Tuesday, June 19, 2012

ഇത് പൊലീസോ വേട്ടനായ്ക്കളോ


അമ്മയുടെ മുലപ്പാല്‍ കുടിച്ചുവളര്‍ന്ന ആരുമിത് ചെയ്യില്ല. കൂടപ്പിറപ്പുകളുള്ള; മക്കളുള്ള; മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടുള്ള ഒരുമനുഷ്യനും ഇതുചെയ്യാന്‍ കഴിയില്ല. പക്ഷേ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൊലീസിനു കഴിയും- സമരത്തിനിടയില്‍ നിലത്തുവീണുപോയ ഒരു കുട്ടിയെ അവന്റെ ശരീരം ഉടഞ്ഞുതീരുവോളം, ലാത്തി ഒടിഞ്ഞുവീഴുവോളം വളഞ്ഞിട്ടു തല്ലാന്‍ പൊലീസ് മൃഗങ്ങള്‍ക്കു മാത്രമേ മനസ്സുവരൂ. പിതൃനിര്‍വിശേഷമായ സ്നേഹത്തോടെയാണ് പൊലീസ് വിദ്യാര്‍ഥികളോട് പെരുമാറുന്നതെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞത്. ആ പിതൃവാത്സല്യമാണ് തിങ്കളാഴ്ച തലസ്ഥാനഗരത്തിന്റെ തെരുവില്‍ കുട്ടികളുടെ ചോരയും കണ്ണീരും വീഴ്ത്തിയത്; മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആര്‍ക്കും കണ്ടുനില്‍ക്കാന്‍ കഴിയാത്ത മര്‍ദനമാണുണ്ടായത്. കാക്കിക്കുള്ളിലെ കാട്ടാളന്മാരെ തെരഞ്ഞുപിടിച്ച് വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കാന്‍ നിയോഗിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി ഭരണം. ടി പി ചന്ദ്രശേഖരന്‍ വധത്തിനുശേഷം സംഘടിതമായി സിപിഐ എമ്മിനെതിരെ ഉയര്‍ത്തിയ വൈകാരിക പ്രചാരണം മറയാക്കി വിദ്യാര്‍ഥിസമരത്തെ അടിച്ചമര്‍ത്തണമെന്ന് പൊലീസ് സേനയുടെ തലപ്പത്തുനിന്ന് രേഖാമൂലം പോയ ഉത്തരവാണ് വേട്ടനായ്ക്കള്‍ നടപ്പാക്കുന്നത്.

സുപ്രധാന സ്ഥാനങ്ങളിലൊന്നില്‍ ഉമ്മന്‍ചാണ്ടി അവരോധിച്ച വിനീത ഭൃത്യനും യുഡിഎഫിന്റെ രാഷ്ട്രീയ അടിമയുമായ ഒരു ഉദ്യോഗസ്ഥനാണ് സേനയില്‍ ഇന്നുവരെ കേട്ടുകേള്‍വിയില്ലാത്ത രാഷ്ട്രീയ ഉത്തരവിനു പിന്നില്‍. എല്ലാ പൊലീസ് സ്റ്റേഷനിലേക്കും ഓഫീസര്‍മാരിലേക്കും ശനിയാഴ്ച തന്നെ ചെന്ന 352 എന്ന നമ്പരിലുള്ള ആ ഉത്തരവില്‍, വിദ്യാര്‍ഥിസമരത്തിനെതിരെ "കടുത്ത നടപടി" സ്വീകരിക്കാനാണ് ആവശ്യപ്പെടുന്നത്. ഏതെങ്കിലും സ്വകാര്യ ആവശ്യങ്ങള്‍ക്കായല്ല വിദ്യാര്‍ഥികള്‍ സമരംചെയ്യുന്നത്; അവരിലൊരാളായ അനീഷ് രാജന്‍ എന്ന ചെറുപ്പക്കാരനെ നിഷ്കരുണം കൊന്നുതള്ളിയ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ്. ഒരു പ്രസംഗത്തെ മറയാക്കി മൂന്നു പതിറ്റാണ്ടുമുമ്പത്തെ കേസുകളുടെ അസ്ഥിവാരം തോണ്ടുന്ന പൊലീസിന്, അനീഷ് രാജന്റെ കൊലയാളികള്‍ കണ്‍മുന്നിലൂടെ നടക്കുന്നത് പ്രശ്നമല്ല. കേസ് നേര്‍വഴിക്ക് അന്വേഷിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുമ്പോള്‍ പൊലീസ് അതിന് ലാത്തികൊണ്ടാണ് മറുപടി നല്‍കുന്നത്. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അനീഷ് രാജനെ കൊലപ്പെടുത്തിയിട്ട് മൂന്നുമാസമായി. അക്രമിസംഘത്തില്‍ ഒമ്പതോളം പേരുണ്ടെന്ന മൊഴി സാക്ഷികള്‍ നല്‍കിയതാണ്. അത് അന്വേഷിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല. കോണ്‍ഗ്രസ് സംസ്ഥാന- ജില്ലാ നേതൃത്വം നേരിട്ട് ഇടപെടുകയാണ്. ഒമ്പതില്‍ രണ്ടുപേരെയേ ഇതുവരെ പിടിച്ചിട്ടുള്ളൂ. കേസ് അട്ടിമറിക്കുന്നതിനായി മഞ്ഞപ്പെട്ടിയിലെ തോട്ടംതൊഴിലാളികളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചു. പല ദൃക്സാക്ഷികളില്‍നിന്നും ഇതുവരെ മൊഴിയെടുത്തിട്ടില്ല. അതും കടന്ന്, കൊല്ലപ്പെട്ട അനീഷ് രാജനെ നാലാംപ്രതിയാക്കി ക്രൈം നമ്പര്‍ 255/2012 ആയി പ്രതികളെ ആക്രമിച്ചെന്ന പേരില്‍ കേസെടുത്തു. അതില്‍ ആറ് സിപിഐ എം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരെ ജാമ്യംകിട്ടാത്ത വകുപ്പുചേര്‍ത്ത് കേസെടുത്ത് ജയിലിലടച്ചു.

അക്രമികള്‍ പുറത്തും ആക്രമിക്കപ്പെട്ടവര്‍ ജയിലിലും എന്ന വിചിത്രമായ അവസ്ഥയാണ് അവിടെയുള്ളത്. യുഡിഎഫ് സര്‍ക്കാരിന്റെയും പൊലീസിന്റെയും ഈ പ്രകടമായ നിയമലംഘനമാണ് വിദ്യാര്‍ഥികളുടെ സമരത്തിനാധാരം. ഒരു നാട്ടില്‍ രണ്ടുതരം നീതിപാലനം അനുവദിക്കാനാകില്ല. അനീഷ് രാജനെ കൊന്നവരും മലപ്പുറം ജില്ലയില്‍ ഇരട്ടക്കൊല നടത്തിയവരുമാണ് പൊലീസിനെ ഭരിക്കുന്നത്. വടകരയിലെ ഒരു കൊലപാതകക്കേസിന്റെ പേരില്‍ പൊലീസിന്റെയും ഭരണത്തിന്റെയും മാധ്യമസ്വാധീനത്തിന്റെയും വന്യമായ എല്ലാ കഴിവും ഉപയോഗിച്ച് സിപിഐ എമ്മിനെ കൊത്തിക്കീറാന്‍ മെനക്കെട്ടു നില്‍ക്കുന്നവരാണ്, പ്രത്യക്ഷത്തില്‍ത്തന്നെ ഭരണകക്ഷിക്കാര്‍ കുറ്റവാളികളായ കേസ് നാണമില്ലാതെ അട്ടിമറിക്കുന്നത്. രണ്ടുതരം പരിപാടിയിലും കാക്കിക്കോലങ്ങളാണ് യുഡിഎഫിന്റെ ആയുധമായി അധഃപതിക്കുന്നത്. ഭരിക്കുന്നവര്‍ക്കുവേണ്ടി, അവരുടെ ചെരുപ്പുനക്കാന്‍ തയ്യാറാകുന്ന അധമന്മാര്‍ പൊലീസ് സേനയ്ക്കെന്നല്ല; പരിഷ്കൃതസമൂഹത്തിനുതന്നെ ചേര്‍ന്നവരല്ല. ഭരണം നടത്തുന്നവര്‍ കുനിയാന്‍ പറയുമ്പോള്‍ കമഴ്ന്നുവീണ് മൂക്ക് നിലത്തുരയ്ക്കുന്ന ഈ ഹീനജന്മങ്ങള്‍ തുറന്നുകാട്ടപ്പെടണം. തലസ്ഥാനത്ത്, ബോധംകെട്ടുവീണ കുട്ടികളെപ്പോലും വളഞ്ഞിട്ട് തല്ലിക്കൊണ്ടിരിക്കുകയും എന്നിട്ടും അരിശം തീരാഞ്ഞ് ചവിട്ടിത്തെറിപ്പിച്ച് ലാത്തിയുമായി അലറി, അടുത്ത ആളിനെ നോക്കി ഓടുകയും ചെയ്ത പൊലീസുകാരെ ചാനല്‍ദൃശ്യങ്ങളില്‍ വ്യക്തമായി കാണാവുന്നതാണ്.

സമാധാനപരമായി സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കു നേരെയാണ് ഇവര്‍ ഗ്രനേഡും ലാത്തിയും മാറിമാറി പ്രയോഗിച്ചത്. എന്തേ ഇത് ജനാധിപത്യം നിലനില്‍ക്കുന്ന നാടല്ലാതായി മാറിയോ? ഉമ്മന്‍ചാണ്ടിക്ക് കൊല്ലിനും കൊലയ്ക്കുമുള്ള അധികാരമാണോ നെയ്യാറ്റിന്‍കരയിലെ വിജയത്തോടെ ലഭിച്ചത്? കിട്ടിയ അവസരം ഉപയോഗിച്ച് പൊലീസിനെക്കൊണ്ട് ജനാധിപത്യപരമായ സമരങ്ങളെ അടിച്ചമര്‍ത്തിക്കളയാമെന്ന് ഉമ്മന്‍ചാണ്ടി ഭരണത്തിന് വ്യാമോഹിക്കാം. എന്നാല്‍, അത്തരം വ്യാമോഹങ്ങള്‍ യാഥാര്‍ഥ്യമായ അനുഭവം കേരളത്തിന്റെ ചരിത്രത്തിലില്ല. വിദ്യാര്‍ഥികളെ വിഷപ്പാമ്പിനെ തല്ലുന്നതുപോലെ തല്ലിച്ചതയ്ക്കുമ്പോള്‍ അതേ രീതിയില്‍ പ്രതികരണമുണ്ടാകാത്തത് ഏതെങ്കിലും ദൗര്‍ബല്യംകൊണ്ടാണെന്ന് ഉമ്മന്‍ചാണ്ടി കരുതിപ്പോയെങ്കില്‍ തെറ്റി. തല്ലുകൊണ്ടാല്‍ വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കും നോവും. ലാത്തികൊണ്ട് ആഞ്ഞടിച്ചാല്‍ ഏത് എല്ലും തകരുകയും ചെയ്യും. നിയമവിരുദ്ധമായി തല്ലുന്നവന്‍ കാക്കിയിട്ടതുകൊണ്ട് ആ തല്ലിന് നിയമസാധുതയുണ്ടാകില്ല.

പൊലീസിനെ ഗുണ്ടാപ്പണിക്ക് നിയോഗിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് ചിന്തിക്കാനുള്ള വിവേകം ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനും ഉണ്ടാകുമെന്നാണ് കരുതേണ്ടത്. എത്രയും വേഗം പൊലീസിനെ അടക്കിനിര്‍ത്തുന്നതാകും ഉചിതം. ഒരു കുട്ടിയുടെ മേലും പൊലീസ് തെമ്മാടിത്തത്തിന്റെ ലാത്തിയടി വീഴുന്ന അനുഭവമുണ്ടാകരുത്. ജനാധിപത്യപരമായി സമരം നടത്താനും പ്രതിഷേധിക്കാനുമുള്ള അവകാശം ഒരു പൊലീസുകാരനും അടിയറവയ്ക്കാന്‍ കേരളം തയ്യാറല്ല. തങ്ങളുടെ സഹപ്രവര്‍ത്തകന്റെ കൊലയാളികളെ പിടികൂടുക എന്ന നിയമപരമായ ആവശ്യവുമായി സമരംചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കുനേരെ ഉയരുന്ന ഓരോ കൈയും ഇന്നാട്ടിലെ ജനാധിപത്യത്തിന്റെയും നിയമസംവിധാനത്തിന്റെയും നേര്‍ക്കുള്ളതാണെന്നു തിരിച്ചറിയുന്ന ബഹുജനങ്ങളുടെ രോഷം എളുപ്പത്തില്‍ അണയുന്നതാകില്ലെന്ന് യുഡിഎഫ് ഭരണാധികാരികള്‍ ഓര്‍ക്കേണ്ടതുണ്ട്. ഒരു ഉപതെരഞ്ഞെടുപ്പു ജയത്തിന്റെ നെഗളിപ്പില്‍ പൊലീസ്രാജ് കൊണ്ടുവന്ന് എല്ലാം പിടിച്ചടക്കിക്കളയാമെന്നു കരുതുന്നവര്‍ക്ക് ജനങ്ങളാണ് മറുപടി നല്‍കുക. തിരുവനന്തപുരത്തു നടന്ന സമാനതകളില്ലാത്ത ലാത്തിച്ചാര്‍ജില്‍ കേരളത്തിലെമ്പാടും ഉയരുന്ന പ്രതിഷേധം അത്തരമൊരു മറുപടിയാകും.

deshabhimani editorial 190612

1 comment:

  1. അമ്മയുടെ മുലപ്പാല്‍ കുടിച്ചുവളര്‍ന്ന ആരുമിത് ചെയ്യില്ല. കൂടപ്പിറപ്പുകളുള്ള; മക്കളുള്ള; മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടുള്ള ഒരുമനുഷ്യനും ഇതുചെയ്യാന്‍ കഴിയില്ല. പക്ഷേ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൊലീസിനു കഴിയും- സമരത്തിനിടയില്‍ നിലത്തുവീണുപോയ ഒരു കുട്ടിയെ അവന്റെ ശരീരം ഉടഞ്ഞുതീരുവോളം, ലാത്തി ഒടിഞ്ഞുവീഴുവോളം വളഞ്ഞിട്ടു തല്ലാന്‍ പൊലീസ് മൃഗങ്ങള്‍ക്കു മാത്രമേ മനസ്സുവരൂ. പിതൃനിര്‍വിശേഷമായ സ്നേഹത്തോടെയാണ് പൊലീസ് വിദ്യാര്‍ഥികളോട് പെരുമാറുന്നതെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞത്. ആ പിതൃവാത്സല്യമാണ് തിങ്കളാഴ്ച തലസ്ഥാനഗരത്തിന്റെ തെരുവില്‍ കുട്ടികളുടെ ചോരയും കണ്ണീരും വീഴ്ത്തിയത്; മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആര്‍ക്കും കണ്ടുനില്‍ക്കാന്‍ കഴിയാത്ത മര്‍ദനമാണുണ്ടായത്. കാക്കിക്കുള്ളിലെ കാട്ടാളന്മാരെ തെരഞ്ഞുപിടിച്ച് വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കാന്‍ നിയോഗിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി ഭരണം. ടി പി ചന്ദ്രശേഖരന്‍ വധത്തിനുശേഷം സംഘടിതമായി സിപിഐ എമ്മിനെതിരെ ഉയര്‍ത്തിയ വൈകാരിക പ്രചാരണം മറയാക്കി വിദ്യാര്‍ഥിസമരത്തെ അടിച്ചമര്‍ത്തണമെന്ന് പൊലീസ് സേനയുടെ തലപ്പത്തുനിന്ന് രേഖാമൂലം പോയ ഉത്തരവാണ് വേട്ടനായ്ക്കള്‍ നടപ്പാക്കുന്നത്.

    ReplyDelete