Thursday, February 23, 2012

കുട്ടനാട് പാക്കേജ് യുഡിഎഫിലെ കക്ഷികള്‍ക്ക് കറവപ്പശുവെന്ന് കോണ്‍ഗ്രസ്

കുട്ടനാട് പാക്കേജിനെ യുഡിഎഫ് ഘടകകക്ഷികള്‍ കോടികളുടെ അഴിമതിക്കുള്ള മാര്‍ഗമാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ . മുഖ്യമന്ത്രിയുടെ നിര്‍ദേശം അവഗണിച്ച് കൃഷിവകുപ്പ് ജപ്പാന്‍ കമ്പനിയുടെ കൊയ്ത്തുമെതിയന്ത്രം വാങ്ങിയത് അഴിമതി ലക്ഷ്യമിട്ടാണെന്നും നേതാക്കള്‍ പറഞ്ഞു. പാക്കേജ് നടത്തിപ്പു സംബന്ധിച്ച് പഠിക്കാന്‍ കെപിസിസി നിയോഗിച്ച പ്രത്യേക സമിതിയംഗങ്ങള്‍ പങ്കെടുത്ത ഡിസിസി നേതൃയോഗത്തിലാണ് ഘടകകക്ഷി മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. പദ്ധതി നിര്‍വഹണത്തിന് നേതൃത്വം നല്‍കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണം വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

മുന്‍ മന്ത്രി സിറിയക് ജോണ്‍ ചെയര്‍മാനായ കെപിസിസി സമിതി ആലപ്പുഴ ഗസ്റ്റ്ഹൗസിലും ഡിസിസി ഓഫീസിലും നടത്തിയ സിറ്റിങ്ങിനുശേഷമാണ് ഡിസിസി നേതൃയോഗം ചേര്‍ന്നത്. കൃഷി, ജലസേചന വകുപ്പുകള്‍ കോടികള്‍ കൊള്ളയടിക്കുകയാണെന്ന് യോഗത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. 50 ക്ലാസ് കൊയ്ത്തുയന്ത്രങ്ങള്‍ വാങ്ങാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം അട്ടിമറിച്ച് 30 ക്ലാസ് യന്ത്രവും 10 കുബോട്ട യന്ത്രവും 10 മഹീന്ദ്ര യന്ത്രവും വാങ്ങാന്‍ ഉദ്യോഗസ്ഥതലത്തില്‍ തീരുമാനിച്ചു. അഗ്രോ ഇന്‍ഡസ്ട്രീസിലെയും കാര്‍ഷികോല്‍പ്പാദന കമീഷനിലെയും ഉദ്യോഗസ്ഥരും ഇതിന്റെ പിന്നിലുണ്ട്. ഇതിലൂടെ കോടികളുടെ കമീഷന്‍ ഉദ്യോഗസ്ഥര്‍ കൈപ്പറ്റി. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന പാടശേഖര ബണ്ടുനിര്‍മാണത്തിലും അഴിമതിയുണ്ടെന്ന് സമിതിക്കുമുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കൃഷിയില്ലാത്ത റാണി, ചിത്തിര പാടശേഖരങ്ങള്‍ ബണ്ടുനിര്‍മാണത്തിനായി ആദ്യം തെരഞ്ഞെടുത്തതും പൈല്‍ ആര്‍ഡ് സ്ലാബ് പദ്ധതിക്കെതിരെയും വിമര്‍ശനമുയര്‍ന്നു. പാക്കേജിന്റെ നടത്തിപ്പിന് നേതൃത്വം വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

കുട്ടനാട് പാക്കേജ് നടത്തിപ്പുമായി ബന്ധപ്പെട്ട് കൃഷി, ജലസേചന വകുപ്പുകള്‍ക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. കൃഷിമന്ത്രി കുട്ടനാട് സന്ദര്‍ശിക്കുന്നത് താറാവിറച്ചി തിന്നാനാണെന്നായിരുന്നു എംപിയുടെ ആരോപണം. സമാന്തര കനാലിനെച്ചൊല്ലി മന്ത്രി പി ജെ ജോസഫുമായും എംപി വാക്കേറ്റമുണ്ടാക്കിയിരുന്നു. ഈ വകുപ്പുകള്‍ കുട്ടനാട് പാക്കേജ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കെപിസിസി സമിതിയുടെ സിറ്റിങ്ങില്‍ ഘടകകക്ഷി മന്ത്രിമാര്‍ക്കും വകുപ്പുകള്‍ക്കുമെതിരായ രോഷപ്രകടനം. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അജയ്തറയില്‍ , ഇ എം അഗസ്തി, ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍ എന്നിവരടങ്ങുന്ന സമിതിയാണ് സിറ്റിങ്ങ്നടത്തിയത്. സമിതി തീരുമാനമില്ലാതെ കുട്ടനാട് സന്ദര്‍ശിച്ചതായി ആരോപണമുയര്‍ന്ന എം എ കുട്ടപ്പന്‍ സിറ്റിങ്ങില്‍ പങ്കെടുത്തില്ല.

deshabhimani 230212

1 comment:

  1. കുട്ടനാട് പാക്കേജിനെ യുഡിഎഫ് ഘടകകക്ഷികള്‍ കോടികളുടെ അഴിമതിക്കുള്ള മാര്‍ഗമാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ . മുഖ്യമന്ത്രിയുടെ നിര്‍ദേശം അവഗണിച്ച് കൃഷിവകുപ്പ് ജപ്പാന്‍ കമ്പനിയുടെ കൊയ്ത്തുമെതിയന്ത്രം വാങ്ങിയത് അഴിമതി ലക്ഷ്യമിട്ടാണെന്നും നേതാക്കള്‍ പറഞ്ഞു. പാക്കേജ് നടത്തിപ്പു സംബന്ധിച്ച് പഠിക്കാന്‍ കെപിസിസി നിയോഗിച്ച പ്രത്യേക സമിതിയംഗങ്ങള്‍ പങ്കെടുത്ത ഡിസിസി നേതൃയോഗത്തിലാണ് ഘടകകക്ഷി മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. പദ്ധതി നിര്‍വഹണത്തിന് നേതൃത്വം നല്‍കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണം വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

    ReplyDelete