Tuesday, February 14, 2012

പിരിച്ചുവിട്ടത് രാജ്യത്തെ മികച്ച ബാങ്ക്

തൃശൂര്‍ : രാജ്യത്തെ മികച്ച സഹകരണബാങ്കുകളിലൊന്നായി വളര്‍ന്ന ജില്ലാ സഹകരണബാങ്കിനെ പിരിച്ചുവിട്ടതില്‍ രാഷ്ട്രീയഭേദമെന്യേ സഹകാരികളില്‍ പ്രതിഷേധം. എല്‍ഡിഎഫ് ഭരണസമിതിയുടെ ആസൂത്രണം ജില്ലാ സഹകരണബാങ്കിന് ഉണ്ടാക്കിയത് വന്‍ നേട്ടങ്ങളാണ്. ഈ ഭരണസമിതി അധികാരത്തില്‍ വരുമ്പോള്‍ 1200 കോടി രൂപ ഡെപ്പോസിറ്റ് ഉണ്ടായിരുന്നത് ഇപ്പോള്‍ 2180 കോടിയായി ഉയര്‍ന്നു. കുടിശ്ശിക 15 ശതമാനമാക്കി കുറയ്ക്കാനും കഴിഞ്ഞു. എല്‍ഡിഎഫ് ഭരണസമിതി കഴിഞ്ഞ വര്‍ഷങ്ങളില്‍ 20 ശതമാനം വീതം ലാഭവിഹിതം നല്‍കിയിരുന്നു. ഈ വര്‍ഷം 25ശതമാനം നല്‍കാനാണ് തീരുമാനിച്ചത്. കുതിപ്പിന്റെ വര്‍ഷങ്ങളായിരുന്നു ജില്ലാ സഹകരണബാങ്കിന് എല്‍ഡിഎഫ് ഭരണകാലം. സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കി ബാങ്കിങ് രംഗത്തെ ആധുനികവല്‍ക്കരിച്ചു. 22 പുതിയ ശാഖകള്‍ ആധുനിക സൗകര്യങ്ങളോടെ ആരംഭിച്ചു. കോര്‍ബാങ്കിങ് നടപ്പാക്കി. 30 എടിഎം കൗണ്ടറുകള്‍ സ്ഥാപിച്ചു. ഇന്റര്‍നെറ്റ് ബാങ്കിങ്, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, തുടങ്ങി ബാങ്കിങ് രംഗത്തെ വിവരസാങ്കേതികവിദ്യയുടെ സദ്ഫലങ്ങള്‍ ഇടപാടുകാര്‍ക്ക് നല്‍കാന്‍ ബാങ്കിനായി. മാര്‍ച്ചില്‍ മൊബൈല്‍ ബാങ്കിങ് ആരംഭിക്കാനിരിക്കയായിരുന്നു. നാഷണല്‍ ഫൈനാന്‍സ് സ്വിച്ചില്‍ രജിസ്റ്റര്‍ ചെയ്തതുവഴി രാജ്യത്തെ 98000 എടിഎം കൗണ്ടറുകളില്‍ നിന്ന് ജില്ലാ ബാങ്കിന്റെ ഇടപാടുകാര്‍ക്ക് പണമെടുക്കാനുള്ള സൗകര്യവും ഉണ്ടാക്കി. ഓരോ വര്‍ഷത്തെയും ലാഭം മാത്രമെടുത്താണ് വികസനം നടപ്പിലാക്കിയത്.

യുഡിഎഫ് ഭരണസമിതി കടലാസ് സംഘങ്ങള്‍ രൂപീകരിച്ച് പണം കടമെടുത്ത വകയില്‍ 88സംഘങ്ങളുടെ ഒമ്പതു കോടി രൂപയാണ് "ആശ്വാസ് 2011" അനുസരിച്ച് എഴുതിത്തള്ളിയത്. കഴിഞ്ഞ ഭരണസമിതി വായ്പ നല്‍കി തിരിച്ചുപിടിക്കാതിരുന്ന കേച്ചേരി പ്രിയദര്‍ശിനി ആശുപത്രിയുടെ 50 സെന്റ് ഭൂമിയും അത്താണി കാര്‍ത്തിക മില്ലിന്റെ ആറേക്കറും വാഴാനി സ്പിന്നിങ് മില്ലിന്റെ പത്തേക്കറും ജപ്തി ചെയ്യാനും വായ്പാ കുടിശ്ശിക നികത്താനും കഴിഞ്ഞു. ജോയിന്റ് രജിസ്ട്രാറുടെ ചുമതലയുള്ള ഡെപ്യൂട്ടി രജിസ്ട്രാര്‍ പുലര്‍ച്ചെ നാലരയോടെ കോണ്‍ഗ്രസ് അനുകൂലസംഘടനയില്‍ പ്പെട്ട ജീവനക്കാരുടെ സഹായത്തോടെയാണ് ഓഫീസില്‍ കയറിപ്പറ്റിയത്.

യുഡിഎഫ് കണ്ണുവയ്ക്കുന്നത് സഹ.ബാങ്ക് നിക്ഷേപം: എ സി മൊയ്തീന്‍

തൃശൂര്‍ : സഹകരണബാങ്കുകളിലെ നിക്ഷേപത്തില്‍ കണ്ണുവച്ചാണ് തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് ഭരണസമിതികളെ യുഡിഎഫ് പിരിച്ചുവിട്ടതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ പറഞ്ഞു. ജില്ലാ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിനു മുന്നില്‍ നടത്തിയ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടലാസുസംഘങ്ങളെ ഉപയോഗിച്ച് ജില്ലാ ബാങ്കുകളെ കൊള്ളയടിക്കാനാണ് യുഡിഎഫ് നീക്കം. കോര്‍പറേഷന്‍ , ബോര്‍ഡ് വിഭജനത്തില്‍ അസംതൃപ്തരായ യുഡിഎഫുകാരെ കുടിയിരുത്താനാണ് ജനാധിപത്യ മര്യാദ പാലിക്കാതെ സഹകരണബാങ്ക് ഭരണസമിതികളെ പിരിച്ചു വിട്ടത്. ഇത്തരം നീക്കം അറിഞ്ഞില്ലെന്നാണ് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സ്ഥാനം രാജിവയ്ക്കാന്‍ മന്ത്രി സന്നദ്ധനാവണം. തൃശൂര്‍ ജില്ലാ സഹകരണബാങ്കിന്റെ കെട്ടിടനിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നയാളാണ് മന്ത്രി. ഓര്‍ഡിനന്‍സുകള്‍ ഉപയോഗിച്ച് കേരളത്തിലെ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണ് സര്‍ക്കാര്‍ . ജനാധിപത്യത്തെ പിച്ചിച്ചീന്തുന്നത് കണ്ടിരിക്കാന്‍ സിപിഐ എം തയ്യാറാവുമെന്ന് കരുതേണ്ടെന്ന് മൊയ്തീന്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ബേബിജോണ്‍ അധ്യക്ഷനായി.

പിന്നിട്ടത് നേട്ടങ്ങളുടെ നാലു വര്‍ഷം: ഭരണസമിതി

പത്തനംതിട്ട: ജില്ലാ സഹകരണബാങ്ക് ഭരണസമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധവും സഹകരണമേഖലയെ തകര്‍ക്കുന്നതുമാണെന്ന് ജില്ലാ സഹകരണബാങ്ക് ഭരണസമിതിഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സാമ്പത്തികവര്‍ഷത്തിന്റെ അവസാന സമയത്ത് ഭരണസമിതികളെ പിരിച്ചുവിടുന്നത് ബാങ്കുകളെ പ്രതിസന്ധിയിലാക്കും. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കൈവരിച്ചത്. എല്‍ഡിഎഫ് ഭരണസമിതിയുടെ കഴിഞ്ഞ മൂന്നരവര്‍ഷക്കാലത്തെ ഭരണത്തിനിടയില്‍ 1100 കോടിയുടെ നിക്ഷേപമുള്‍പ്പെടെ 2200 കോടിയുടെ ആകെ ബിസിനസ് ഉണ്ടാക്കാന്‍ ബാങ്കിന് കഴിഞ്ഞു. മാര്‍ച്ച് 20ന് ഉദ്ഘാടനം ചെയ്യത്തക്ക രീതിയില്‍ കോര്‍ബാങ്കിങ് സംവിധാനം പൂര്‍ത്തിയായി. ഈ ഭരണസമിതിയുടെ കാലത്ത് 120ലേറെ നിയമനം നല്‍കി. ജീവനക്കാര്‍ക്ക് അര്‍ഹമായ എല്ലാ ആനുകൂല്യവും നല്‍കി. 700 കോടി രൂപയാണ് വായ്പയായി നല്‍കിയത്. കേരളത്തില്‍ നിഷ്ക്രിയ ആസ്തി ഏറ്റവുംകുറഞ്ഞ ബാങ്കാണ് പത്തനംതിട്ട ജില്ലാ സഹകരണബാങ്ക്. 54 ശാഖകളും 400 ജീവനക്കാരുമാണ് ഇപ്പോഴുള്ളത്.

നബാര്‍ഡിന്റെ സഹകരണത്തോടെ കര്‍ഷക കൂട്ടായ്മകള്‍ , സ്വയം സഹായക സംഘങ്ങള്‍ , കൂട്ടുത്തരവാദിത്വ ഗ്രൂപ്പുകള്‍ എന്നിവ സ്ഥാപിക്കാന്‍ ഈ ഭരണസമിതിക്ക് കഴിഞ്ഞു. 2008ല്‍ ഈ ഭരണസമിതി അധികാരമേല്‍ക്കുമ്പോള്‍ നിക്ഷേപം 448.64 കോടിയായിരുന്നു. വായ്പ 268 കോടിയും. 20011 മാര്‍ച്ചിലെ കണക്കനുസരിച്ച് ഇത് യഥാക്രമം 964 കോടിയും 700 കോടിയുമായി. ബാങ്ക് രൂപീകരിച്ച് 21 വര്‍ഷക്കാലംകൊണ്ടുണ്ടായ നേട്ടത്തിന്റെ അത്രയും കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് ഉണ്ടാക്കാന്‍ ഭരണസമിതിക്ക് കഴിഞ്ഞു. എന്നാല്‍ , ഈ നേട്ടങ്ങളെല്ലാം ഇല്ലാതാക്കുന്നതാണ് ഭരണസമിതി പിരുച്ചുവിട്ട സര്‍ക്കാര്‍ നടപടിയിലൂടെ ഉണ്ടാകാന്‍ പോകുന്നത്. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഭരണമേറ്റെടുത്ത അന്നുതന്നെ, കഴിഞ്ഞ 11ന് ഭരണസമിതി കൈക്കൊണ്ട തീരുമാനങ്ങള്‍ ജോ. രജിസ്ട്രാര്‍ റദ്ദാക്കിയ നടപടി. 80 ഓളം പേര്‍ക്ക് വായ്പ നല്‍കാന്‍ 11ലെ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. ഇത് റദ്ദാക്കിയ ജോയിന്റ് രജിസ്ട്രാറുടെ നടപടി വായ്പ അപേക്ഷകരോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെയും ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടിയിലും നിയമ നടപടിയുള്‍പ്പെടെയുള്ളവ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് അഡ്വ. ആര്‍ സനല്‍കുമാര്‍ , ഭരണസമിതിയംഗങ്ങളായ ജി അജയകുമാര്‍ , എ പി ചന്ദ്രശേഖരക്കുറുപ്പ്, മത്തായി ചാക്കോ, പി ആര്‍ പ്രദീപ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഭരണസമിതി പിടിക്കാന്‍ അംഗബലം കൂട്ടി, 20 ആക്കി

കോട്ടയം: യുഡിഎഫ് സര്‍ക്കാര്‍ ജില്ലാ സഹകരണ ബാങ്ക് ഭരണസമിതിയിലെ അംഗബലം കൂട്ടുന്നു. നിലവില്‍ സഹ.ബാങ്ക് ഭരണസമിതിയില്‍ 13 പേരും മൂന്നു സര്‍ക്കാര്‍ നോമിനികളുമാണ് ഉള്ളത്. പ്രാഥമിക സഹകരണ സംഘങ്ങളിലെയും അര്‍ബന്‍ സഹകരണ സ്ഥാപനങ്ങളിലെയും അംഗങ്ങളാണ് സമിതിയില്‍ ഉണ്ടായിരുന്നത്. നിലവിലെ ഘടന മാറ്റി പുതുതായി വരുന്ന ഏഴുപേരുള്‍പ്പെടെ 20 പേരാണ് ഭരണസമിതിയിലുണ്ടാകുക. നിക്ഷേപകരുടെ പ്രതിനിധികള്‍ രണ്ട്, ബാങ്കിങ്, ബാങ്കിങ് ഇതരമേഖലയിലെ പ്രഫഷണലുകള്‍ രണ്ട്, ഓരോ താലൂക്കില്‍ നിന്നും ഓരോരുത്തര്‍ , മറ്റു വിവിധ സംഘങ്ങളില്‍ നിന്ന് നാലു പേര്‍ , വനിതകള്‍ മൂന്ന്, എസ്സി, എസ്ടി ഒന്ന്, സര്‍ക്കാര്‍ നോമിനികള്‍ മൂന്ന് എന്നിങ്ങനെയാണ് പുതിയ സമിതിയുടെ ഘടന. പുതുതായി ഒട്ടേറെ കടലാസു സംഘങ്ങളെ കൂടി ഉള്‍പ്പെടുത്തി ഭരണസമിതി പിടിക്കാനാണ് വോട്ടവകാശം കൂടുതല്‍ പേര്‍ക്ക് നല്‍കുന്നത്.

deshabhimani 140212

1 comment:

  1. തൃശൂര്‍ : രാജ്യത്തെ മികച്ച സഹകരണബാങ്കുകളിലൊന്നായി വളര്‍ന്ന ജില്ലാ സഹകരണബാങ്കിനെ പിരിച്ചുവിട്ടതില്‍ രാഷ്ട്രീയഭേദമെന്യേ സഹകാരികളില്‍ പ്രതിഷേധം. എല്‍ഡിഎഫ് ഭരണസമിതിയുടെ ആസൂത്രണം ജില്ലാ സഹകരണബാങ്കിന് ഉണ്ടാക്കിയത് വന്‍ നേട്ടങ്ങളാണ്.

    ReplyDelete