യുഡിഎഫിന് അങ്കലാപ്പ് : സിപിഐ എം
പിറവം: കള്ളവോട്ട് ചേര്‍ക്കാനുള്ള യുഡിഎഫിെന്‍റ ഗൂഢനീക്കം വെളിച്ചെത്താകുന്നതിെന്‍റ ജാള്യമാണ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്റെ എല്‍ഡിഎഫിനെതിരെയുള്ള ആരോപണങ്ങളില്‍ തെളിയുന്നതെന്ന് സിപിഐ എം മണ്ഡലം കമ്മറ്റി സെക്രട്ടറി ഒ എന്‍ വിജയന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ പരാതിയെത്തുടര്‍ന്ന് അന്വേഷണം അനിവാര്യമായിരിക്കുകയാണ്. ഇതുവഴി യുഡിഎഫിന്റെ കള്ളവോട്ട്ചേര്‍ക്കല്‍ പുറത്തുവരും. ഈ അങ്കലാപ്പ് ജോണിനെല്ലൂരിനുണ്ട്. ഈ ഉപതെരഞ്ഞെടുപ്പില്‍ എങ്ങനെ കടന്നുകൂടുമെന്ന വെപ്രാളത്തിലാണ് യുഡിഎഫ്.
ഭരണസ്വാധീനം ഉപയോഗിച്ചും ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നതായി പൊതുവെ പരാതി ഉയര്‍ന്നു. തെരഞ്ഞെടുപ്പ് അധികാരികള്‍ക്കു രേഖാമൂലം പരാതി ചെല്ലുകയുമുണ്ടായി. ആമ്പല്ലൂര്‍ പഞ്ചായത്തിലെ കുലിയക്കരയിലെ മാനസികാരോഗ്യകേന്ദ്രത്തിലെ 35 അന്തേവാസികളെ അനര്‍ഹമായി വോട്ടര്‍പട്ടികയില്‍ തിരുകിക്കയറ്റാന്‍ ശ്രമിക്കുകയാണ്. ഇതിനായി വ്യാജ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. തിരുമാറാടിപോലുള്ള സ്ഥലങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരെ അനര്‍ഹമായി കൂട്ടത്തോടെ വോട്ടര്‍പട്ടികയില്‍ തിരുകിക്കയറ്റാന്‍ യുഡിഎഫ് ശ്രമിക്കുന്നു. മറ്റു മണ്ഡലങ്ങളില്‍ വോട്ടുള്ള പലരെയും ഇലഞ്ഞി പഞ്ചായത്തിലുള്ള വിവിധ കന്യാസ്ത്രീമഠങ്ങളിലൂടെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ ശ്രമിക്കുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇതിനെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമ്മറ്റി സെക്രട്ടറി പി എസ് മോഹനനും താനും തെരഞ്ഞടുപ്പു കമീഷന് പരാതി നല്‍കിയിട്ടുണ്ട്. യുഡിഎഫിന്റെ ഈവിധ കള്ളത്തരം ജനങ്ങള്‍ മനസ്സിലാക്കുന്നുവെന്നുകണ്ടപ്പോള്‍ എല്‍ഡിഎഫിനെ പുലഭ്യം പറഞ്ഞ് തടിരക്ഷിക്കാനുള്ള ശ്രമമാണ് ജോണി നെല്ലൂരിന്റെ പ്രസ്താവന. ഇത്തരം പ്രസ്താവനകളെ അവജ്ഞയോടെ തള്ളിക്കളയണമെന്ന് വിജയന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
യുഡിഎഫിന്റെ നെഞ്ചിടിപ്പുകൂടുന്നതിനു പിന്നില്‍
പിറവം : യുഡിഎഫിനു നെഞ്ചിടുപ്പു കൂടുന്നുവെന്നു കരുതണം; എല്‍ഡിഎഫിനെതിരെ ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണം ഉന്നയിച്ചതില്‍ മറ്റൊന്നും കാരണമാകുന്നില്ല. മണ്ഡലത്തില്‍ യുഡിഎഫ് വ്യാപകമായി കള്ളവോട്ടു ചേര്‍ക്കുന്നതാണ് പ്രശ്നം. ഇതിനെതിരെ എല്‍ഡിഎഫ് ചെയ്യേണ്ടതേ ചെയ്തുള്ളു; ബന്ധപ്പെട്ട അധികാരികള്‍ക്കു പരാതി നല്‍കി. അതിനാണ് ജേക്കബ്ഗ്രൂപ്പ് ചെയര്‍മാന്‍ ജോണിനെല്ലൂര്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനം വിളിച്ചു, എല്‍ഡിഎഫാണ് കള്ളവോട്ട് ചേര്‍ക്കാന്‍ ശ്രമിക്കുന്നത് എന്നു പറഞ്ഞ് പൊട്ടിത്തെറിച്ചത്. മതവികാരം ഇളക്കാന്‍ ഒരു പാഴ്വാക്കും അദ്ദേഹം തൊടുക്കുകയുംചെയ്തു. എല്‍ഡിഎഫിന്റെ പരാതി അടിസ്ഥാനമുള്ളതാണെന്ന് കണ്ട് അന്വേഷണത്തിന് അധികൃതര്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ജയിക്കാനുള്ള അറ്റകൈ പ്രയോഗമായിട്ടാണ് കള്ളവോട്ട് ചേര്‍ക്കല്‍ യത്നത്തെ യുഡിഎഫ് ആശ്രയിച്ചത്. അതിനു മാനസികരോഗികളെ ദുരുപയോഗിക്കുന്നതിലേക്ക് അവര്‍ തരംതാഴ്ന്നു. ആമ്പല്ലൂരില്‍ ഉണ്ടായതും ബഹളത്തില്‍ കലാശിച്ചതും അതാണ്. സന്ധ്യാനേരത്താണ് അവിടെ വോട്ട്ചേര്‍ക്കലിന് എത്തിയത്. ഇരുട്ടില്‍ പതുങ്ങിച്ചെന്നാണോ വോട്ട്ചേര്‍ക്കുന്നത്? തനി കള്ളപ്പണി. കൈയോടെ നാട്ടുകാര്‍ പിടികൂടുകയുംചെയ്തു. എന്നിട്ട് കള്ളവോട്ട് ചേര്‍ക്കുന്നതു മറുപക്ഷമാണെന്ന് ആരോപിക്കുന്നതിനെ }"കള്ളന്‍ , കള്ളന്‍" എന്നു വിളിച്ചുകൂവി ഓടുന്ന കള്ളനോടു ഉപമിക്കാം.
യുഡിഎഫിന് ഇനിയും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് നേര്. അതേ സമയം എല്‍ഡിഎഫ് ചിട്ടയായി മുന്നേറുന്നതാണ് ചിത്രം. എല്‍ഡിഎഫിനു നിരത്താന്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഏറെ. കഴിഞ്ഞദിവസം കൈരളി ടിവി സംഘടിപ്പിച്ച "പോര്‍ക്കളം" പരിപാടിയില്‍ എം ജെ ജേക്കബ് തന്റെ മുന്‍കൈയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞപ്പോള്‍ സദസ്സിലുണ്ടായിരുന്ന ജേക്കബ്ഗ്രൂപ്പുകാര്‍ അസ്വസ്ഥരായി. പിന്നെയും പട്ടിക നീണ്ടപ്പോള്‍ അവര്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ത്തന്നെ ശ്രമിച്ചു.
ഏറ്റവും കൂടുതല്‍ കാലം പിറവത്തെ പ്രതിനിധീകരിച്ച യുഡിഎഫിന് എടുത്തുകാട്ടാന്‍ കഴിയുന്നതു തെരഞ്ഞെടുപ്പ് ഉറപ്പായതിനുശേഷം ധൃതിപിടിച്ചു റീടാര്‍ചെയ്ത ഏതാനും ഇടറോഡുകള്‍ മാത്രം. 2006 മുതല്‍ 2011 വരെയുള്ള അഞ്ചുകൊല്ലം പിറവത്തിന് വികസനവസന്തം തന്നെയായിരുന്നു എന്നതിനു സാക്ഷ്യസ്തംഭങ്ങള്‍ നിരവധി. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിടുന്ന പ്രധാന വൈതരണി ഇതുതന്നെയാണ്്. മുന്‍കാലങ്ങളില്‍ ജേക്കബ് ഗ്രുപ്പും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം "ആരാണ് വലുത്" എന്നതിനെ ചൊല്ലിയായിരുന്നു. നിരവധി വര്‍ഷം അങ്ങനെ കടന്നുപോയി. ആ തര്‍ക്കത്തിന്റെ അഗ്നിയില്‍ എരിഞ്ഞുപോയത് നാടിന്റെ വികസന ആവശ്യങ്ങളായിരുന്നു. വികസന ആവശ്യങ്ങള്‍ പിറവത്തിന്റെ പൊതുപ്രവര്‍ത്തന അജണ്ടയില്‍ പ്രധാന സ്ഥാനംപിടിച്ചത് 2006ല്‍ എം ജെ ജേക്കബ് എംഎല്‍എ ആയതിനുശേഷമാണ്. അദ്ദേഹത്തിലെ പൊതുപ്രവര്‍ത്തന തേജസ്സ് പിറവത്തുകാര്‍ക്ക് അനുഭവമായി. എം ജെ മുന്നില്‍ തുടരുന്നതിനു കാരണം മറ്റൊന്നല്ല. യുഡിഎഫിനു നെഞ്ചിടിപ്പു കൂടാതിരിക്കുമോ?
(പി ജയനാഥ്)
സ്നേഹവഴികളിലൂടെ...
പിറവം: വെയില്‍ മങ്ങിയപ്പോഴാണ് എം ജെ ജേക്കബ് ചോറ്റാനിക്കരയിലെത്തിയത്. തന്റെ വരവും കാത്ത് സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസിലെത്തിയ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും കണ്ടശേഷം അദ്ദേഹം അടുത്തുള്ള ചില വീട്ടുകാരെ കാണാനിറങ്ങി. തൊട്ടുമുന്നില്‍ ഗവ. വിഎച്ച്എസ്എസ് സ്റ്റേഡിയം, ചോറ്റാനിക്കരയെന്ന ബോര്‍ഡ് കണ്ടപ്പോള്‍ അങ്ങോട്ടൊന്ന് കയറാമെന്ന് എം ജെയ്ക്ക് ആഗ്രഹം. "നമ്മുക്ക് അവിടെനിന്നു തുടങ്ങാം"- അദ്ദേഹം സഹപ്രവര്‍ത്തകരോടു പറഞ്ഞു. എം ജെയെ സംബന്ധിച്ചിടത്തോളം ആ സ്റ്റേഡിയത്തിന് അത്രയും പ്രാധാന്യമുണ്ട്. ഒന്നാന്തരമൊരു അത്ലീറ്റുകൂടിയായ എം ജെ ജേക്കബ് എംഎല്‍എയായിരിക്കെ പിറവത്തുകാര്‍ക്കു നല്‍കിയ സ്നേഹസമ്മാനമാണിത്. സ്പോര്‍ട്സ് പവലിയന്‍ ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങളുള്ള സ്റ്റേഡിയം എം ജെ എന്ന ജനനായകന്റെ വികസനസങ്കല്‍പ്പത്തിന്റെ തെളിവുകൂടിയാണ്. അദ്ദേഹം മുന്‍കൈയെടുത്ത് മൂന്നു കോടിയോളം രൂപ ചെലവിട്ട് യാഥാര്‍ഥ്യമാക്കിയ വികസനസ്വപ്നമാണിത്. കയറിനോക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സമയം ഇല്ലാത്തതിനാല്‍ പൂട്ടിക്കിടന്ന വലിയ ഗേറ്റിന്റെ അഴികള്‍ക്കിടയിലൂടെ 400 മീറ്ററില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന സ്റ്റേഡിയം നോക്കി ജേക്കബ് പറഞ്ഞു: "എന്റെ സ്വപ്നപദ്ധതിയായിരുന്നു ഇത്". ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സഹിച്ച പ്രയാസമത്രയും അദ്ദേഹം ഓര്‍മിക്കുകയാണെന്നു തോന്നി.
സ്കൂള്‍വിട്ട സമയമായിരുന്നു. ചോറ്റാനിക്കര ജങ്ഷനിലേക്കു നീങ്ങവേ ബസ്സ്റ്റോപ്പിലേക്കു പോകുന്ന പ്ലസ്വണ്‍ , പ്ലസ്ടു വിദ്യാര്‍ഥികളെ കണ്ട എം ജെയുടെ നീക്കം അങ്ങോട്ടായി. "ദേ.. ജേക്കബ്ബേട്ടന്‍ ...". ചന്ദനനിറമുള്ള യൂണിഫോം അണിഞ്ഞ പെണ്‍കുട്ടികള്‍ക്കിടയില്‍ വിസ്മയച്ചിരി വിടര്‍ന്നു. തെരഞ്ഞെടുപ്പിന്റെയൊ വോട്ടിന്റെയൊ കാര്യമൊന്നും അദ്ദേഹം മിണ്ടിയില്ല. "നന്നായി പഠിക്കുന്നില്ലേ..?" എന്നായിരുന്നു ആദ്യ ചോദ്യം. മറ്റു വിശേഷങ്ങളൊക്കെ ചോദിച്ചന്വേഷിച്ച് പിരിയാന്‍നേരത്ത് "വീട്ടുകാരോട് എന്റെ കാര്യം പറയാന്‍ മറക്കരുതേ" എന്നു മാത്രം ഓര്‍മിപ്പിച്ചു. ചോറ്റാനിക്കര ഗവ. വിഎച്ച്എസ് സ്കൂളിന് സ്റ്റേഡിയവും കംപ്യൂട്ടര്‍ലാബുമൊക്കെ സമ്മാനിച്ച ജേക്കബ്ബേട്ടനെ കുട്ടികള്‍ക്കറിയാം. അതിന്റെ തിളക്കം അവരുടെ കണ്ണുകളിലും പുഞ്ചിരി അവരുടെ ചുണ്ടിലും ഉണ്ടായിരുന്നു. ബസ് കാത്തുനിന്ന അധ്യാപകരോടും അദ്ദേഹം കുശലാന്വേഷണം നടത്തി. അവിടെയും തെരഞ്ഞെടുപ്പും രാഷ്ട്രീയവും വിഷയമായില്ല. വീട്ടുവിശേഷങ്ങളും സ്കൂള്‍കാര്യങ്ങളുമായിരുന്നു ചര്‍ച്ചാവിഷയം. സ്റ്റോപ്പിലെത്തിയ ബസുകളില്‍നിന്ന് ആളുകള്‍ എം ജെയെ എത്തിനോക്കുന്നുണ്ടായിരുന്നു. അവര്‍ക്കും ചിരി സമ്മാനിക്കാന്‍ മറന്നില്ല. ജങ്ഷനിലെ ഓട്ടോഡ്രൈവര്‍മാരും എം ജെയുടെ ചുറ്റുംകൂടി. ദൂരെനിന്നവരെ അദ്ദേഹം കൈ വീശി അരികിലെത്തിച്ചു. "എന്നെ പരിചയപ്പെടുത്തുന്നില്ല. വികസനമാണ് നമ്മുടെ ആവശ്യം. വികസനത്തിന്റെ കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായം ഇല്ലല്ലോ. എല്ലാവരും എന്നെ പരിഗണിക്കണം"- എം ജെ പറഞ്ഞു.
ക്ഷണമുള്ള ചില വീടുകള്‍കൂടി സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം. അല്‍പ്പസമയം ഇരിക്കാനും ചായ കുടിച്ച് പോകാമെന്നും സ്നേഹത്തോടെ നിര്‍ബന്ധിച്ച എല്ലാ വീട്ടുകാരോടും "അടുത്ത വട്ടമാകട്ടെ. കുറച്ചുപേരെക്കൂടി കാണാനുണ്ടെന്നു" പറഞ്ഞ് എം ജെ ഇറങ്ങി. രാവിലെ തിരുവാങ്കുളത്ത് ചില വീടുകള്‍ സന്ദര്‍ശിച്ചശേഷമാണ് ചോറ്റാനിക്കരയെത്തിയത്. വ്യാപാരികളുടെ ഹര്‍ത്താലായതിനാല്‍ കച്ചവടക്കാരെ കാണാനായില്ല. അവരെ കാണാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും അടുത്തവട്ടം വരുമെന്നുപറഞ്ഞാണ് എം ജെ ചോറ്റാനിക്കര വിട്ടത്. നീണ്ടയാത്രകള്‍ തെല്ലും മുഷിപ്പിക്കാത്ത എം ജെയെ ഒരോ വട്ടവും കൂടുതല്‍ ഉന്മേഷവാനായി കാണുന്നതിലെ സന്തോഷമാണ് അദ്ദേഹം സന്ദര്‍ശിച്ച മിക്കവരും പങ്കിട്ടത്.
(എം അഖില്‍)
പിറവം: എല്‍ഡിഎഫ് പൊതുയോഗങ്ങള്‍ 24 മുതല്‍
പിറവം: പിറവം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിന്റെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്ക് വിശദമായ രൂപരേഖ. തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന എല്‍ഡിഎഫ് നേതൃയോഗമാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ വിജയത്തിനായുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കിയത്. പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പഞ്ചായത്ത്തല പൊതുയോഗങ്ങള്‍ 24ന് ആരംഭിക്കും. 24ന് തിരുവാങ്കുളം, മുളന്തുരുത്തി, ഇരുമ്പനം. 25ന് കൂത്താട്ടുകുളം, തിരുമാറാടി, രാമമംഗലം, പിറവം. 26ന് മണീട്, എടയ്ക്കാട്ടുവയല്‍ , പാമ്പാക്കുട. 27ന് ആമ്പല്ലൂര്‍ , ഇലഞ്ഞി. 29ന് ചോറ്റാനിക്കര എന്നിങ്ങനെയാണ് പൊതുയോഗങ്ങളുടെ ക്രമീകരണം.
സംസ്ഥാനത്തെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ അമരക്കാര്‍ പിറവത്തെ ജനതയെ അഭിസംബോധന ചെയ്യും. 22, 23 തീയതികളിലായി മുഴുവന്‍ പഞ്ചായത്ത് കമ്മിറ്റികളും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. 24നകം ബൂത്ത് കമ്മിറ്റികള്‍ ചേരും. 24ന് സ്ഥാനാര്‍ഥിയുടെ ഭവനസന്ദര്‍ശനം ആരംഭിക്കാനും യോഗം തീരുമാനിച്ചു. എല്‍ഡിഎഫ് മണ്ഡലം ചെയര്‍മാന്‍ കെ എന്‍ ഗോപി അധ്യക്ഷനായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി, സിപിഐ ജില്ലാ സെക്രട്ടറി ഇ എ കുമാരന്‍ , എന്‍സിപി സംസ്ഥാന വൈസ്പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ , സംസ്ഥാന സെക്രട്ടറി മാമ്മന്‍ ഐപ്പ്, ജനതാദള്‍ എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം ജോസ് തെറ്റയില്‍ എംഎല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ യു ജോണ്‍കുട്ടി, ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജ്, പിറവം മണ്ഡലം പ്രസിഡന്റ് സോജന്‍ ജേക്കബ്, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സജി നിരപ്പുകാട്ടില്‍ , ആര്‍എസ്പി മണ്ഡലം സെക്രട്ടറി കെ കെ ശീലാസ് എന്നിവര്‍ സംസാരിച്ചു.
സ്ഥാനാര്‍ഥികളുടെ ചെലവ് 16 ലക്ഷം
തിരു: പിറവത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തെഞ്ഞെടുപ്പു പ്രചാരണത്തിനായി പരമാവധി ചെലവഴിക്കാവുന്ന തുക 16 ലക്ഷം രൂപയാണെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ അറിയിച്ചു. എല്ലാ സ്ഥാനാര്‍ഥികളും അവരെ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം ചെയ്യുന്ന തീയതി മുതല്‍ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്ന ദിവസംവരെയുള്ള തെരഞ്ഞെടുപ്പു ചെലവ് കൃത്യമായി പ്രത്യേകം എഴുതി സൂക്ഷിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ വഹിക്കുന്നതിന് മാത്രമായി എല്ലാ സ്ഥാനാര്‍ഥികളും പത്രിക സമര്‍പ്പിക്കുംമുമ്പ് പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചെലവും ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ നടത്താന്‍ പാടുള്ളൂ. തെരഞ്ഞെടുപ്പ് ചെലവ് എഴുതി സൂക്ഷിക്കുന്നതിനുള്ള രജിസ്റ്ററുകളും സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു ചെലവ് സൂക്ഷ്മ നിരീക്ഷണം നടത്തുന്നതിനുള്ള തെരഞ്ഞെടുപ്പു കമീഷന്റെ സംവിധാനങ്ങളെ സംബന്ധിച്ച വിവരങ്ങളടങ്ങുന്ന കൈപ്പുസ്തകത്തിന്റെ പകര്‍പ്പും എല്ലാ സ്ഥാനാര്‍ഥികള്‍ക്കും നല്‍കും. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ചെലവു സംബന്ധിച്ച കണക്കുകളുടെ അസ്സല്‍ പകര്‍പ് നിര്‍ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലത്തോടൊപ്പം ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പു ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
മനോരോഗികളായ 33 പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ യുഡിഎഫ് ശ്രമം
മൂവാറ്റുപുഴ: മനോരോഗികളായ 33 പേരെ പിറവം മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമം. ആമ്പല്ലൂര്‍ പഞ്ചായത്തിലെ ഏഴാംവാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പെലിക്കണ്‍ സെന്ററിലെ അന്തേവാസികളെയാണ് ബുധനാഴ്ച ഓഫീസ്സമയം കഴിഞ്ഞ് രണ്ടുവാഹനങ്ങളിലായി മൂവാറ്റുപുഴ താലൂക്ക് ഓഫീസില്‍ എത്തിച്ചത്. രോഗം ഭേദമായവരെയാണ് കൊണ്ടുവന്നതെന്ന് സ്ഥാപനത്തിന്റെ മാനേജരായ വൈദികന്‍ പറഞ്ഞെങ്കിലും സ്വന്തം പേരോ മേല്‍വിലാസമോ താമസസ്ഥലമോ അറിയാത്തവരായിരുന്നു വന്നവരില്‍ ഏറെയും. സ്ഥലത്തുണ്ടായിരുന്ന ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍എസ് ഷാനവാസ് ഇവരുടെ പേരുചേര്‍ക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടെങ്കിലും ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല. ഇവരുടെ ചിത്രമെടുക്കാന്‍ ഓഫീസ്സമയം കഴിഞ്ഞും ഉദ്യോഗസ്ഥര്‍ കാത്തിരിക്കുകയായിരുന്നു.
ക്രമക്കേട് നടത്തുന്ന വിവരം അറിഞ്ഞെത്തിയ സിപിഐ എം പ്രവര്‍ത്തകരെ രോഗികള്‍ക്കൊപ്പമുണ്ടായിരുന്ന ആമ്പല്ലൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സൈബ സാജുദീന്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചത് സംഘര്‍ഷമുണ്ടാക്കി. പെലിക്കണ്‍ സെന്ററിന്റെ പ്രവര്‍ത്തകയാണെന്നാണ് ഇവര്‍ അറിയിച്ചത്. രോഗികളുമായെത്തിയ സ്ഥാപന മാനേജര്‍ ഫാ. തോമസും തങ്ങളുടെകൂടെ രാഷ്ട്രീയ പ്രവര്‍ത്തകരില്ല എന്നാണ് പറഞ്ഞത്. എന്നാല്‍ , പൊലീസ് എത്തിയപ്പോഴാണ് ഇവര്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണെന്നു വെളിപ്പെടുത്തിയത്. ബുധനാഴ്ച താലൂക്ക് ഓഫീസിലെത്തിച്ചവരുടെ പേരുചേര്‍ക്കാനായി ആമ്പല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ കത്തും ഹാജരാക്കിയിരുന്നു. മുന്‍കൂട്ടി ആസൂത്രണംചെയ്ത് ഉദ്യോഗസ്ഥരുമായി പറഞ്ഞുറപ്പിച്ചിരുന്നതിനാലാകാം ഹിയറിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫോട്ടോ എടുത്താണ് ഇവര്‍ മടങ്ങിയത് ഇവര്‍ മറ്റേതെങ്കിലും മണ്ഡലത്തിലെ വോട്ടറാണോ എന്നതടക്കമുള്ള കാര്യങ്ങളിലൊന്നും വ്യക്തതയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിറവം മണ്ഡലത്തില്‍ മനോരോഗികളായവരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ യുഡിഎഫ് ശ്രമിച്ചിരുന്നെങ്കിലും അന്ന് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അനുവദിച്ചില്ല.
deshabhimani 230212
യുഡിഎഫിന് ഇനിയും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് നേര്. അതേ സമയം എല്‍ഡിഎഫ് ചിട്ടയായി മുന്നേറുന്നതാണ് ചിത്രം. എല്‍ഡിഎഫിനു നിരത്താന്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഏറെ. കഴിഞ്ഞദിവസം കൈരളി ടിവി സംഘടിപ്പിച്ച "പോര്‍ക്കളം" പരിപാടിയില്‍ എം ജെ ജേക്കബ് തന്റെ മുന്‍കൈയില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞപ്പോള്‍ സദസ്സിലുണ്ടായിരുന്ന ജേക്കബ്ഗ്രൂപ്പുകാര്‍ അസ്വസ്ഥരായി. പിന്നെയും പട്ടിക നീണ്ടപ്പോള്‍ അവര്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ത്തന്നെ ശ്രമിച്ചു.
ReplyDelete