ജുഡീഷ്യറിമുതല്‍ തെരഞ്ഞെടുപ്പു കമീഷന്‍വരെ കോണ്‍ഗ്രസ് ഭരണത്തിന്റെ ഭീഷണിക്ക് കീഴിലായ എത്രയേറെ സന്ദര്‍ഭങ്ങള്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിന് പറയാനുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടാന്‍ ശ്രമിച്ചതും ജഡ്ജിമാരെ കേന്ദ്രമന്ത്രിമാര്‍തന്നെ ഭീഷണിപ്പെടുത്തിയതും മറക്കാറായിട്ടില്ല. തെരഞ്ഞെടുപ്പു കമീഷനെ വരുതിക്കുകൊണ്ടുവരാന്‍ അതിലെ അംഗങ്ങളുടെ എണ്ണം കൂട്ടി കൃത്രിമ ഭൂരിപക്ഷമുണ്ടാക്കാന്‍ ശ്രമിച്ചതടക്കമുള്ള സംഭവങ്ങളും മറക്കാറായിട്ടില്ല. എല്ലാ ജനാധിപത്യതത്വങ്ങളും ഭരണഘടനാ രീതികളും അട്ടിമറിച്ചുകൊണ്ട് ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ തങ്ങളുടെ രാഷ്ട്രീയ വഴിക്കാക്കാന്‍ കോണ്‍ഗ്രസിന് അടിയന്തരാവസ്ഥപോലുള്ള മറപോലും ആവശ്യമില്ല എന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും തെരഞ്ഞെടുപ്പു കമീഷന്റെ അധികാരങ്ങള്‍ ചോര്‍ത്തിക്കളയാന്‍ നടത്തുന്ന ശ്രമം. അതിശക്തമായ, ജനാധിപത്യപരമായ ചെറുത്തുനില്‍പ്പിലൂടെ ആപല്‍ക്കരമായ ഈ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കേണ്ടിയിരിക്കുന്നു.
മാതൃകാപെരുമാറ്റച്ചട്ടം ലംഘിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ തെരഞ്ഞെടുപ്പു കമീഷന്‍ നടപടി എടുക്കുന്നതാണ് കോണ്‍ഗ്രസിനെയും അതിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണത്തെയും ഇപ്പോള്‍ അസ്വസ്ഥപ്പെടുത്തുന്ന പ്രശ്നം. ആ അസ്വസ്ഥത നീക്കാന്‍ എന്തു ചെയ്യണം? ഈ ചോദ്യത്തിനുമുന്നില്‍ കോണ്‍ഗ്രസ് നേതൃത്വവും യുപിഎ ഭരണനേതൃത്വവും ഒരു ഉത്തരമേ കാണുന്നുള്ളൂ. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ നടപടി എടുക്കാനുള്ള അധികാരം തെരഞ്ഞെടുപ്പു കമീഷനില്‍നിന്ന് എടുത്തുമാറ്റുക. എത്ര എളുപ്പമുള്ള പോംവഴി! ഇതിനുള്ള തകൃതിയായ ചര്‍ച്ചകളും കൂടിയാലോചനകളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്നത്. ഇത് പുറത്താവുകയും രാഷ്ട്രീയ പാര്‍ടികളില്‍നിന്ന് കടുത്ത എതിര്‍പ്പ് ഉയരുകയും ചെയ്തപ്പോള്‍ "ഇപ്പോള്‍ അങ്ങനെ ചിന്തിക്കുന്നില്ല" എന്ന് പറഞ്ഞ് കോണ്‍ഗ്രസ് വിവാദങ്ങളില്‍നിന്ന് തലയൂരാന്‍ ശ്രമം നടത്തി. എന്നാല്‍ , അതിനുശേഷവും തെരഞ്ഞെടുപ്പു കമീഷന്റെ അധികാരം എടുത്തുകളയാനുള്ള നീക്കം അണിയറയില്‍ തകൃതിയായി നടക്കുകതന്നെയാണ്. തെരഞ്ഞെടുപ്പു പരിഷ്കരണം സംബന്ധിച്ച് നടക്കാനിരിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ കമീഷനെ ദുര്‍ബലപ്പെടുത്താനുള്ള നിയമഭേദഗതിയുടെ കരട് സംബന്ധിച്ച നിര്‍ദേശം വരുമെന്ന അവസ്ഥയാണുള്ളത്. നിയമമന്ത്രാലയം അതിന്റെ പണിപ്പുരയിലാണ്.
നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, മന്ത്രി ബേണി പ്രസാദ് വര്‍മ എന്നിവര്‍ക്കെതിരെ തെരഞ്ഞെടുപ്പു കമീഷന്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍ മറ്റു നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ പ്രഖ്യാപനങ്ങളും പ്രസംഗങ്ങളും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കണ്ട് നടപടിയെടുത്തതും പ്രകോപനമായി. ഇതേത്തുടര്‍ന്ന് സല്‍മാന്‍ ഖുര്‍ഷിദ് തെരഞ്ഞെടുപ്പു കമീഷന്‍ നിയമമന്ത്രാലയത്തിന്റെ ഉപസ്ഥാപനമാണെന്ന് ധ്വനിപ്പിക്കുന്ന വിധത്തില്‍ സംസാരിച്ചു. തെരഞ്ഞെടുപ്പു കമീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടത്തിന് നിയമപിന്‍ബലം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചയായി. അങ്ങനെ ചെയ്താല്‍ കമീഷന് അതിന്റെ വിവേചനാധികാരം ഉപയോഗിച്ച് പ്രശ്നങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയില്ല. കമീഷന്റെ ഏതു തീര്‍പ്പും കോടതിയിലെത്തും. ചട്ടം ലംഘിച്ചയാള്‍ക്ക് അധികാരത്തില്‍ തുടരാന്‍ അവസരമുണ്ടാകും. കോടതിയുടെ തീര്‍പ്പ് വര്‍ഷങ്ങള്‍ കഴിഞ്ഞേ വരൂ എന്നതുകൊണ്ടാണിത്. മാതൃകാ പെരുമാറ്റച്ചട്ടത്തിന് നിയമത്തിന്റെ പിന്‍ബലം നല്‍കുക എന്നതുകേട്ടാല്‍ സ്വാഗതാര്‍ഹമെന്നേ ആര്‍ക്കും തോന്നൂ. പെരുമാറ്റച്ചട്ടം ലംഘിക്കുന്നയാളെ അധികാരത്തില്‍നിന്നു നീക്കിനിര്‍ത്താന്‍ കമീഷന് ഇപ്പോഴുള്ള അവകാശവും അധികാരവും എടുത്തുകളയാനുള്ള ഗൂഢതാല്‍പ്പര്യമാണ് ഇതിനു പിന്നിലെന്നത് സൂക്ഷ്മമായി പരിശോധിച്ചാലേ മനസ്സിലാകൂ.
നിയമമന്ത്രി ഖുര്‍ഷിദിനെ മന്ത്രിസഭയില്‍നിന്ന് നീക്കിനിര്‍ത്തണമെന്ന്, അദ്ദേഹത്തിന്റെ ചട്ടലംഘന പ്രസ്താവനവഴി കമീഷന്‍ നിശ്ചയിച്ചുവെന്ന് വയ്ക്കുക. പെരുമാറ്റച്ചട്ടത്തിന് നിയമപിന്‍ബലമുണ്ടായാല്‍ ഖുര്‍ഷിദിന് അടുത്ത നിമിഷം കമീഷന്‍ തീര്‍പ്പിനെ കോടതിയില്‍ ചോദ്യംചെയ്യാം. കോടതി തീര്‍പ്പുകല്‍പ്പിക്കുംവരെ അധികാരത്തില്‍ തുടരുകയും തുടര്‍ന്നും ചട്ടലംഘന പ്രസ്താവനകള്‍ നടത്തുകയും ചെയ്യാം. കമീഷന്‍ നിര്‍വീര്യമാകുമെന്നര്‍ഥം. ഈ നില വരുത്തുക എന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ആലോചന. പെരുമാറ്റച്ചട്ടത്തിന് നിയമത്തിന്റെ പിന്‍ബലം നല്‍കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും കമീഷന്‍ സ്വന്തം നിലപാട് പുനഃപരിശോധിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞതില്‍നിന്നുതന്നെ ഇത് വ്യക്തമാണ്. അഴിമതിപ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ നിയുക്തമായ മന്ത്രിതല സമിതിയുടെ അജന്‍ഡയില്‍ ഇപ്പോഴും "നിയമപിന്‍ബല" പ്രശ്നമുണ്ട്. ചുരുക്കത്തില്‍ , കമീഷനെ നിര്‍വീര്യമാക്കുക, അതിന്റെ അധികാരം എടുത്തുകളഞ്ഞ് ഒരു പാവസ്ഥാപനമാക്കി മാറ്റുക എന്നിവയാണ് ഉദ്ദേശ്യം. മാതൃകാപെരുമാറ്റച്ചട്ടം സംബന്ധിച്ച നടപടി അധികാരങ്ങള്‍ കമീഷനില്‍നിന്ന് എടുത്തുമാറ്റിയാല്‍ കമീഷന്‍ പല്ലില്ലാത്ത സിംഹമായി മാറും. ഇത് തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ് മുഖ്യതെരഞ്ഞെടുപ്പു കമീഷണര്‍ എസ് വൈ ഖുറേഷി ഈ നീക്കത്തിനെതിരെ കൃത്യമായി പ്രതികരിച്ചത്.
അഴിമതി പ്രശ്നങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതി ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയിലുള്ളതാണ്. അഴിമതിക്കേസില്‍ ആരോപണവിധേയനായ മന്ത്രി പി ചിദംബരം അടക്കമുള്ളവര്‍ അംഗങ്ങളായ ഈ സമിതി തെരഞ്ഞെടുപ്പു കമീഷന്റെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് നിയമപിന്‍ബലം നല്‍കുന്ന കാര്യം വ്യഗ്രതപ്പെട്ട് ചര്‍ച്ചചെയ്യുന്നുവെന്നതുതന്നെ ദുരൂഹമാണ്. ഈ മാസം 24നാണ് സമിതിയുടെ യോഗം നടക്കുന്നത്. കമീഷന്റെ ശാസന ഏറ്റുവാങ്ങിയ ഖുര്‍ഷിദിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് അജന്‍ഡയില്‍ ഈ ഐറ്റം ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. ഖുര്‍ഷിദാണ് ഇപ്പോഴത്തെ നീക്കത്തിന്റെ ഉപജ്ഞാതാവെങ്കിലും സമിതി അധ്യക്ഷന്‍ പ്രണബ് മുഖര്‍ജിയും സമാന ചിന്താഗതിതന്നെ പങ്കിടുന്നു എന്നത് ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തടയിടുന്നതാണ് കമീഷന്റെ പെരുമാറ്റച്ചട്ടം എന്നാണ് പ്രണബ് അഭിപ്രായപ്പെട്ടിട്ടുള്ളത്. തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടങ്ങളിലൊക്കെ വികസന പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുകയാണോ? അഥവാ, വികസനപ്രവര്‍ത്തനം തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നശേഷംതന്നെ നടത്തണമെന്ന് എന്താണിത്ര നിര്‍ബന്ധം. പ്രണബ് മുഖര്‍ജിയുടെ വാക്കുകളിലുള്ളത് തെരഞ്ഞെടുപ്പു കമ്മീഷനോടുള്ള അസഹിഷ്ണുതയാണ് എന്നത് പകല്‍പോലെ വ്യക്തമാണ്.
സ്വതന്ത്രവുംനീക്തിയുക്തവുമായി തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള കമീഷന്റെ പക്കലെ ഏക ആയുധമാണ് മാതൃകാപെരുമാറ്റച്ചട്ടം. അത് തട്ടിയെടുത്ത് കമീഷന്റെ കൈകള്‍ കെട്ടിയിടാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. കമീഷന്‍ നോക്കുകുത്തിയാകാതിരിക്കണമെങ്കില്‍ ജനാധിപത്യ ഇന്ത്യ ജാഗ്രതയോടെ ഈ നീക്കത്തെ ചെറുക്കേണ്ടതുണ്ട്.
deshabhimani editorial 230212
ഭരണഘടനാസ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ഭരണകൂടം അനുവദിക്കുന്നത് അവ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നിടത്തോളം മാത്രമാണ് എന്നത് ഇന്ത്യയില്‍ ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. സ്വതന്ത്രമായും നിര്‍ഭയമായും നിഷ്പക്ഷമായും നീതിയുക്തമായും നടപടികളെടുക്കുകയും അത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് അനുഗുണമല്ലാതെ വരികയും ചെയ്താല്‍ മതി, ആ നിമിഷം തീരും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്രമായ നിലനില്‍പ്പ്.
ReplyDelete