Thursday, February 23, 2012

സിബിഐ ഉന്നതരെ ദല്ലാള്‍ നന്ദകുമാര്‍ രഹസ്യമായി കണ്ടതായി വിവരം

കോര്‍പറേറ്റ് ദല്ലാളെന്ന് അറിയപ്പെടുന്ന ടി ജി നന്ദകുമാര്‍ സിബിഐ ഉന്നത ഉദ്യോഗസ്ഥരുമായി ഡല്‍ഹിയില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. നന്ദകുമാറിന്റെ അവിഹിത സ്വത്ത് സമ്പാദ്യത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടുന്നതിന് തൊട്ടുമുമ്പാണ് ഇയാള്‍ സിബിഐ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയത്.

അതിനിടെ നന്ദകുമാറിനെതിരെ അന്വേഷണത്തിന് ഡല്‍ഹിയിലെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇയാളുടെ ആതിഥ്യം സ്വീകരിച്ചത് വിവാദമായി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവരാണ് ഡല്‍ഹിയില്‍ നന്ദകുമാറിന്റെ ചെലവില്‍ ഉല്ലാസയാത്ര നടത്തിയത്. ഇയാളുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു സംഘത്തിന്റെ ദൗത്യം. നന്ദകുമാറിന്റെ ആതിഥ്യം സ്വീകരിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരാര്‍ ഉറപ്പിക്കുന്നതിനും കേസ് തീര്‍പ്പാക്കുന്നതിന് ജഡ്ജിമാരെ സ്വാധീനിക്കുന്നതിനും ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതായി നന്ദകുമാറിനെതിരെ ആരോപണമുണ്ട്. നമ്പര്‍ പ്ലേറ്റ് ഇടപാടിലും ഇടനിലക്കാരനായി രംഗത്തുള്ള നന്ദകുമാര്‍ കെപിസിസി ഉന്നതനുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 100 കോടിയില്‍പ്പരം രൂപയുടെ അവിഹിത സ്വത്ത് ഇയാളുടെ പേരിലുള്ളതായി ആരോപണമുണ്ട്. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍ പുരയ്ക്കലാണ് മുഖ്യമന്ത്രിക്ക് ഹര്‍ജി നല്‍കിയത്.

deshabhimani 230212