Wednesday, February 1, 2012

ബിജന്‍ ധര്‍ സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറി


സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറിയായി ബിജന്‍ ധറിനെ വീണ്ടും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. 83 അംഗങ്ങളടങ്ങുന്ന സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. നാല് പേര്‍ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാക്കളായിരിക്കും. 2008ല്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ബിജന്‍ ധറിനെ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് ബിജന്‍ ധര്‍ രാഷ്ട്രീയരംഗത്തെത്തിയത്. 1968ല്‍ ത്രിപുര വിദ്യാര്‍ഥി ഫെഡറേഷന്‍ നേതാവായിരുന്നു. 1970ലെ എസ്എഫ്ഐ രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 15 വര്‍ഷം സിപിഐ എം സോനാമുര ഡിവിഷണല്‍ സെക്രട്ടറിയായിരുന്നു. 2002ല്‍ പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗമായി. സൈദ്ധാന്തിക പ്രശ്നങ്ങളിലുള്ള അഗാധമായ ജ്ഞാനവും അത് സുഗ്രാഹ്യമായ രീതിയില്‍ എഴുതാനും പ്രസംഗിക്കാനുമുള്ള കഴിവും ബിജന്‍ ധറിനെ വ്യത്യസ്തനാക്കുന്നു. വിവിധ സൈദ്ധാന്തിക പ്രശ്നങ്ങളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. സോനാമുറ ഡിവിഷനില്‍ സിപിഐ എം കെട്ടിപ്പടുക്കുന്നതിന് നിരവധി പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ സംഘടനാപരമായ അനുഭവവും അദ്ദേഹം നേടി.

മണിക് സര്‍ക്കാര്‍ , അനില്‍ സര്‍ക്കാര്‍ , ഖഗന്‍ദാസ്, ബാദല്‍ ചൗധുരി, നാരായണ്‍ രൂപിണി, അഘോര്‍ ദേബ്ബര്‍മ, തപന്‍ ചക്രവര്‍ത്തി, ഗൗതം ദാസ്, നിരഞ്ജന്‍ ദേബ്ബര്‍മ, ബജുബന്‍ റിയാങ്, മണിക് ദേ, നാരായണ്‍ കര്‍ , രമാ ദാസ് എന്നിവരടങ്ങുന്ന സംസ്ഥാന സെക്രട്ടറിയറ്റും രൂപീകരിച്ചു. 20-ാം പാര്‍ടി കോണ്‍ഗ്രസിലേക്ക് 36 പ്രതിനിധികളെയും മൂന്ന് നിരീക്ഷകരെയും തെരഞ്ഞെടുത്തു. പാര്‍ടി മുഖപത്രമായ "ദേശേര്‍ കൊഥ"യുടെ പത്രാധിപരായി ഗൗതം ദാസിനെ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
(വി ജയിന്‍)

deshabhimani news

1 comment:

  1. സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറിയായി ബിജന്‍ ധറിനെ വീണ്ടും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. 83 അംഗങ്ങളടങ്ങുന്ന സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. നാല് പേര്‍ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാക്കളായിരിക്കും. 2008ല്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ബിജന്‍ ധറിനെ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

    ReplyDelete