Wednesday, February 1, 2012

അന്ന് കുത്തക; ഇപ്പോള്‍ കൂട്ടുകച്ചവടം

ടൈംസ് ഓഫ് ഇന്ത്യ ബുധനാഴ്ച മുതല്‍ മാതൃഭൂമിയില്‍ നിന്ന് അച്ചടിച്ച് വിതരണം തുടങ്ങും. മാതൃഭൂമിയുടെ കേരളത്തിലെ എല്ലാ എഡിഷനുകളില്‍നിന്നുമായാണ് അച്ചടിയും വിതരണവും. ടൈംസ് ഉടമകളായ ബെന്നറ്റ് ആന്‍ഡ് കോള്‍മാന്‍ മാതൃഭൂമി വിഴുങ്ങുന്നതിനെതിരെ വന്‍ ഒച്ചപ്പാടും പ്രചാരണവും നടത്തിയ പത്രമാണ് മാതൃഭൂമി. എന്നാല്‍ മാതൃഭൂമിയുടെ ഏജന്‍സി ശൃംഖലയും സ്ഥാപനസൗകര്യങ്ങളും പൂര്‍ണമായി നല്‍കിയാണിപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ചുവപ്പുപരവതാനി വിരിച്ചിരിക്കുന്നത്.

1989ല്‍ ബെന്നറ്റ് ആന്‍ഡ് കോള്‍മാന്‍ മാതൃഭൂമി പിടിച്ചടക്കാന്‍ വരുന്നതായി നിലവിളിച്ച് എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ വലിയ പ്രചാരണം അഴിച്ചുവിട്ടിരുന്നു. "ദേശീയപത്ര"മായ മാതൃഭൂമിയെ കുത്തക വിഴുങ്ങുന്നെന്നായിരുന്നു അന്നത്തെ പ്രചാരണം. അതേ വീരേന്ദ്രകുമാര്‍ മാനേജിങ് ഡയറക്ടറായിരിക്കെയാണ് ടൈംസിനും കോള്‍മാനും മാതൃഭൂമിയുടെ വാതില്‍ തുറന്നുകൊടുത്തത്. ഇക്കാര്യത്തില്‍ ഇതേവരെ വീരേന്ദ്രകുമാറും കൂട്ടരും വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യ കേരളത്തില്‍നിന്ന് ഒറ്റയടിക്ക് പത്ത് എഡിഷനാണ് ആരംഭിക്കുന്നത്. മാതൃഭൂമിയുടെ പത്ത് എഡിഷനകളിലൂടെയാണ് ഇതിന്റെ അച്ചടി. വിതരണം, ഏജന്‍സി എന്നിവയിലെല്ലാം ഒന്നിച്ച് നീങ്ങാനാണ് രണ്ടു പത്രങ്ങളും തമ്മിലുണ്ടാക്കിയ ധാരണ.

മാതൃഭൂമി പത്രാധിപരും എഴുത്തുകാരി മാധവിക്കുട്ടിയുടെ മകനുമായ എം ഡി നാലാപ്പാട് തന്റെയും കുടുംബത്തിന്റെയും 20 ശതമാനം ഓഹരി 1989ല്‍ ടൈംസിന് വിറ്റിരുന്നു. മാതൃഭൂമിയുടെ മഹിമയും പാരമ്പര്യവും സ്വാതന്ത്ര്യസമര പോരാട്ട കഥകളും വിളമ്പി അന്ന് ടൈംസ് ഓഫ് ഇന്ത്യയെ ഓടിക്കാന്‍ വീരേന്ദ്രകുമാര്‍ നടത്തിയ ശ്രമങ്ങള്‍ മാതൃഭൂമിയുടെ പഴയ താളുകളിലുണ്ട്. മുന്‍ പത്രാധിപര്‍ കൂടിയായ വി എം നായരുടെ നാലാപ്പാട് കുടുംബത്തെ ഒതുക്കുക, മാതൃഭൂമിയില്‍ സമ്പൂര്‍ണാധിപത്യം സ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു വീരേന്ദ്രകുമാര്‍ 23 വര്‍ഷംമുമ്പ് കുത്തകവിരുദ്ധത മുഴക്കി ടൈംസിനെ അടിച്ചോടിക്കാന്‍ രംഗത്തുവന്നത്. സാംസ്കാരിക നായകരുടെയൊക്കെ പിറകെ നടന്ന് പ്രതികരണങ്ങള്‍ വാങ്ങിക്കയായിരുന്നു അന്ന്. ബെന്നറ്റ് കോള്‍മാന് ഓഹരി നല്‍കുന്നത് നിയമക്കുരുക്കിലാക്കിയ വീരേന്ദ്രകുമാര്‍ പിന്നീട് അധികാരവും സ്വാധീനവുമെല്ലാം പ്രയോഗിച്ച് ബെന്നറ്റ് ആന്‍ഡ് കോള്‍മാന്‍ വഴി നാലാപ്പാട് കുടുംബത്തിന്റെ ഓഹരികള്‍ സ്വന്തമാക്കി. നാലാപ്പാടിന്റെ ഓഹരികള്‍ കിട്ടിയതിന് പ്രത്യുപകാരമായാണ് വീരേന്ദ്രകുമാര്‍ ടൈംസ് എഡിഷനുകള്‍ക്ക് ഒത്താശ ചെയ്യുന്നതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. ഇന്ന് ടൈംസിനെ വരവേല്‍ക്കുമ്പോള്‍ മാതൃഭൂമി, വീരേന്ദ്രകുമാര്‍ കുടുംബത്തിന്റെ കുത്തകപത്രമാണ്.
(പി വി ജീജോ)

deshabhimani 010212

An earlier news

ടൈംസ് ഓഫ് ഇന്ത്യക്ക് വാതില്‍ തുറന്നിട്ട് മാതൃഭൂമി

2 comments:

  1. ടൈംസ് ഓഫ് ഇന്ത്യ ബുധനാഴ്ച മുതല്‍ മാതൃഭൂമിയില്‍ നിന്ന് അച്ചടിച്ച് വിതരണം തുടങ്ങും. മാതൃഭൂമിയുടെ കേരളത്തിലെ എല്ലാ എഡിഷനുകളില്‍നിന്നുമായാണ് അച്ചടിയും വിതരണവും. ടൈംസ് ഉടമകളായ ബെന്നറ്റ് ആന്‍ഡ് കോള്‍മാന്‍ മാതൃഭൂമി വിഴുങ്ങുന്നതിനെതിരെ വന്‍ ഒച്ചപ്പാടും പ്രചാരണവും നടത്തിയ പത്രമാണ് മാതൃഭൂമി. എന്നാല്‍ മാതൃഭൂമിയുടെ ഏജന്‍സി ശൃംഖലയും സ്ഥാപനസൗകര്യങ്ങളും പൂര്‍ണമായി നല്‍കിയാണിപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ചുവപ്പുപരവതാനി വിരിച്ചിരിക്കുന്നത്.

    ReplyDelete
  2. മാതൃഭൂമിയുമായി സഹകരിച്ച് പ്രസിദ്ധീകരണം ആരംഭിച്ച ടൈംസ് ഓഫ് ഇന്ത്യയുടെ പത്രവിതരണം രണ്ടാംദിവസവും മുടങ്ങി. ഏജന്റുമാര്‍ പത്രം ബഹിഷ്കരിച്ചതിനെത്തുടര്‍ന്നാണിത്. മാതൃഭൂമിയോടൊപ്പം കൂടുതല്‍ പേജുള്ള ഇംഗ്ലീഷ് പത്രം കുറഞ്ഞ കമീഷന്‍ നിരക്കില്‍ വിതരണം ചെയ്യാന്‍ സാധ്യമല്ലെന്നാണ് ഏജന്റുമാരുടെ നിലപാട്. സംസ്ഥാനാടിസ്ഥാനത്തിലുള്ള തീരുമാനത്തിന്റെ ഭാഗമായി തുടര്‍ന്നും ടൈംസ് ഓഫ് ഇന്ത്യ വിതരണം നടത്തില്ലെന്ന് ന്യൂസ് പേപ്പര്‍ ഏജന്റ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ബുധനാഴ്ച മാതൃഭൂമി കെട്ടുകളോടൊപ്പം ടൈംസ് ഓഫ് ഇന്ത്യ എത്തിയെങ്കിലും മാതൃഭൂമി മാത്രമാണ് ഏജന്റുമാര്‍ വിതരണം ചെയ്തത്. ടൈംസും വിതരണം ചെയ്യണമെന്ന് മാതൃഭൂമിയില്‍നിന്ന് സര്‍ക്കുലര്‍ മുഖേന ഏജന്റുമാരെ അറിയിച്ചിരുന്നു. മലയാളപത്രങ്ങള്‍ ഒന്നിന് പ്രതിമാസം 32 രൂപ 45 പൈസ കമീഷന്‍ നല്‍കുമ്പോള്‍ 50 പേജോളം വരുന്ന ടൈംസ് ഓഫ് ഇന്ത്യക്ക് 29 രൂപയാണ് കമീഷന്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ നിരക്കില്‍ ടൈംസ് ഓഫ് ഇന്ത്യ വിതരണം ചെയ്യാന്‍ സാധ്യമല്ലെന്ന് ഏജന്റുമാര്‍ രേഖാമൂലം മാതൃഭൂമിയില്‍ അറിയിച്ചു. കുറഞ്ഞ കമീഷന്‍ നിരക്കില്‍ ടൈംസ് ഓഫ് ഇന്ത്യ പത്രം ഏജന്റുമാരില്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച പകല്‍ മൂന്നിന് ഏജന്റുമാരും വിതരണക്കാരും പ്രകടനം നടത്തുമെന്നും അസോസിയേഷന്‍ അറിയിച്ചു.

    ReplyDelete