Thursday, February 23, 2012

കുറ്റപത്രത്തില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി

നാനോ എക്സല്‍ തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡിസിസി അംഗം സുലൈമാന്‍ കൊണ്ടാഴി, കൊണ്ടാഴി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വേലായുധന്‍കുട്ടി എന്നിവരെയാണ് ഒഴിവാക്കിയത്. പഴയന്നൂര്‍ പൊലീസ് നല്‍കിയ എഫ്ഐആര്‍(304/11) പ്രകാരം ഇരുവരും പ്രതികളാണ്. പഴയന്നൂര്‍ എസ്ഐ എം മഹേന്ദ്രസിംഹന്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ 23ന് വടക്കാഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ സുലൈമാന്‍ , വേലായുധന്‍കുട്ടി എന്നിവര്‍ നാലും അഞ്ചും പ്രതികളാണ്. എന്നാല്‍ , കുറ്റപത്രത്തില്‍ ഇവര്‍ സ്ഥാനം പിടിച്ചില്ല. നാനോ എക്സലില്‍നിന്ന് ഏറ്റവും കൂടുതല്‍ തുക സമ്പാദിച്ചവരില്‍ 100 പേരെയാണ് കേസില്‍ പ്രതികളാക്കിയിരുന്നത്. എന്നാല്‍ , പ്രത്യേക അന്വേഷകസംഘത്തിലെ സിഐ എന്‍ മുരളീധരന്‍ കുറ്റപത്രം നല്‍കിയപ്പോള്‍ പലരെയും ഒഴിവാക്കുകയായിരുന്നു. തൃശൂര്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 63 പ്രതികളാണുള്ളത്. കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കിയതിനു പിന്നില്‍ ഭരണതലത്തിലെ ഉന്നതരുടെ ഇടപെടലുണ്ടായെന്നാണ് സൂചന.

എസ്വി അസോസിയേറ്റ്സ് എന്ന പേരില്‍ പ്രവര്‍ത്തിച്ച കമ്പനിയില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ 21,43,202 രൂപയാണ് സമ്പാദിച്ചത്. ലിസ്റ്റിലെ 95-ാമത്തെ പേരാണ് എസ്വി അസോസിയേറ്റ്സ്. 406, 420, 34 എന്നീ വകുപ്പുകള്‍ പ്രകാരവും പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്കീം ബാനിങ് ആക്ട്(1978) 3, 4, 5 സെക്ഷനുകള്‍ പ്രകാരവുമാണ് കേസ്. വടക്കേത്തറ നെടുവേലി സുകുമാരന്റെ ഭാര്യ ജയന്തിയാണ് ഒരു കേസിലെ പരാതിക്കാരി. ഇവര്‍ എസ്ഐക്കു മുമ്പാകെ നല്‍കിയ മൊഴിയിലും ഇരുവരുടെയും പേരുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. നാനോ എക്സല്‍ സ്ഥാപനത്തിന്റെ അധികാരികള്‍ എന്ന് പരിചയപ്പെടുത്തി തിരുവില്വാമലയിലുള്ള രാധാകൃഷ്ണന്‍ , കൊണ്ടാഴിയിലുള്ള സുലൈമാന്‍(ഡിസിസി മെമ്പര്‍), വേലായുധന്‍കുട്ടി, എളന്തടത്തുള്ള സജിതോമസ് എന്നിവര്‍ ക്ലാസുകള്‍ എടുത്തതായും മൊഴിയിലുണ്ട്.

പഴയന്നൂര്‍ എസ്ഐ മഹേന്ദ്രസിംഹന് തിരുവില്വാമല കുത്താമ്പുള്ളി കണിയാര്‍കോട്ട് രാശിവിഹാര്‍ സുരേഷ് നല്‍കിയ പരാതിയില്‍ സുലൈമാന്‍ ആറാംപ്രതിയാണ്. ജൂണ്‍ 28ന് നല്‍കിയ മൊഴിയില്‍ സുലൈമാന്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടുതല്‍ പണം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് മണി സര്‍ക്കുലേഷന്‍ സ്കീമില്‍ അംഗമാക്കി വിശ്വാസവഞ്ചന നടത്തിയതായും സുരേഷ് വ്യക്തമാക്കുന്നു. നാനോ എക്സല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും പല പ്രതികളും ഒളിവിലായതിനാല്‍ വിചാരണ തുടങ്ങിയിട്ടില്ല.

deshabhimani 230212

1 comment:

  1. നാനോ എക്സല്‍ തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡിസിസി അംഗം സുലൈമാന്‍ കൊണ്ടാഴി, കൊണ്ടാഴി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വേലായുധന്‍കുട്ടി എന്നിവരെയാണ് ഒഴിവാക്കിയത്. പഴയന്നൂര്‍ പൊലീസ് നല്‍കിയ എഫ്ഐആര്‍(304/11) പ്രകാരം ഇരുവരും പ്രതികളാണ്.

    ReplyDelete