Monday, February 20, 2012

കാര്‍ഷിക കടബാധ്യത: വയനാട്ടില്‍ യുവകര്‍ഷകന്‍ ജീവനൊടുക്കി

പുല്‍പ്പള്ളി: കാര്‍ഷിക കടബാധ്യതയെത്തുടര്‍ന്ന് വയനാട്ടില്‍ ഒരു യുവകര്‍ഷകന്‍കൂടി ജീവനൊടുക്കി. മുള്ളങ്കൊല്ലി പഞ്ചായത്തില്‍ പെരിക്കല്ലൂരിലെ തലമുണ്ടകത്തില്‍ ജോബി (37)യെയാണ് ഞായറാഴ്ച രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ കടക്കെണിയെ തുടര്‍ന്ന് വയനാട്ടില്‍ ജീവിതം അവസാനിപ്പിച്ച അഞ്ചാമത്തെ യുവകര്‍ഷകനാണ് ജോബി.

പെരിക്കല്ലൂര്‍ കനറാ ബാങ്കില്‍ അരലക്ഷത്തിന്റെ കാര്‍ഷിക വായ്പയുണ്ട്. വ്യക്തികളില്‍നിന്ന് കാര്‍ഷികാവശ്യങ്ങള്‍ക്കായി ഒന്നരലക്ഷം കടം വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ജോബി കടുത്ത മാനസികപ്രയാസത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കാര്‍ഷിക കുടുംബത്തില്‍പ്പെട്ട ജോബി 70 സെന്റ് സ്ഥലത്ത് വാഴയും കമുകും കൃഷിചെയ്തിരുന്നു. കുടകില്‍ സൃഹൃത്തുക്കള്‍ക്കൊപ്പം ഏഴേക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷിയും നടത്തി. വിലകുറഞ്ഞതിനാല്‍ വിളവെടുപ്പിന്റെ സമയമായിട്ടും ഇഞ്ചി പറിച്ചില്ല. നാല് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഈയിനത്തില്‍ മാത്രം ഉണ്ടായതായി കണക്കാക്കുന്നു.

ഞായറാഴ്ച രാവിലെ കുടുംബാംഗങ്ങള്‍ പള്ളിയില്‍പോയി തിരിച്ചെത്തിയപ്പോഴാണ് ജോബിയെ വീടിനുള്ളില്‍ തൂങ്ങിയനിലയില്‍ കണ്ടത്. പുല്‍പ്പള്ളി സിഎച്ച്സിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുവര്‍ഷമായി കെഎസ്ആര്‍ടിസി മാനന്തവാടി ഡിപ്പോയില്‍ ഡീസല്‍ മെക്കാനിക്കാണ് ജോബി. പരേതനായ വര്‍ഗീസിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: സിന്ധു. മക്കള്‍ : ആന്‍മരിയ (7), അനല്‍ (3). സഹോദരങ്ങള്‍ : ലിസമ്മ, ഗ്രേസി, ഡെയ്സി, ജോളി (മുന്‍ മുള്ളങ്കൊല്ലി പഞ്ചായത്തംഗം), ഷോബി, ഷിബി. അമ്പലവയല്‍ സിഎച്ച്സിയില്‍ പോസ്റ്റുമോര്‍ട്ടംചെയ്ത മൃതദേഹം തിങ്കളാഴ്ച രാവിലെ 9.30ന് പട്ടാണിക്കൂപ്പ് ഉണ്ണീശോ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും. വയനാട്ടില്‍ കഴിഞ്ഞ ഏഴുമാസത്തിനിടെ കാര്‍ഷിക പ്രതിസന്ധിയെത്തുടര്‍ന്ന് ജീവനൊടുക്കുന്ന പത്തൊമ്പതാമത്തെ കര്‍ഷകനാണ് ജോബി.

deshabhimani 200212

1 comment:

  1. കാര്‍ഷിക കടബാധ്യതയെത്തുടര്‍ന്ന് വയനാട്ടില്‍ ഒരു യുവകര്‍ഷകന്‍കൂടി ജീവനൊടുക്കി. മുള്ളങ്കൊല്ലി പഞ്ചായത്തില്‍ പെരിക്കല്ലൂരിലെ തലമുണ്ടകത്തില്‍ ജോബി (37)യെയാണ് ഞായറാഴ്ച രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ കടക്കെണിയെ തുടര്‍ന്ന് വയനാട്ടില്‍ ജീവിതം അവസാനിപ്പിച്ച അഞ്ചാമത്തെ യുവകര്‍ഷകനാണ് ജോബി.

    ReplyDelete