരെ പെരിഞ്ചാംകുട്ടിയില്‍ തന്നെ താമസിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചെയ്തുകൊടുക്കണം. ഇടുക്കിയിലെ വന്‍കിട കയ്യേറ്റക്കാര്‍ക്കെല്ലാം നോട്ടീസ് കൊടുത്ത് കുടിയൊഴിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ , ഹൈക്കോടതി കുടിയൊഴിപ്പിക്കാന്‍ പാടില്ലെന്നു പറഞ്ഞ ആദിവാസി കുടുംബങ്ങളെ ഒരു മുന്നറിയിപ്പുപോലും നല്‍കാതെയാണ് 600-ഓളം പോലീസ്-ഫോറസ്റ്റ്-റവന്യൂ ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ച് ഇറക്കിവിട്ടിരിക്കുന്നത്.
deshabhimani news
ഇടുക്കിയിലെ പെരിഞ്ചാന്‍കുട്ടിയില്‍ 210 ആദിവാസി കുടുംബങ്ങളെ പോലീസ്-ഫോറസ്റ്റ്-റവന്യൂ ഉദ്യോഗസ്ഥന്മാര്‍ ചേര്‍ന്ന് 2012 ഫെബ്രുവരി 10-ന് കുടിയൊഴിപ്പിച്ച സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്നും കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ കത്തില്‍ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ReplyDelete