Thursday, February 23, 2012

ഇറ്റലിയുടെ ശ്രമം സൈനികരെ കടത്താന്‍

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഇറ്റലി കപ്പലില്‍നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ സൈനികരെ മോചിപ്പിക്കാന്‍ നീക്കം. റോമില്‍നിന്നുള്ള ആദ്യ ശ്രമത്തിന് തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യന്‍ നിയമപ്രകാരമുള്ള വിചാരണയില്‍നിന്ന് രക്ഷപ്പെടാനാണ് ഇറ്റലിയുടെ ശ്രമം. ഐക്യരാഷ്ട്ര സംഘടനയുടെ നിയമപ്രകാരം വിചാരണ നടത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഇറ്റലിയിലെ പത്രങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

പരസ്പര ധാരണയാകുന്നതുവരെ ഇവിടത്തെ നിയമനടപടികളുമായി ഇറ്റലി സഹകരിക്കണമെന്ന വിദേശമന്ത്രി എസ് എം കൃഷ്ണയുടെ പ്രസ്താവന സൂചിപ്പിക്കുന്നതും ഇന്ത്യ ശക്തമായ നിലപാടിലേക്ക് പോകില്ലെന്നാണ്. ഇന്ത്യക്കാരായ രണ്ടുപേരെ കാരണങ്ങളേതുമില്ലാതെ വിദേശസൈനികര്‍ കൊലപ്പെടുത്തിയിട്ടും അതിനനുസരിച്ചുള്ള പ്രതികരണമല്ല കേന്ദ്രസര്‍ക്കാര്‍ നടത്തിയതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഏത് വിധേനയും സൈനികരെ കേരളത്തില്‍നിന്ന് കടത്തുകയാണ് ഇറ്റലിയുടെ ശ്രമം. കേന്ദ്രസര്‍ക്കാരിന്റെ അയഞ്ഞ സമീപനം ഇതിന് സഹായകമാകുമെന്നാണ് കഴിഞ്ഞ രണ്ടുദിവസമായി തലസ്ഥാനത്ത് നടന്ന അന്തര്‍നാടകങ്ങള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ നിയമപ്രകാരം വിചാരണ നടത്താന്‍ സമ്മതിക്കില്ലെന്ന നിലപാടില്‍ ഇറ്റലിയില്‍നിന്നെത്തിയ മന്ത്രിമാരും പ്രശ്നപരിഹാര സംഘവും നയതന്ത്ര ഉദ്യോഗസ്ഥരും ഉറച്ചുനില്‍ക്കുകയാണ്. സിംഗപുരില്‍നിന്ന് ഈജിപ്തിലേക്ക് അന്താരാഷ്ട്ര കപ്പല്‍പാതയിലൂടെ ഇറ്റലിയുടെ പതാകയേന്തി പോയ തങ്ങളുടെ കപ്പലില്‍നിന്ന് വെടിവച്ചതില്‍ തെറ്റില്ലെന്നാണ് ഇറ്റലിയുടെ വാദം. അതിനാല്‍ ഇറ്റലിയുടെ നിയമപ്രകാരം വിചാരണ നടത്തണമെന്നും ഒത്തുതീര്‍പ്പെന്ന നിലയില്‍ യുഎന്‍ നിയമപ്രകാരം കേസ് നടത്താമെന്നുമാണ് ഇവരുടെ വാദം. എന്നാല്‍ , യുഎന്‍ നിയമപ്രകാരമുള്ള വിചാരണയ്ക്ക് വിട്ടുകൊടുത്താല്‍ സൈനികര്‍ക്ക് മതിയായ ശിക്ഷ നല്‍കാനോ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കാനോ സാധ്യതയില്ല. എന്നാല്‍ , ഇറ്റലിയുടെ നീക്കത്തെ തടയിടുന്ന ശ്രമങ്ങളൊന്നും ഇന്ത്യ നടത്തിയിട്ടില്ല. ബുധനാഴ്ച ചര്‍ച്ച നടത്തിയ വിദേശസഹമന്ത്രി പര്‍ണീത് കൗറിന്റെ പ്രസ്താവനയും പ്രശ്നത്തിന്റെ ഗൗരവത്തെ ഉള്‍ക്കൊള്ളുന്നതായിരുന്നില്ല. അവരുടെ വാദം അവര്‍ നിരത്തി, നമ്മുടെ വാദം നമ്മളും നിരത്തി- പര്‍ണീത് കൗര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

ചര്‍ച്ചകള്‍ വഴിമുട്ടി

ന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സൈനികരെ ഏതുവിധേനയും മോചിപ്പിക്കുന്നതിനുള്ള സമ്മര്‍ദതന്ത്രങ്ങളുടെ ഭാഗമായി ഇന്ത്യയിലെത്തിയ ഇറ്റലി ഉപവിദേശമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തുര ഇന്ത്യന്‍ വിദേശ സഹമന്ത്രി പ്രണീത് കൗറുമായി ചര്‍ച്ച നടത്തി. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്താണ് വെടിവയ്പ് നടന്നതെന്ന നിലപാട് ഇറ്റലി മന്ത്രി ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു. അറസ്റ്റിലായ ഇറ്റലി സൈനികര്‍ക്ക് ഇന്ത്യന്‍ നിയമത്തെ നേരിടേണ്ടി വരുമെന്ന് പ്രണീത് കൗര്‍ പറഞ്ഞു. നയതന്ത്രശ്രമങ്ങളുടെ ഭാഗമായി ഇറ്റലി വിദേശമന്ത്രി ഗുലിയോ ടെര്‍സി ഇന്ത്യയില്‍ എത്തുമെന്ന് സൂചനയുമുണ്ട്.

രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടെന്നത് തങ്ങള്‍ അംഗീകരിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നുവെന്ന് ;ഇറ്റലി മന്ത്രി ചര്‍ച്ചകള്‍ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അങ്ങേയറ്റം ഖേദകരമായ സംഭവമാണിത്. എന്നാല്‍ , ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കു പുറത്ത് അന്താരാഷ്ട്ര കപ്പല്‍പാതയിലാണ് സംഭവം നടന്നത്. കടല്‍ക്കൊള്ളക്കാരെന്നു കരുതി വെടിവയ്ക്കുകയായിരുന്നു. പലവട്ടം മുന്നറിയിപ്പ് നല്‍കിയശേഷമാണ് വെടിവച്ചത്. സംഭവം എവിടെവച്ച് നടന്നുവെന്നത് അറിയുന്നതിന് അന്വേഷണം നടക്കേണ്ടതുണ്ട്- മിസ്തുര പറഞ്ഞു. ഇന്ത്യന്‍ നിയമപ്രകാരമാകും കാര്യങ്ങള്‍ നീങ്ങുകയെന്ന് പ്രണീത് കൗര്‍ പറഞ്ഞു. നിയമവശങ്ങള്‍ പരിശോധിക്കുമ്പോള്‍ അവര്‍ക്ക് അവരുടേതും നമുക്ക് നമ്മുടേതുമായ വ്യാഖ്യാനങ്ങളുണ്ട്. ഇറ്റലി സൈനികര്‍ ഇപ്പോള്‍ ഇന്ത്യന്‍ മണ്ണിലാണ്- പ്രണീത് കൗര്‍ പറഞ്ഞു.

deshabhimani 230212

1 comment:

  1. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഇറ്റലി കപ്പലില്‍നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ സൈനികരെ മോചിപ്പിക്കാന്‍ നീക്കം. റോമില്‍നിന്നുള്ള ആദ്യ ശ്രമത്തിന് തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യന്‍ നിയമപ്രകാരമുള്ള വിചാരണയില്‍നിന്ന് രക്ഷപ്പെടാനാണ് ഇറ്റലിയുടെ ശ്രമം. ഐക്യരാഷ്ട്ര സംഘടനയുടെ നിയമപ്രകാരം വിചാരണ നടത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഇറ്റലിയിലെ പത്രങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

    ReplyDelete