Thursday, February 23, 2012

മഹിളാ അസോസിയേഷന്‍ മാര്‍ച്ചും ധര്‍ണയും ഇന്ന്

കൊല്ലം: എഴുത്തുകാരിയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനസമിതി അംഗവുമായ ജയഗീതയെ ട്രെയിന്‍ യാത്രയ്ക്കിടെ മാനസികമായി പീഡിപ്പിച്ച ടിടിഇമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ വ്യാഴാഴ്ച മാര്‍ച്ചും ധര്‍ണയും നടത്തും. വൈകിട്ട് അഞ്ചിന് ഏരിയ കേന്ദ്രങ്ങളിലാണ് പ്രതിഷധമാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുക. ടിടിഇമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ റെയില്‍വേ തയ്യാറാകണമെന്നും ട്രെയിന്‍ യാത്രയ്ക്കിടെ നിരന്തരം സ്ത്രീകളെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാന്‍ എല്ലാ സ്ത്രീകളും രംഗത്തിറങ്ങണമെന്നും ജില്ലാ പ്രസിഡന്റ് എം ലീലാമ്മയും സെക്രട്ടറി സി രാധാമണിയും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

അപമര്യാദയായി പെരുമാറിയ ടിടിഇമാരെ ശിക്ഷിക്കണം: സിപിഐ എം

കൊല്ലം: ട്രെയിന്‍ യാത്രയ്ക്കിടയില്‍ സര്‍ക്കാര്‍ ജീവനക്കാരിയും എഴുത്തുകാരിയുമായ ജയഗീതയോട് അപമര്യാദയായി പെരുമാറിയ റെയില്‍വേ ജീവനക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് സിപിഐ എം കൊല്ലം ഏരിയകമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രാഥമിക വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കൈക്കൊണ്ട നടപടി റദ്ദാക്കിയത് ദുരപദിഷ്ഠവും പ്രതിഷേധാര്‍ഹവുമാണ്. ഇവരെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി ഉചിതമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് ഏരിയസെക്രട്ടറി പി സോമനാഥന്‍ പ്രസ്താനയില്‍ പറഞ്ഞു

എഐവൈഎഫ് റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

കൊല്ലം: യുവകവയിത്രി എം ആര്‍ ജയഗീതയെ ട്രെയിനില്‍ മാനസികമായി പീഡിപ്പിച്ച ജാഫര്‍ , പ്രവീണ്‍ എന്നീ ടിടിഇമാരെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നേതൃത്വത്തില്‍ റെയില്‍വേസ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. റെയില്‍വേ സ്റ്റേഷനു മുന്നില്‍ നടന്ന ധര്‍ണ സംസ്ഥാന ജോയിന്റ്സെക്രട്ടറി ജി ഉദയകുമാര്‍ ഉദ്ഘാടനംചെയ്തു. എഐവൈഎഫ് ജില്ലാപ്രസിഡന്റ് ടി സുനില്‍കുമാര്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി അഡ്വ. ആര്‍ സജിലാല്‍ , സി പി പ്രദീപ്, എ അസര്‍ഷ എന്നിവര്‍ സംസാരിച്ചു.

സസ്പെന്‍ഷന്‍ പിന്‍വലിച്ച നടപടി അവഹേളനം:വനിതാ സാഹിതി

തിരുവനന്തപുരം-ചെന്നെ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനില്‍ ടിടിഇമാര്‍ യാത്രക്കാരിയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ ടിടിഇമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ച റെയില്‍വേ നടപടി സ്ത്രീ സമൂഹത്തെ അവഹേളിക്കലാണെന്ന് വനിതാ സാഹിതി സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. യാത്രക്കാരി നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണംപോലും നടത്താതെയാണ് റെയില്‍വേയുടെ നടപടി.

deshabhimani 230212

1 comment:

  1. എഴുത്തുകാരിയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനസമിതി അംഗവുമായ ജയഗീതയെ ട്രെയിന്‍ യാത്രയ്ക്കിടെ മാനസികമായി പീഡിപ്പിച്ച ടിടിഇമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ വ്യാഴാഴ്ച മാര്‍ച്ചും ധര്‍ണയും നടത്തും. വൈകിട്ട് അഞ്ചിന് ഏരിയ കേന്ദ്രങ്ങളിലാണ് പ്രതിഷധമാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുക.

    ReplyDelete