Tuesday, June 12, 2012

മുസ്ലിംലീഗ് ക്രിമിനല്‍സംഘം സഹോദരങ്ങളെ വെട്ടിക്കൊന്നു


മുഖംമൂടി ധരിച്ചെത്തിയ മുസ്ലിംലീഗ് ക്രിമിനല്‍ സംഘം സഹോദരങ്ങളെ വെട്ടിക്കൊന്നു. മലപ്പുറം ജില്ലയിലെ അരീക്കോട് കുനിയില്‍ കൊളക്കാടന്‍ ഗുലാംഹുസൈന്റെ മക്കളായ കൊളക്കാടന്‍ അബൂബക്കര്‍ (കുഞ്ഞാപ്പു-48), ആസാദ് (37) എന്നിവരാണ് മരിച്ചത്. ദൃക്സാക്ഷിമൊഴിയുടെയും ബന്ധുക്കളുടെ പരാതിയുടെയും അടിസ്ഥാനത്തില്‍ ഏറനാട് മണ്ഡലം മുസ്ലിംലീഗ് എംഎല്‍എ പി കെ ബഷീര്‍ ഉള്‍പ്പെടെ ആറു ലീഗുകാര്‍ക്കും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കുമെതിരെ അരീക്കോട് പൊലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രി ഏഴരയോടെ അരീക്കോടിനടുത്ത് കുനിയില്‍ അങ്ങാടിയിലാണ് ഇരട്ടക്കൊല നടന്നത്. ടാറ്റാസുമോയിലും മാരുതി ആള്‍ട്ടോ കാറിലുമായി മുഖംമൂടി ധരിച്ചും അല്ലാതെയുമായാണ് അക്രമികള്‍ എത്തിയത്. സുമോയിലെത്തിയവര്‍ തറവാട് വീടിനു മുന്‍വശത്തെ കടയ്ക്കു മുന്നില്‍ സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കുകയായിരുന്ന ആസാദിനെ ആദ്യം വെട്ടിവീഴ്ത്തി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഒപ്പമുണ്ടായിരുന്നവരെ വിരട്ടിയോടിച്ചശേഷമായിരുന്നു ആക്രമണം. പീടികമുറിയിലേക്ക് തെറിച്ചുവീണ ആസാദിനെ സംഘം നിരവധിതവണ വെട്ടി. കുടല്‍മാല പുറത്തുചാടിയ നിലയിലായിരുന്നു. തലയ്ക്കും വെട്ടേറ്റിറ്റുണ്ട്. തറവാട് വീടിനോടു ചേര്‍ന്നുള്ള ഹാര്‍ഡ്വേര്‍ കടയുടെ മുറ്റത്ത് നില്‍ക്കുകയായിരുന്ന അബൂബക്കറിനെ ആള്‍ട്ടോയിലെത്തിയവരാണ് ആക്രമിച്ചത്. ഇരുവരെയും ഉടന്‍ ആശുപത്രികളില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചയോടെ മരിച്ചു. ആസാദ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 2.55നും അബൂബക്കര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുലര്‍ച്ചെ അഞ്ചോടെയുമാണ് മരിച്ചത്.

ദൃക്സാക്ഷി കൊളക്കാടന്‍ നജീബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എയ്ക്കും ലീഗ് പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തത്. ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പൊറ്റമ്മല്‍ മണ്ണില്‍ത്തൊടി അഹമ്മദ്കുട്ടി, പ്രവര്‍ത്തകരായ ഇര്‍ഷാദ്, സുഡാനി റഷീദ്, മുക്താര്‍, എന്‍ കെ അഷ്റഫ് എന്നിവരാണ് ഒന്നുമുതല്‍ അഞ്ചുവരെ പ്രതികള്‍. ഇവര്‍ക്കെതിരെ കൊലപാതകത്തിനും (302), ആറാം പ്രതിയായ പി കെ ബഷീര്‍ എംഎല്‍എയ്ക്കെതിരെ ഗൂഢാലോചന, കൊലപാതക പ്രേരണ, വധഭീഷണി എന്നവയ്ക്കുമാണ് (141,143,147,148) കേസ്.

അരീക്കോട്ടുനിന്ന് കുറ്റൂളി റോഡുവഴി വന്നസംഘം കൃത്യം നിര്‍വഹിച്ചശേഷം വാതിനൂര്‍-പറക്കാട് റോഡ് വഴി നിലമ്പൂര്‍ കാടുകളിലേക്കു കടന്നതായാണ് വിവരം. ടാറ്റാസുമോ മമ്പാട് പുള്ളിപ്പാടത്തിനു സമീപത്തെ വാഴക്കുന്നില്‍ റബര്‍ എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. സീറ്റിനടിയില്‍നിന്ന് വാള്‍ കണ്ടെടുത്തു. ഇത് കൃതം നിര്‍വഹിക്കാന്‍ ഉപയോഗിച്ചതല്ലെന്നാണ് കരുതുന്നത്. കൃത്യം നിര്‍വഹിച്ചശേഷം ആയുധങ്ങള്‍ ഉപേക്ഷിച്ചതായാണ് പൊലീസ് നിഗമനം. ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ വാഹനത്തിനു പുറത്ത് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം പി മോഹനചന്ദ്രനാണ് അന്വേഷണ ചുമതല. ഇദ്ദേഹത്തിന് കീഴില്‍ നാല് സിഐമാര്‍ ഉള്‍പ്പെടെ പതിനഞ്ചംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ ജനുവരിയില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ലീഗ് പ്രവര്‍ത്തകന്‍ കുനിയില്‍ നടുപ്പട്ടില്‍ ഹത്തീഖ് റഹ്മാന്‍ വെട്ടേറ്റ് മരിച്ചിരുന്നു. ഈ കേസിലെ പ്രതികളാണ് അബൂബക്കറും ആസാദും. ഇരുവരും ബിസിനസുകാരാണ്. ഖദീജയാണ് ഉമ്മ. ഖദീജയാണ് അബൂബക്കറിന്റെ ഭാര്യ. മക്കള്‍: ഗുലാംഹുസൈന്‍ (അജു), ഗുലാം പാഷ (സിജു), ഗുലാം ഷാറൂഖ്, ഗുലാം ഷാഹില്‍. മരുമകള്‍: ഫെബിത. നുസ്റത്ത് ജാന്‍ ആണ് ആസാദിന്റെ ഭാര്യ. മക്കള്‍: മുര്‍ഷ ഗുലാം, റിസ്ഹാന്‍ ഗുലാം, നസാബല്‍ ഫാത്തിമ. സഹോദരങ്ങള്‍: മൂസ, പാത്തുമ്മുണ്ണി, സുനീറ.

deshabhimani 120612

No comments:

Post a Comment