Thursday, February 23, 2012

മര്‍ദ്ദക ലീഗ് മാരക ലീഗ്

മുന്നൂറോളം ലീഗുകാര്‍ക്കെതിരെ കേസ്

തളിപ്പറമ്പ്: തളിപ്പറമ്പിലും പരിസരങ്ങളിലുമായി സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവങ്ങളില്‍ മുന്നൂറോളം മുസ്ലിംലീഗുകാര്‍ക്കെതിരെ കേസെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെയും ഏരിയാ കമ്മിറ്റിയംഗം കെ ബാലകൃഷ്ണനെയും അരിയില്‍ ആക്രമിച്ച സംഭവത്തില്‍ അബൂബക്കര്‍ മാവിച്ചേരി, പള്ളി ആലി തുടങ്ങി നൂറോളം പേര്‍ക്കെതിരെ കേസെടുത്തു. കൈരളി ടി വി റിപ്പോര്‍ട്ടര്‍ ഷിജിത്ത് വായന്നൂരിനെയും മറ്റും ആക്രമിച്ച കേസില്‍ കണ്ടാലറിയാവുന്ന നൂറോളം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പറപ്പൂലില്‍ കെ രാമചന്ദ്രന്റെ വീട് തകര്‍ക്കുകയും വീട്ടുമുറ്റത്തെ ബൈക്കുകള്‍ അടിച്ചുതകര്‍ക്കുകയും രണ്ടു പവന്റെ മാല മോഷ്ടിക്കുകയും ചെയ്ത സംഭവത്തിലും കേസെടുത്തു. ഇന്ത്യന്‍ കോഫി ഹൗസ് തകര്‍ത്ത സംഭവത്തില്‍ സി കെ മജീദ്, മണ്ണന്‍ ജലീല്‍ തുടങ്ങി കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ കേസെടുത്തു.

പട്ടുവത്ത് വീടിന് ബോംബെറിഞ്ഞ സംഭവത്തില്‍ കരക്കാടന്‍ കല്യാണിയുടെ പരാതിയില്‍ 11 പേര്‍ക്കെതിരെ കേസെടുത്തു. പട്ടുവം, അരിയില്‍ സ്വദേശികളായ സി കെ അന്‍സാര്‍ , പി ടി ഷുഹൈല്‍ , മുഹമ്മദ് ഷഫീഖ്, ഷമ്മാസ്, റിയാസ്, കെ കെ റാഷിദ്, സി കെ അബ്ദുള്‍റസാഖ്, മുഹമ്മദ് റാഷിദ്, കെ കെ ദില്‍ഷാദ്, കെ കെ അബ്ദുള്‍നാസര്‍ , ആസിഫ് എന്നിവര്‍ക്കെതിരെയാണ് കേസ്. മന്നയില്‍ കള്ളുഷാപ്പ് തകര്‍ത്തതിലും കേസെടുത്തു. ഹരിഹര്‍ തിയറ്ററിനു സമീപം കൃഷ്ണ ഹോട്ടല്‍ തകര്‍ത്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തോളം ലീഗുകാര്‍ക്കെതിരെ കേസെടുത്തു. കല്ലേറില്‍ പരിക്കേറ്റ കെ സരിത്തിന്റെ പരാതിയില്‍ ലീഗുകാരായ ദാവൂദ്, ഷഫീഖ്, സാലി, നൗഷാദ്, റഷീദ്, സമദ്, സുബൈര്‍ , ആലി ഉള്‍പ്പെടെ 30 പേര്‍ക്കെതിരെ കേസെടുത്തു.

ലീഗില്‍ കലാപം: നഗരഭരണം പ്രതിസന്ധിയില്‍

കാഞ്ഞങ്ങാട്: ലീഗിലെ കലാപം കാഞ്ഞങ്ങാട് നഗരസഭാ ഭരണം ഉലയുന്നു. ലീഗ് ജില്ലാ സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ എന്‍ എ ഖാലിദിനെതിരെ ചെയര്‍പേഴ്സണ്‍ ഹസീന താജുദ്ദീനുവേണ്ടി നഗരസഭാ കംപ്യൂട്ടറില്‍നിന്ന് ഡ്രൈവര്‍ പരാതി തയ്യാറാക്കിയതാണ് അസ്വാരസ്യത്തിനിടയാക്കിയത്. ലീഗ് നേതൃത്വത്തിന് നല്‍കാനാണ് പരാതി ഓഫീസില്‍നിന്ന് തയ്യാറാക്കിയത്. വഴിവിട്ട നടപടിക്കെതിരെ എട്ട് കൗണ്‍സിലര്‍മാര്‍ യോഗം കൂടി ചെയര്‍പേഴ്സണെ മാറ്റണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് കത്തു നല്‍കിയിട്ടുണ്ട്. പത്തംഗ ലീഗ് കൗണ്‍സിലര്‍മാരില്‍ ചെയര്‍പേഴ്സണും പി കെ മുഹമ്മദ്കുഞ്ഞിയും ഒഴികെയുള്ള കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.

വല്ലപ്പോഴുമൊരിക്കല്‍ നഗരസഭാ കാര്യാലയത്തിലെത്തി ഓഫീസ് ഫയല്‍ വീട്ടിലേക്ക് കടത്തുന്ന ചെയര്‍പേഴ്സന്‍ ലീഗിലെ ഗ്രൂപ്പുപോരില്‍ കക്ഷിചേര്‍ന്ന് എം സി ഖമറുദ്ദീന്റെ ഗ്രൂപ്പുകാരായ എന്‍ എ ഖാലിദിനെയും ടി അബൂബക്കര്‍ഹാജിയേയും കുടുക്കാന്‍ കള്ളപ്പരാതി തയ്യാറാക്കുകയാണെന്നാണ് ആരോപണം. വൈദ്യുതീകരണജോലി കരാറെടുത്ത കോണ്‍ട്രാക്ടറെ ഉപയോഗിച്ച് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി അബൂബക്കര്‍ഹാജിക്ക് കോഴപ്പണം നല്‍കാന്‍ ഏജന്റിനെ പറഞ്ഞയച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്. കുടുക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോള്‍ എന്‍ എ ഖാലിദിനെതിരെ പാര്‍ടി നേതൃത്വത്തിന് വ്യാജപരാതി നല്‍കി അപമാനിക്കാനാണ് നീക്കമെന്നും പറയുന്നു. പടന്നക്കാട് നെഹ്റു കോളേജിലെത്തിയ മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തേണ്ട ചെയര്‍പേഴ്സണ്‍ ചടങ്ങ് തുടങ്ങി ഏറെസമയം കഴിഞ്ഞാണെത്തിയത്. ഇതും വിവാദമായിട്ടുണ്ട്. വ്യാഴാഴ്ച പകല്‍ കൗണ്‍സിലര്‍മാരുടെയും യുഡിഎഫ് നേതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്. ജില്ലാ ഭാരവാഹികളെ നിശ്ചയിക്കാന്‍ പാടുപെടുന്ന ലീഗ് നേതൃത്വത്തിന് നഗരസഭാ ഭരണത്തിലെ പ്രതിസന്ധിയും തലവേദനയായിട്ടുണ്ട്.

സര്‍വകക്ഷി സമാധാനയോഗം: സിപിഐ എം നേതാക്കളെ ആക്രമിച്ചതിനെതിരെ ഏകസ്വരം

കണ്ണൂര്‍ : സിപിഐ എം നേതാക്കള്‍ക്കുനേരെ നടന്ന അക്രമമാണ് ജില്ലയില്‍ വ്യാപക സംഘര്‍ഷത്തിന് കാരണമായതെന്ന് സര്‍വകക്ഷി സമാധാനയോഗത്തില്‍ സംസാരിച്ച കക്ഷിനേതാക്കള്‍ അഭിപ്രായപ്പെട്ടു. ഡിസിസി പ്രസിഡന്റ്് പി കെ വിജയരാഘവന്‍ , കേരള കോണ്‍ഗ്രസ് നേതാവ് ജെ ജോസഫ്, സിപിഐ ജില്ലാ സെക്രട്ടറി സി രവീന്ദ്രന്‍ , ജനതാദള്‍ ജനറല്‍ സെക്രട്ടറി പി പി ദിവാകരന്‍ , കോണ്‍ഗ്രസ് എസ് നേതാവ് ഇ പി ആര്‍ വേശാല എന്നിവര്‍ ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണ് രേഖപ്പെടുത്തിയത്.

തലേദിവസം രാത്രിതന്നെ പട്ടുവത്തെ മൂന്ന് അക്രമസംഭവങ്ങളെക്കുറിച്ച് ഫോണില്‍ ജില്ലാ പൊലീസ് മേധാവിയുമായി സംസാരിച്ചുവെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ അറിയിച്ചു. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി രാജനുനേരെയുണ്ടായ വധശ്രമം, ഉമേഷിന്റെ വീട് ആക്രമണം, പ്രതിഷേധ പ്രകടനത്തിനുനേരെ നടന്ന അക്രമം എന്നിവയാണ് ഇവ. ഈ സംഭവങ്ങളെക്കുറിച്ച് മനസ്സിലാക്കാനാണ് പിറ്റേന്ന് പട്ടുവത്ത് പോയത്. ആസൂത്രിത അക്രമത്തിന് പോയി എന്ന് പ്രചരിപ്പിക്കുന്നത് ബാലിശമാണ്. ജില്ലാ കമ്മിറ്റിയുടെ വാഹനത്തിന് മുന്നില്‍ ഓട്ടോറിക്ഷയിലാണ് പ്രദേശത്തെ നേതാക്കള്‍ സഞ്ചരിച്ചത്. പിറകില്‍ കൈരളി ടിവിയുടെ വാഹനത്തില്‍ മാധ്യമ പ്രവര്‍ത്തകരും. ഇതിലെന്താണ് ആസൂത്രണം.

സിപിഐ എം സമ്മേളനം നടക്കുമ്പോള്‍ തളിപ്പറമ്പില്‍ ലീഗ് ആക്രമണം പതിവാണ്. മക്തബ് പത്രം ലീഗിനെതരെ വാര്‍ത്ത കൊടുത്തതിനാലാണ് തീവ്രവാദി മോഡലില്‍ പ്രസ് കത്തിച്ചത്. അക്രമങ്ങളില്‍ ലീഗുകാര്‍ക്കെതിരെ കേസ് എടുത്താലും അറസ്റ്റ് ഉണ്ടാകാറില്ല. പൊലീസിനെ ഉപരോധിക്കുകയാണ് ലീഗുകാര്‍ . മന്ത്രിയുടെ സാന്നിധ്യത്തില്‍ വിപുലമായ സമാധാന യോഗം വിളിക്കണം. ബുധനാഴ്ചത്തെ സമാധാന യോഗം പത്രങ്ങളില്‍നിന്നാണ് സിപിഐ എം അറിഞ്ഞതെന്ന് പി ജയരാജന്‍ പറഞ്ഞു. ചെത്തുതൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ചത് മുഖംമൂടികളാണെന്ന് പറയുന്ന ലീഗ് തുടര്‍ന്നുള്ള അക്രമങ്ങളിലെ പങ്കാളിത്തത്തെക്കുറിച്ച് എന്തുപറയുന്നുവെന്ന് എം വി ജയരാജന്‍ ചോദിച്ചു. വൈകിട്ട് പ്രതിഷേധ പ്രകടനത്തെ ആക്രമിച്ചത് ലീഗുകാരണ്. സിപിഐ എം ജില്ലാ കമ്മിറ്റിയുടെ വാഹനം വരുമ്പോള്‍ ലീഗുകാര്‍ സംഘടിച്ചു നിന്നത് എന്തിനായിരുന്നുവെന്ന് വ്യക്തമാക്കണം. ലീഗിന്റെ ഏകപക്ഷീയമായ ഈ ആക്രമണങ്ങളെക്കുറിച്ച് സിപിഐ എം ജില്ലാസെക്രട്ടറി തന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍ വ്യക്തമാക്കി.

ലീഗുകാര്‍ പൊലീസിനെ വധിക്കാന്‍ ശ്രമിച്ച കേസ് പുനരന്വേഷിക്കുന്നു

വടകര: ആശുപത്രിക്ക് കാവല്‍ നിന്ന പൊലീസുകാരനെ മുസ്ലീം ലീഗുകാര്‍ വധിക്കാന്‍ ശ്രമിച്ച കേസ് ഒടുവില്‍ പുനരന്വേഷിക്കാന്‍ തീരുമാനം. പണമൊഴുക്കിയും ഭരണസ്വാധീനം ഉപയോഗിച്ചും അട്ടിമറിച്ച കേസ് പുനരന്വേഷിക്കുന്നത് പൊലീസ് സേനയിലെ അമര്‍ഷത്തെ തുടര്‍ന്ന്. കോഴിക്കോട് റൂറല്‍ എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ പേരാമ്പ്ര സ്വദേശി സി എം സുനില്‍ കുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസാണ് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പി പി സദാനന്ദന്‍ അന്വേഷിക്കുന്നത്.

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയോടനുബന്ധിച്ച് നാദാപുരം, കുറ്റ്യാടി മേഖലയിലുണ്ടായ അക്രമത്തിനിടയില്‍ കല്ലാച്ചിയിലെ വിംസ് ആശുപത്രി പരിസരത്ത് നിയോഗിച്ച പൊലീസ് സംഘത്തെയാണ് 2011 ആഗസ്ത് 21ന് രാത്രി അക്രമിച്ചത്. യൂണിഫോമിലെ നെയിംബോര്‍ഡ് നോക്കിയാണ് സുനിലിനെ മുസ്ലീം ലീഗ് സംഘം വളഞ്ഞിട്ട് അക്രമിച്ചത്. സംഭവത്തില്‍ അഞ്ച് പ്രതികളെ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ചീറോത്ത് മുക്കിലെ പുതുശ്ശേരി അസ്കര്‍ , തൈക്കണ്ടി മുനീര്‍ , നരിപ്പറ്റയിലെ ഫിറോസ്, മത്തത്ത് സമീര്‍ , വളയത്തെ കല്ലില്‍ ലത്തീഫ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പ്രതികളുടെ വീട്ടില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യാന്‍ മുതിര്‍ന്നപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പൊലീസിനെ തിരിച്ച് വിളിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് കേസ് മരവിപ്പിച്ചത്. പ്രതികളെ ഒഴിവാക്കാനായിരുന്നു നിര്‍ദേശം. നാദാപുരം പൊലീസില്‍ നിന്ന് കേസ് ഫയല്‍ റൂറല്‍ എസ്പിയായിരുന്ന നീരജ് കുമാര്‍ ഗുപ്ത തിരിച്ച് വിളിച്ചു. പിന്നീട് തുടരന്വേഷണമുണ്ടായില്ല.

പൊലീസുകാരനെ വധിക്കാന്‍ ശ്രമിച്ച കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷപ്പെടുത്തിയതില്‍ സേനയില്‍ അമര്‍ഷം വ്യാപകമായി. പുതിയ എസ്പി രാജ്മോഹന്‍ ചുമതലയേറ്റതോടെയാണ് കേസ് ഫയല്‍ അന്വേഷണത്തിന് എടുത്തത്.

പള്ളിക്കമ്മിറ്റി സെക്രട്ടറിയെ ലീഗുകാര്‍ മര്‍ദിച്ചു

മയ്യില്‍ : മദ്രസയിലെ മതപഠനക്ലാസിന് ശല്യമായ മൈക്ക് അനൗണ്‍സ്മെന്റ് നിര്‍ത്താനാവശ്യപ്പെട്ട പള്ളിക്കമ്മിറ്റി സെക്രട്ടറിയെയും സുഹൃത്തിനെയും മുസ്ലിംലീഗുകാര്‍ മര്‍ദിച്ചു. കടൂര്‍ പള്ളി സെക്രട്ടറി എ പി സൈനുദ്ദീന്‍(31), സി പി നാസര്‍(32) എന്നിവരെയാണ് മര്‍ദ്ദിച്ചത്. ഇരുവരെയും എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പകല്‍ പതിനൊന്നരയോടെയാണ് സംഭവം. പള്ളിക്കു സമീപം ലീഗുകാര്‍ എസ്കെഎസ്എസ്എഫ് ജാഥയ്ക്ക് സ്വീകരണം ഏര്‍പ്പാടാക്കിയിരുന്നു. ഇതിന്റെ ഭാഗമായുള്ള മൈക്ക് അനൗസണ്‍സ്മെന്റ് മദ്രസയിലെ പഠനത്തിന് ശല്യമായതിനെ തുടര്‍ന്നാണ് സൈനുദ്ദീന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അനൗണ്‍സ്മെന്‍റ് തുടര്‍ന്നു. സ്വീകരണ പരിപാടിക്കിടെ കെ കെ നൂറുദ്ദീന്‍ എന്നയാളുടെ വാഹനത്തിലെത്തിയ ലീഗ് ഗുണ്ടകള്‍ സൈനുദ്ദീനെ ആക്രമിക്കുകയായിരുന്നു. വാഹനം ഇടിച്ചുകയറ്റാനും ശ്രമിച്ചു. വാഹനത്തില്‍ കരുതിയ പട്ടികകൊണ്ടാണ് അടിച്ചത്. തടയാനെത്തിയ ഡിവൈഎഫ്ഐ ചെറുപഴശി വില്ലേജ് ജോയിന്റ് സെക്രട്ടറി സി പി നാസറിനെയും അടിച്ചു. നൂറുദ്ദീന്‍ , സി പി മജീദ് വേശാല, പി പി ജാബീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്.

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് ലീഗുകാര്‍ ആക്രമിച്ചു

ശ്രീകണ്ഠാപുരം: സര്‍വകക്ഷി സമാധാനയോഗതീരുമാനത്തിന്റെ മഷിയുണങ്ങുംമുമ്പ് വീണ്ടും മുസ്ലിംലീഗ് അക്രമം. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. സി എച്ച് മേമിയുടെ പഴയങ്ങാടിയിലെ വീടാണ് ബുധനാഴ്ച ആക്രമിച്ചത്. രാത്രി പതിനൊന്നോടെയാണ് സംഭവം. സംഘടിതരായെത്തിയ ലീഗ് ക്രിമിനലുകള്‍ നടത്തിയ കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വിവിധഭാഗങ്ങളില്‍ ബസ്സുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. ബുധനാഴ്ച വൈകിട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന സമാധാന സമ്മേളനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് സംഭവം. മുസ്ലിംലീഗ് ക്രിമിനല്‍ സംഘം ലീഗുകാരല്ലാത്ത മുസ്ലിങ്ങളുടെ വീടുകള്‍ വ്യാപകമായി ആക്രമിക്കുന്ന സ്ഥിതിയാണ്.

ബോംബേറില്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്ക്

നടുവില്‍ : ബൈക്കിലെത്തിയ മുസ്ലിംലീഗ് സംഘത്തിന്റെ ബോംബേറില്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്. നടുവില്‍ ലോക്കല്‍ സെക്രട്ടറി സാജു ജോസഫ് (38), ലോക്കല്‍ കമ്മിറ്റി അംഗം പി ആര്‍ സുരേഷ് (36), വാണിയങ്കണ്ടിയില്‍ ഉമേഷ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 7.30നാണ് സംഭവം. ഇവര്‍ നടുവില്‍ ടൗണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാല് ബൈക്കുകളില്‍ എത്തിയ അക്രമിസംഘം ബോംബെറിഞ്ഞത്. മൂവരെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിപിഐ എം പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തു

മാട്ടൂല്‍ : മാട്ടൂലില്‍ സിപിഐ എം പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തു. മാട്ടൂല്‍ നോര്‍ത്ത് എഎല്‍പി സ്കൂള്‍ അധ്യാപകനും സിപിഐ എം പൊലുപ്പില്‍ ബ്രഞ്ചംഗവുമായ കെ വി മോഹനന്റെ കെഎല്‍ 13 എസ് 3399 വാഗണര്‍ കാറാണ് തകര്‍ത്തത്. വീടിന് സമീപം നിര്‍ത്തിയ കാര്‍ കഴിഞ്ഞ ദിവസം രാത്രി ചെത്തുകല്ല്കൊണ്ടിടിച്ചാണ് തകര്‍ത്തത്. കല്ല് കാറിനുള്ളില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ഇവിടെ ഇട്ടമ്മല്‍ ബ്രാഞ്ച് സെക്രട്ടറി പി രാജേഷിന്റെ വീട് ലീഗുകാര്‍ തകര്‍ത്തിരുന്നു.

ലീഗുകാര്‍ തകര്‍ത്ത അങ്കണവാടിയില്‍ ക്ലാസ് മുടങ്ങി

പഴയങ്ങാടി: ലീഗുകാര്‍ തകര്‍ത്ത മൂലക്കീല്‍ അങ്കണവാടിയില്‍ ക്ലാസ് നടന്നില്ല. കുട്ടികളുടെ ഇരിപ്പിടങ്ങളും ഭക്ഷണസാധനങ്ങളും നശിപ്പിച്ചതിനെ തുടര്‍ന്നാണ് ക്ലാസ് നടത്താന്‍ കഴിയാതിരുന്നത്. ബെഞ്ചും കസേരകളുമെല്ലാം അക്രമികള്‍ തകര്‍ത്തിരുന്നു. കുട്ടികളുടെ ഭക്ഷണ സാധനങ്ങളും വലിച്ച് പുറത്തേക്കെറിഞ്ഞു നശിപ്പിച്ചു. കളിപ്പാട്ടങ്ങള്‍ ഒന്നും ബാക്കിയില്ല. രാവിലെ കുട്ടികളെയുംകൂട്ടി വന്ന രക്ഷിതാക്കള്‍ അങ്കണവാടിയുടെ അവസ്ഥ കണ്ട് തിരിച്ചുപോയി. വരും ദിവസങ്ങളിലും ക്ലാസ് നടക്കാന്‍ സാധ്യതയില്ല. അങ്കണവാടിയും വായനശാലയും തകര്‍ത്ത അക്രമികളെ രണ്ടുദിവസമായിട്ടും പിടികൂടാന്‍ പൊലീസിനു കഴിയാത്തതില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

കുടിവെള്ളം തടഞ്ഞ ലീഗുകാരന്റെ നടപടി തടഞ്ഞു

കുറ്റ്യാടി: വേളം പഞ്ചായത്തില്‍ കുടിവെള്ള സ്രോതസ് നികത്താന്‍ ശ്രമിച്ച ലീഗുകാരന്റെ നടപടി സിപിഐ എം പ്രവര്‍ത്തകര്‍ തടഞ്ഞു. മാങ്ങാട്കുന്ന് പ്രദേശത്തെ നൂറില്‍പ്പരം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണര്‍ നികത്താനുള്ള ചെറിയ താഴെമഠത്തില്‍ അബ്ദുള്‍ സലാമിന്റെ നടപടിയാണ് സിപിഐ എം ചേരാപുരം ലോക്കല്‍ സെക്രട്ടറി ടി വി മനോജന്റെ നേതൃത്വത്തില്‍ തടഞ്ഞത്. കുടിവെള്ള ശ്രോതസ് നികത്താനുള്ള ശ്രമത്തില്‍ നിന്ന് ലീഗ് നേതാവ് പിന്‍തിരിയണമെന്നും സിപിഐ എം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. തഹസില്‍ദാര്‍ , കുറ്റ്യാടി സിഐ എന്നിവര്‍ക്ക് പരാതി നല്‍കി.

deshabhimani 230212

1 comment:

  1. സിപിഐ എം നേതാക്കള്‍ക്കുനേരെ നടന്ന അക്രമമാണ് ജില്ലയില്‍ വ്യാപക സംഘര്‍ഷത്തിന് കാരണമായതെന്ന് സര്‍വകക്ഷി സമാധാനയോഗത്തില്‍ സംസാരിച്ച കക്ഷിനേതാക്കള്‍ അഭിപ്രായപ്പെട്ടു. ഡിസിസി പ്രസിഡന്റ്് പി കെ വിജയരാഘവന്‍ , കേരള കോണ്‍ഗ്രസ് നേതാവ് ജെ ജോസഫ്, സിപിഐ ജില്ലാ സെക്രട്ടറി സി രവീന്ദ്രന്‍ , ജനതാദള്‍ ജനറല്‍ സെക്രട്ടറി പി പി ദിവാകരന്‍ , കോണ്‍ഗ്രസ് എസ് നേതാവ് ഇ പി ആര്‍ വേശാല എന്നിവര്‍ ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണ് രേഖപ്പെടുത്തിയത്.

    ReplyDelete