Saturday, June 16, 2012

പി ജയരാജനെ കുടുക്കാന്‍ കുത്സിത നീക്കങ്ങള്‍


അന്വേഷണത്തിന്റെ ഓരോ ഘട്ടവും ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നേരിട്ട് നിയന്ത്രിച്ച അരിയില്‍ ഷുക്കൂര്‍ കൊലക്കേസിന്റെ പേരില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെ വേട്ടയാടുന്നു. മുസ്ലിംലീഗ് നേതൃത്വത്തിന്റെ കടുത്ത ശത്രുതയാണ് ഇതിനുപിന്നില്‍. പള്ളികള്‍ ദുരുപയോഗിച്ചാണ് വര്‍ഷങ്ങളായി മുസ്ലിംലീഗ് പ്രവര്‍ത്തിക്കുന്നത്. ഷുക്കൂറിന്റെ മരണത്തെ തുടര്‍ന്ന് പള്ളികള്‍വഴി ഫണ്ട് പിരിക്കുന്നത് നിയമവും വകുപ്പും ഉദ്ധരിച്ച് ജയരാജന്‍ എതിര്‍ത്തിരുന്നു. ഇക്കാര്യത്തില്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയും കലക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കുകയുമുണ്ടായി. അതോടെ മുസ്ലിം സമൂഹത്തില്‍നിന്ന് ലീഗിന്റെ പള്ളിപ്പിരിവിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നു. ലീഗിനെ ഏറെ പ്രകോപിപ്പിച്ച സംഭവമാണിത്. ലീഗ് നേതൃത്വം ജയരാജനെ ശത്രുവായി പ്രഖ്യാപിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് ഷുക്കൂര്‍ കൊലക്കേസില്‍പെടുത്താനുള്ള ഹീനമായ നീക്കം. കേസിന്റെ നാള്‍വഴി പരിശോധിച്ചാല്‍ ജയരാജനെതിരായ ഗൂഢാലോചന വ്യക്തമാകും.

ഷുക്കൂറിനെ ജയരാജന്‍ കൊല്ലിച്ചു എന്ന ആരോപണമാണ് ആദ്യം ലീഗുകാര്‍ ഉന്നയിച്ചത്. കുറേ കഴിഞ്ഞപ്പോള്‍ കൊല്ലാന്‍ ഉത്തരവിട്ടു എന്നായി. പിറവം ഉപതെരഞ്ഞെടുപ്പിന് രണ്ടുദിവസം മുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സംഭവത്തിന് ഭീകര പരിവേഷം നല്‍കിയത്. പാര്‍ടികോടതി, വിചാരണ, വധശിക്ഷ തുടങ്ങിയ വിശേഷണങ്ങളടങ്ങിയ തിരക്കഥ യഥാര്‍ഥത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ രൂപപ്പെട്ടതാണ്. ജയരാജനെ കൊടും ക്രിമിനലെന്നനിലയില്‍ ചിത്രീകരിക്കുന്നതും ഈ തിരക്കഥയിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇടപെട്ടതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. അതുവരെ മാറിനിന്ന ലീഗ് അടക്കമുള്ള യുഡിഎഫ് കക്ഷികളുടെ നേതാക്കളും മന്ത്രിമാരും അരിയിലേക്ക് പ്രവഹിച്ചു. ജയരാജനെ കുടുക്കാനാകുന്നില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് പോകുമെന്ന സന്ദേശം ആഭ്യന്തരമന്ത്രി തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ജയരാജനെതിരെ തെളിവില്ലെന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കഴിയില്ലെങ്കില്‍ യൂണിഫോം അഴിച്ചുവച്ചോ എന്നു പറഞ്ഞ് അവഹേളിച്ചു.

അന്വേഷണച്ചുമതലയിലേക്ക് ഡിവൈഎസ്പി പി സുകുമാരന്‍ വന്നതോടെ ജയരാജനെതിരെ നിരന്തരം വാര്‍ത്തകള്‍ വന്നു. വ്യാജതെളിവുണ്ടാക്കാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമായിരുന്നു ഈ വാര്‍ത്തകള്‍. ചോദ്യം ചെയ്യാന്‍ വിളിക്കുന്നവരോട് "നിങ്ങള്‍ക്കിഷ്ടമുള്ളത് നിങ്ങള്‍ പറഞ്ഞോ. ഞങ്ങള്‍ക്കിഷ്ടമുള്ളത് ഞങ്ങള്‍ എഴുതു"മെന്ന് ഡിവൈഎസ്പി വളച്ചുകെട്ടില്ലാതെ പറഞ്ഞു. ജയരാജന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയ്ക്കുശേഷമാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത് എന്നു വരുത്താനാണ് ഇപ്പോള്‍ കൊണ്ടുപിടിച്ച ശ്രമം. എന്നാല്‍ ഉദ്ദേശിച്ചതുപോലെ ഇത് സ്ഥാപിച്ചെടുക്കാനാകാത്തത് പൊലീസിനെ വെട്ടിലാക്കിയിട്ടുണ്ട്.

deshabhimani 160612

1 comment:

  1. അന്വേഷണത്തിന്റെ ഓരോ ഘട്ടവും ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നേരിട്ട് നിയന്ത്രിച്ച അരിയില്‍ ഷുക്കൂര്‍ കൊലക്കേസിന്റെ പേരില്‍ സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെ വേട്ടയാടുന്നു. മുസ്ലിംലീഗ് നേതൃത്വത്തിന്റെ കടുത്ത ശത്രുതയാണ് ഇതിനുപിന്നില്‍. പള്ളികള്‍ ദുരുപയോഗിച്ചാണ് വര്‍ഷങ്ങളായി മുസ്ലിംലീഗ് പ്രവര്‍ത്തിക്കുന്നത്. ഷുക്കൂറിന്റെ മരണത്തെ തുടര്‍ന്ന് പള്ളികള്‍വഴി ഫണ്ട് പിരിക്കുന്നത് നിയമവും വകുപ്പും ഉദ്ധരിച്ച് ജയരാജന്‍ എതിര്‍ത്തിരുന്നു. ഇക്കാര്യത്തില്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയും കലക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കുകയുമുണ്ടായി. അതോടെ മുസ്ലിം സമൂഹത്തില്‍നിന്ന് ലീഗിന്റെ പള്ളിപ്പിരിവിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നു. ലീഗിനെ ഏറെ പ്രകോപിപ്പിച്ച സംഭവമാണിത്. ലീഗ് നേതൃത്വം ജയരാജനെ ശത്രുവായി പ്രഖ്യാപിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് ഷുക്കൂര്‍ കൊലക്കേസില്‍പെടുത്താനുള്ള ഹീനമായ നീക്കം. കേസിന്റെ നാള്‍വഴി പരിശോധിച്ചാല്‍ ജയരാജനെതിരായ ഗൂഢാലോചന വ്യക്തമാകും.

    ReplyDelete