Thursday, February 23, 2012

വൈദ്യുതി വിറ്റത് ചെയര്‍മാന്റെ വിലക്കും മറികടന്ന്

ദേശീയ ഗ്രിഡ് വഴി മറ്റു സംസ്ഥാനങ്ങള്‍ക്ക് 50 ദശലക്ഷം യൂണിറ്റ് വൈദ്യുതി കേരളം വിറ്റത് ബോര്‍ഡ് ചെയര്‍മാന്റെ വിലക്കും മറികടന്ന്. ഇടുക്കിയില്‍ അമിതമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന വിവരം അറിഞ്ഞയുടന്‍ അത് നിര്‍ത്താന്‍ അന്നത്തെ കെഎസ്ഇബി ചെയര്‍മാന്‍ വി പി ജോയി വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപ്പായില്ല.

മന്ത്രിയുമായി അടുപ്പമുള്ള ബോര്‍ഡ് മെമ്പറുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു സപ്തംബറില്‍ അഞ്ചു ജനറേറ്റുകളും പ്രവര്‍ത്തിപ്പിച്ചത്. മഴക്കാലമായതിനാല്‍ നാലോ അഞ്ചോ ദശലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിക്കേണ്ടത് 10 ദശലക്ഷം വരെ ഉയര്‍ത്തിരുന്നു. അമിത ഉല്‍പാദനം നിര്‍ത്താന്‍ സ്ഥാനമൊഴിയുന്നതിനു മുമ്പ് വി പി ജോയി രേഖമൂലവും നിര്‍ദ്ദേശം നല്‍കി. എന്നാല്‍ അതും ഗൗനിച്ചില്ല. അമിതമായി ഉല്‍പാദിപ്പിച്ച വൈദ്യുതി യു ഐ സമ്പ്രദായത്തിലൂടെ (അണ്‍ഷെഡ്യൂള്‍ഡ് ഇന്റര്‍ചേഞ്ച്) ദേശീയ ഗ്രിഡിലേക്ക് പോയതിന് യൂണിറ്റിന് രണ്ടു രൂപ മാത്രമാണ് വില ലഭിച്ചത്. അന്ന് രണ്ടു രൂപയ്ക്ക് വൈദ്യുതി വിറ്റ കേരളം ഇപ്പോള്‍ നാലര രൂപയ്ക്കാണ് ദേശീയ ഗ്രിഡില്‍ നിന്ന് വാങ്ങുന്നത്. കരുതല്‍ ശേഖരമായി സൂക്ഷിക്കേണ്ട ഇടുക്കിലെ വെള്ളം പാഴാകുന്നതിനും 25 ദിവസം നീണ്ട അമിത ഉല്‍പാദനം ഇടയാക്കി.

പ്രതിസന്ധി പരിഹരിക്കാന്‍ കായംകുളം നിലയത്തില്‍ ചൊവാഴ്ച വൈദ്യുതി ഉല്‍പാദനം പുനരാരംഭിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും 150 മെഗാവാട്ട് വീതമാണ് കായംകുളത്തു നിന്ന് എത്തിച്ചത്. 10.67 രൂപാ നിരക്കിലുള്ള ഈ വൈദ്യുതിക്കായി പ്രതിദിനം നാലുകോടിയുടെ അധിക ബാധ്യതയാണ് വൈദ്യുതി ബോര്‍ഡ് ഏറ്റെുടുത്തിരിക്കുന്നത്. പിറവം ഉപതെരഞ്ഞെടുപ്പ് വരെ ഇത് തുടരാനാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
(ആര്‍ സാംബന്‍)

deshabhimani 230212

1 comment:

  1. ദേശീയ ഗ്രിഡ് വഴി മറ്റു സംസ്ഥാനങ്ങള്‍ക്ക് 50 ദശലക്ഷം യൂണിറ്റ് വൈദ്യുതി കേരളം വിറ്റത് ബോര്‍ഡ് ചെയര്‍മാന്റെ വിലക്കും മറികടന്ന്. ഇടുക്കിയില്‍ അമിതമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന വിവരം അറിഞ്ഞയുടന്‍ അത് നിര്‍ത്താന്‍ അന്നത്തെ കെഎസ്ഇബി ചെയര്‍മാന്‍ വി പി ജോയി വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപ്പായില്ല.

    ReplyDelete