Thursday, February 9, 2012

വലതുപക്ഷനയം കാപട്യം: വിഎസ്

വികസനത്തിന്റെ പേരില്‍ വലതുപക്ഷം സ്വീകരിക്കുന്ന കാപട്യപൂര്‍ണമായ സമീപനം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഏറ്റുപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് ഗവണ്‍മെന്റ് കഷ്ടിച്ച് അധികാരത്തില്‍ വന്നയുടനെ വികസന വായ്ത്താരിയുടെ പ്രളയം തന്നെയുണ്ടായി. ഇടതുപക്ഷ സര്‍ക്കാര്‍ കേരളം ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമാണ് വികസനമെന്നായിരുന്നു അവരുടെ പ്രചരണം. കേരളത്തില്‍  വികസനം വരാത്തതിന്റെ കാരണം കമ്മ്യൂണിസ്റ്റുകാരും ചെങ്കൊടിയും അവരുടെ തൊഴിലാളി സംഘടനകളും ആണെന്ന് ആക്ഷേപിക്കാനായിരുന്നു വികസനചര്‍ച്ചകള്‍ വലതുപക്ഷം ഉപയോഗിച്ചുപോന്നതെന്നും വിഎസ് പറഞ്ഞു. സിപിഐ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ടൗണ്‍ഹാളിലെ ജെ ചിത്തരഞ്ജന്‍ നഗറില്‍ സംഘടിപ്പിച്ച 'കേരളത്തിന്റെ സമഗ്രവികസനം' എന്ന വിഷയത്തിന്മേലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനവവികസനം ആത്യന്തികമായി സാമ്പത്തിക വളര്‍ച്ചയിലേയ്ക്കും സമഗ്രവളര്‍ച്ചയിലേയ്ക്കും നയിക്കുമെന്നതാണ് കേരള അനുഭവം. വിതരണത്തിലെ അസന്തുലിതാവസ്ഥ താരതമ്യേന കുറച്ചുകൊണ്ടുവരുവാന്‍ കഴിഞ്ഞതാണ് കേരളത്തിലെ സവിശേഷ പുരോഗതിയുടെ അടിസ്ഥാനം. ഇതാകട്ടെ ഉയര്‍ന്ന രാഷ്ട്രീയ-സാമൂഹ്യബോധത്തിന്റെയും സംഘടിതശേഷിയുടെയും നിരന്തര സമരങ്ങളുടെ ഫലമാണ്. ക്ഷേമപദ്ധതികളും സാര്‍ത്ഥകമായ അധികാരവികേന്ദ്രീകരണവുമെല്ലാമാണ് കേരളത്തിലെ മാനവവികസനത്തിന്റെ അടിസ്ഥാനം.

കാര്‍ഷികോല്‍പ്പാദനവും വ്യാവസായികോല്‍പ്പാദനവും കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുകയെന്നതാണ് കേരളത്തിന്റെ വികസനം നേരിടുന്ന പ്രധാന വെല്ലുവിളി. കാര്‍ഷികരംഗത്ത് ഇനിയും പിറകോട്ടുപോയാല്‍ കേരളത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും എന്ന് മനസ്സിലാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നെല്‍വയല്‍ സംരക്ഷണനിയമം കൊണ്ടുവന്നതും കാര്‍ഷികോല്‍പ്പാദന വര്‍ദ്ധനയ്ക്കുള്ള കര്‍മ്മപദ്ധതി നടപ്പാക്കിയതും. ഇടതുപക്ഷ പാര്‍ട്ടികളും മറ്റ് പുരോഗമനപ്രസ്ഥാനങ്ങളും കാര്‍ഷികരംഗത്ത് കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. തണ്ണീര്‍ത്തടങ്ങളും പാടങ്ങളും നികത്തുന്നത് തടഞ്ഞുകൊണ്ടുള്ള നിയമത്തെ അട്ടിമറിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

അടിസ്ഥാന സൗകര്യവികസനരംഗത്ത് കേരളത്തെ അവഗണിക്കുന്ന സമീപനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്നും വിഎസ് പറഞ്ഞു. വികസനത്തിന്റെ പേരില്‍ പ്രകൃതിയേയും പരിസ്ഥിതിയേയും ബലാല്‍ക്കാരം ചെയ്യുന്ന ഒരു പദ്ധതിയേയും അംഗീകരിക്കാനാവില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊച്ചിയില്‍ സ്‌കൈസിറ്റി പദ്ധതിക്ക് അനുമതി നല്‍കിയത് തികച്ചും നിയമവിരുദ്ധമാണെന്നും വിഎസ് ചൂണ്ടിക്കാട്ടി.

69 മുതല്‍ 77 വരെ കേരളം ഭരിച്ച അച്യുതമേനോന്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് പുതിയൊരു വികസനപന്ഥാവ് വെട്ടിത്തുറന്നതായി വിഷയം അവതരിപ്പിച്ചുകൊണ്ട് മുന്‍ റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഒട്ടേറെ മേഖലകളില്‍ വികസനമുന്നേറ്റം നടത്താന്‍ ഈ സര്‍ക്കാരിനായി.

ലോകത്തെ മാറ്റങ്ങള്‍ക്കനുസൃതമായി വികസനകാഴ്ചപ്പാടിന് രൂപം നല്‍കണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചു. അച്യുതമേനോന്‍ സര്‍ക്കാര്‍ വികസനത്തിന്റെ കാര്യത്തില്‍ 'മോഡല്‍ ഗവണ്‍മെന്റ്' ആയിരുന്നു. പിന്നീട് വന്ന ഒരു സര്‍ക്കാരിനും അത് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. നമ്മുടെ വിഭവങ്ങള്‍ സംരക്ഷിക്കാത്തതാണ് കേരളത്തിന്റെ പിന്നോട്ടടിക്ക് കാരണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത എംപി വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. സി ദിവാകരന്‍ എംഎല്‍എ മോഡറേറ്ററായിരുന്നു. അഡ്വ. കെ രാജു എംഎല്‍എ സ്വാഗതം പറഞ്ഞു.

janayugom 090212

1 comment:

  1. വികസനത്തിന്റെ പേരില്‍ വലതുപക്ഷം സ്വീകരിക്കുന്ന കാപട്യപൂര്‍ണമായ സമീപനം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഏറ്റുപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് ഗവണ്‍മെന്റ് കഷ്ടിച്ച് അധികാരത്തില്‍ വന്നയുടനെ വികസന വായ്ത്താരിയുടെ പ്രളയം തന്നെയുണ്ടായി. ഇടതുപക്ഷ സര്‍ക്കാര്‍ കേരളം ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമാണ് വികസനമെന്നായിരുന്നു അവരുടെ പ്രചരണം. കേരളത്തില്‍ വികസനം വരാത്തതിന്റെ കാരണം കമ്മ്യൂണിസ്റ്റുകാരും ചെങ്കൊടിയും അവരുടെ തൊഴിലാളി സംഘടനകളും ആണെന്ന് ആക്ഷേപിക്കാനായിരുന്നു വികസനചര്‍ച്ചകള്‍ വലതുപക്ഷം ഉപയോഗിച്ചുപോന്നതെന്നും വിഎസ് പറഞ്ഞു. സിപിഐ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ടൗണ്‍ഹാളിലെ ജെ ചിത്തരഞ്ജന്‍ നഗറില്‍ സംഘടിപ്പിച്ച 'കേരളത്തിന്റെ സമഗ്രവികസനം' എന്ന വിഷയത്തിന്മേലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete