Tuesday, February 14, 2012

ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞ് കലിക്കറ്റില്‍ വി സിയുടെ ധൂര്‍ത്ത്

കലിക്കറ്റ് സര്‍വകലാശാലയില്‍ ജീവനക്കാരുടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന വൈസ്ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാം നയിക്കുന്നത് ധൂര്‍ത്തും ആര്‍ഭാടവും നിറഞ്ഞ ജീവിതം. കഴിഞ്ഞ ആഗസ്ത് 13ന് പദവി ഏറ്റെടുത്ത് രണ്ടു മാസത്തിനകം വി സി സ്വന്തം ആവശ്യങ്ങള്‍ക്ക് സര്‍വകലാശാലാ ഖജനാവില്‍നിന്ന് ചെലവഴിച്ചത് മുപ്പത് ലക്ഷത്തോളം രൂപയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജീവനക്കാരുടെ അര്‍ഹമായ പ്രൊമോഷന്‍ നിഷേധിച്ചും പ്രൊബേഷന്‍ കാലം നീട്ടിയുമുള്‍പ്പെടെ വിവാദ നടപടി തുടരുന്നതിനിടെയാണ് ഒരു മാനദണ്ഡവും കീഴ്വഴക്കവും നോക്കാതെ വി സി ലക്ഷങ്ങള്‍ ചെലവഴിക്കുന്നത്.

വി സിയുടെ ബംഗ്ലാവ് മോടികൂട്ടാന്‍ അഞ്ചുലക്ഷം രൂപയാണ് ചെലവഴിച്ചത്. 72,252 രൂപയ്ക്ക് വീട്ടുസാധനങ്ങളും 76, 610 രൂപയ്ക്ക് ഫര്‍ണിച്ചറും വാങ്ങി. ബംഗ്ലാവിലെ ഇലക്ട്രിക്കല്‍ അറ്റകുറ്റപ്പണിക്ക് ഒരു ലക്ഷം രൂപ ചെലവിട്ടു. ബംഗ്ലാവിന് ചുറ്റുമുള്ള സ്ഥലം മോടികൂട്ടാന്‍ ആറുലക്ഷം രൂപയും. 12,000 രൂപ ചെലവിട്ട് ബംഗ്ലാവിലെ മരങ്ങള്‍ മുറിച്ചുമാറ്റി. 4000 രൂപയ്ക്ക് നെയിം ബോര്‍ഡും സ്ഥാപിച്ചു. വി സി ഉള്‍പ്പെടെ മൂന്നുപേര്‍മാത്രം താമസിക്കുന്ന ബംഗ്ലാവിലാണ് ഈ ധൂര്‍ത്ത്. എട്ടുലക്ഷം രൂപ വിലമതിക്കുന്ന ഫോര്‍ഡ് ഫിയറ്റ് കാര്‍ ഉണ്ടായിരിക്കെ 12.5 ലക്ഷം രൂപയ്ക്ക് ടയോട്ട ഇന്നോവ വാങ്ങി. 1,35,000 രൂപയ്ക്ക് മൂന്ന് എല്‍ഇഡി ടിവി വാങ്ങി. രണ്ടെണ്ണം വീട്ടിലും ഒന്ന് ഓഫീസ് മുറിയിലും സ്ഥാപിച്ചു. 50,350 രൂപയ്ക്ക് ലാപ്ടോപ്പും 15,000 രൂപയ്ക്ക് മൊബൈല്‍ ഫോണും 2100 രൂപയ്ക്ക് കോഡ്ലെസ് ഫോണും വാങ്ങി. 1,59,195 രൂപയാണ് കംപ്യൂട്ടറും അനുബന്ധ സാമഗ്രികളും വാങ്ങാന്‍ ചെലവിട്ടത്. പുതിയ പ്രിന്റര്‍ (19,950), സ്കാനര്‍ (3610), ഫാക്സ് മെഷീന്‍ (18,800)എന്നിങ്ങനെ പോകുന്നു ചുരുങ്ങിയ കാലത്തിനുള്ളില്‍ വിസി വാങ്ങിക്കൂട്ടിയ ഉപകരണങ്ങളുടെ കണക്ക്.

വി സിക്ക് വ്യായാമത്തിനും സര്‍വകലാശാലാ ഫണ്ടില്‍നിന്ന് പണം ചെലവഴിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. 44,000 രൂപയ്ക്കാണ് ട്രെഡ് മില്‍ വാങ്ങിയത്. ചോക്ലേറ്റ്, അണ്ടിപ്പരിപ്പ് എന്നിവയ്ക്കും ചെലവാക്കിയത് പൊതുഫണ്ടുതന്നെ. ഒക്ടോബര്‍ മൂന്നുമുതല്‍ അഞ്ചുവരെ മൂന്ന് ദിവസത്തേക്ക് അണ്ടിപ്പരിപ്പിന് ചെലവിട്ടത് 2900 രൂപയാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സാന്‍ഡ്വിച്ച് മേക്കര്‍ , മിക്സി, മൈക്രോവേവ് ഓവന്‍ , വെറ്റ് ഗ്രൈന്‍ഡര്‍ , ചപ്പാത്തി മേക്കര്‍ , ഓവന്‍ ടോസ്റ്റര്‍ , ഗ്രില്ലര്‍ , ഫ്രഷ് ജ്യൂസര്‍ തുടങ്ങിയവ വാങ്ങാനും നല്ലൊരു തുക ചെലവഴിച്ചിട്ടുണ്ട്.

വി സിയുടെ സുരക്ഷയ്ക്കും സര്‍വകലാശാലാ ഫണ്ടില്‍നിന്ന് വന്‍ തുകയാണ് ചെലവഴിക്കുന്നത്. തന്റെ ഓഫീസിലും ബംഗ്ലാവിലും യാത്രയിലും സെക്യൂരിറ്റി ജീവനക്കാരുടെ സുരക്ഷ വേണമെന്നാണ് വി സിയുടെ ഉത്തരവ്. വി സി പോകുന്നിടത്തെല്ലാം സര്‍വകലാശാലാ വാഹനത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍ എസ്കോര്‍ട്ട് പോവുകയാണ്. എസ്കോര്‍ട്ട് വാഹനത്തിനുള്‍പ്പെടെ ആയിരങ്ങളാണ് മിക്ക ദിവസങ്ങളിലും ചെലവാകുന്നത്. ഇതിനുപുറമെയാണ് 40 പൊലീസുകാരുടെ സുരക്ഷ ആവശ്യപ്പെട്ട് വി സി ഹൈക്കോടതിയെ സമീപിച്ചത്. സര്‍വകലാശാലയില്‍ ജീവനക്കാര്‍ നടത്തുന്ന സമരം ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നാണ് വി സിയുടെ കണ്ടെത്തല്‍ . വി സിയുടെ ഹര്‍ജിയില്‍ കോടതി അനുകൂല വിധിയും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കേസിന്റെയും പൊലീസ് സംരക്ഷണത്തിന്റെയും ചെലവും വഹിക്കേണ്ടത് സര്‍വകലാശാലതന്നെ.

കഴിഞ്ഞ ഒക്ടോബര്‍ വരെ സര്‍വകലാശാലാ എക്സ്പെന്‍ഡീച്ചര്‍ വിഭാഗത്തിന് വി സിയുടെ ഓഫീസ് സമര്‍പ്പിച്ച കണക്കാണ് ഇത്. നാലുമാസംകൂടി പിന്നിട്ടതോടെ ചെലവില്‍ വന്‍ വര്‍ധനയുണ്ടാകാനാണ് സാധ്യത.

deshabhimani 140212

1 comment:

  1. കലിക്കറ്റ് സര്‍വകലാശാലയില്‍ ജീവനക്കാരുടെ അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന വൈസ്ചാന്‍സലര്‍ ഡോ. എം അബ്ദുള്‍ സലാം നയിക്കുന്നത് ധൂര്‍ത്തും ആര്‍ഭാടവും നിറഞ്ഞ ജീവിതം. കഴിഞ്ഞ ആഗസ്ത് 13ന് പദവി ഏറ്റെടുത്ത് രണ്ടു മാസത്തിനകം വി സി സ്വന്തം ആവശ്യങ്ങള്‍ക്ക് സര്‍വകലാശാലാ ഖജനാവില്‍നിന്ന് ചെലവഴിച്ചത് മുപ്പത് ലക്ഷത്തോളം രൂപയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജീവനക്കാരുടെ അര്‍ഹമായ പ്രൊമോഷന്‍ നിഷേധിച്ചും പ്രൊബേഷന്‍ കാലം നീട്ടിയുമുള്‍പ്പെടെ വിവാദ നടപടി തുടരുന്നതിനിടെയാണ് ഒരു മാനദണ്ഡവും കീഴ്വഴക്കവും നോക്കാതെ വി സി ലക്ഷങ്ങള്‍ ചെലവഴിക്കുന്നത്.

    ReplyDelete