Saturday, June 2, 2012

ഇനി പ്രസംഗം ഉമ്മന്‍ചാണ്ടി എഴുതിത്തരും


പൊലീസിനെ ഉപയോഗിച്ച് സംസ്ഥാനത്തെ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനത്തെ വേട്ടയാടാനുള്ള ശ്രമം യുഡിഎഫ് സര്‍ക്കാര്‍ ശക്തമാക്കി. സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസില്‍ നോട്ടീസ് പതിച്ചും പാര്‍ടി യോഗത്തില്‍ പ്രസംഗിച്ചതിന് തുടര്‍ച്ചയായി കേസെടുത്തും ജനാധിപത്യവ്യവസ്ഥയെയും ജനങ്ങളെയും തന്നെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും രസിക്കാത്തതൊന്നും പാര്‍ടിയോഗങ്ങളില്‍ പ്രസംഗിക്കാന്‍ പാടില്ലെന്ന നിലയ്ക്കാണ് പൊലീസിന്റെ പോക്ക്. യുഡിഎഫ് സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗം തുറന്നുകാട്ടിയാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീമിനെതിരെ ശനിയാഴ്ച ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. പൊലീസുകാരനെ ഭീഷണിപ്പെടുത്തിയെന്ന പേരിലാണ് രണ്ടാമതും കേസ്. അടിയന്തരാവസ്ഥയുടെ പ്രേതബാധയിലാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരുമെന്ന വിമര്‍ശനം ശരിവയ്ക്കുന്നതാണ് സര്‍ക്കാരിന്റെ നീക്കങ്ങള്‍.

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിന്റെ മറപിടിച്ച് സിപിഐ എമ്മിനെ വേട്ടയാടാനുള്ള നീക്കം ചെറുക്കാന്‍ പാര്‍ടിയെ സ്നേഹിക്കുന്നവരാകെ രംഗത്തിറങ്ങി. പാര്‍ടി ശത്രുക്കളും ഒറ്റുകാരും പാര്‍ടിവിരുദ്ധരും ഒഴികെയുള്ളവരാകെ പാര്‍ടിയെ സംരക്ഷിക്കാന്‍ ഒരേ മനസ്സോടെ അണിനിരക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. കിട്ടിയ അവസരം മുതലാക്കി ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയവരും നിരാശരായി. സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താനുള്ള സംഘടിതനീക്കം വിചാരിച്ചത്ര എളുപ്പമല്ലെന്നുകണ്ടപ്പോഴാണ് പുതിയ കേസുകള്‍ സൃഷ്ടിച്ചുള്ള കടന്നാക്രമണം. സിപിഐ എം ഇടുക്കി ജില്ലാകമ്മിറ്റി ഓഫീസില്‍ ജില്ലാസെക്രട്ടറി എം എം മണിക്കെതിരെ നോട്ടീസ് പതിക്കാനുള്ള നിര്‍ദേശം തലസ്ഥാനത്തുനിന്നാണ് പോയത്. "രഹസ്യകേന്ദ്രത്തില്‍" പൊലീസ് ചോദ്യംചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങള്‍ എന്ന പേരില്‍ ചില മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി പാര്‍ടിക്കെതിരെ അഴിച്ചുവിട്ട നിന്ദ്യമായ പ്രചാരവേലകളെ സാധൂകരിക്കാനാണ് മാധ്യമസ്വാതന്ത്ര്യമെന്ന അലമുറ. പൊലീസിന്റെ കെട്ടുകഥകള്‍ക്ക് നിറംപകര്‍ന്ന മാധ്യമങ്ങള്‍ ഒന്നുപോലും ഇത്തരം വാര്‍ത്തകളുടെ ആധികാരികതയെക്കുറിച്ച് മിണ്ടിയിട്ടില്ല. കൈയില്‍ അരിവാള്‍ പച്ചകുത്തിയ ഒരു പ്രതിയെക്കുറിച്ച് ഉപന്യസിക്കുക മാത്രമല്ല, പച്ചകുത്തിയ ചിത്രവും പുറത്തുവിട്ടു ചില മാധ്യമങ്ങള്‍. ഈ ചിത്രം അന്വേഷണസംഘം ഔദ്യോഗികമായി നല്‍കിയതല്ല. ഇതെങ്ങനെ പുറത്തുപോയെന്ന് പൊലീസ് മേധാവികള്‍ പരിശോധിച്ചതായും വിവരമില്ല. അതേസമയം, ഈ ചിത്രം മാധ്യമങ്ങള്‍ക്ക് എത്തിച്ചുകൊടുത്തത് ചൂണ്ടിക്കാട്ടിയ മുന്‍ മന്ത്രിയും എംഎല്‍എയുമായ എളമരം കരീമിനെതിരെ കേസെടുത്തു.

ഒഞ്ചിയം മേഖലയില്‍ പാര്‍ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകള്‍ കത്തിക്കുകയും തകര്‍ക്കുകയും തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുകയും ചെയ്ത ആര്‍എംപിക്കാര്‍ക്കെതിരെ പേരിനെങ്കിലും കേസെടുപ്പിക്കാന്‍ സിപിഐ എമ്മിന് എസ്പി ഓഫീസ് മാര്‍ച്ച് നടത്തേണ്ടിവന്നു. എന്നാല്‍, ജനപ്രതിനിധി കൂടിയായ കരീമിനെതിരെ കേസ് എടുക്കാന്‍ യുഡിഎഫ് നേതൃയോഗം നിര്‍ദേശം നല്‍കിയപ്പോള്‍ ഉമ്മന്‍ചാണ്ടിക്കും പൊലീസിനും ഒട്ടും ആലോചിക്കേണ്ടിവന്നില്ല. വ്യാഴാഴ്ച ആദ്യകേസ്, ശനിയാഴ്ച രണ്ടാമത്തെ കേസ്. എസ്പി ഓഫീസ് മാര്‍ച്ച് നടത്തിയതിന് മറ്റൊരു കേസുമുണ്ട്. സിപിഐ എമ്മിനെതിരായ ഏത് നീക്കവും ആഘോഷിക്കാന്‍ മാധ്യമസംഘം കൂറോടെ നില്‍ക്കുന്നത് യുഡിഎഫിന് ഹരംപകരുന്നു. ഇപ്പോഴത്തെ വിവാദങ്ങളെ വെല്ലുന്ന എത്രയോ കൊടുങ്കാറ്റുകള്‍ നേരിട്ട കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം വിസ്മരിച്ചാണ് യുഡിഎഫ്-മാധ്യമകൂട്ടുകെട്ടിന്റെയും പാര്‍ടിവിരുദ്ധ കേന്ദ്രങ്ങളുടെയും തീക്കളി.
(കെ എം മോഹന്‍ദാസ്)

deshabhimani 030612

1 comment:

  1. പൊലീസിനെ ഉപയോഗിച്ച് സംസ്ഥാനത്തെ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനത്തെ വേട്ടയാടാനുള്ള ശ്രമം യുഡിഎഫ് സര്‍ക്കാര്‍ ശക്തമാക്കി. സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസില്‍ നോട്ടീസ് പതിച്ചും പാര്‍ടി യോഗത്തില്‍ പ്രസംഗിച്ചതിന് തുടര്‍ച്ചയായി കേസെടുത്തും ജനാധിപത്യവ്യവസ്ഥയെയും ജനങ്ങളെയും തന്നെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും രസിക്കാത്തതൊന്നും പാര്‍ടിയോഗങ്ങളില്‍ പ്രസംഗിക്കാന്‍ പാടില്ലെന്ന നിലയ്ക്കാണ് പൊലീസിന്റെ പോക്ക്. യുഡിഎഫ് സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗം തുറന്നുകാട്ടിയാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരീമിനെതിരെ ശനിയാഴ്ച ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. പൊലീസുകാരനെ ഭീഷണിപ്പെടുത്തിയെന്ന പേരിലാണ് രണ്ടാമതും കേസ്. അടിയന്തരാവസ്ഥയുടെ പ്രേതബാധയിലാണ് ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരുമെന്ന വിമര്‍ശനം ശരിവയ്ക്കുന്നതാണ് സര്‍ക്കാരിന്റെ നീക്കങ്ങള്‍.

    ReplyDelete