Sunday, June 3, 2012

പശുമല വെടിവയ്പ്പ് അനുയായികളെ കൊന്നുതള്ളിയതും കോണ്‍ഗ്രസ് ചരിത്രം


പശുമലയില്‍ തേയില തോട്ടം തൊഴിലാളി സമരത്തില്‍ പങ്കെടുത്ത സ്വന്തം അനുയായികളെ വെടിവച്ച് കൊന്നത് തിരു-കൊച്ചിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പാരമ്പര്യം. അനുയായികളെ ഒറ്റുകൊടുത്തതില്‍ നിന്നും പീരുമേട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും കൈകഴുകാനാവില്ല. വെടിവെപ്പ് വേളയില്‍ കോണ്‍ഗ്രസ് സര്‍ക്കാരും പാര്‍ടിയും നടത്തിയ കൊടിയ ചതി സമരമുഖത്ത് നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട പശുമലയിലെ ചെല്ലയ്യയെ പോലുള്ളവര്‍ ഇപ്പോഴും ഓര്‍മിക്കുന്നു.

1952 ഏപ്രില്‍ 22 നാണ് തിരു-കൊച്ചിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വണ്ടിപ്പെരിയാര്‍ പശുമല എസ്റ്റേറ്റിലെ സ്വന്തം അനുയായികളായ പാവപ്പെട്ട തോട്ടം തൊഴിലാളികള്‍ക്കെതിരെ പൊലീസിനെ കയറൂരി വിട്ടത്. അന്ന് നടത്തിയ വെടിവയ്പ്പിലും നരനായാട്ടിലും ഐഎന്‍ടിയുസി യൂണിയന്‍ അംഗങ്ങളും കോണ്‍ഗ്രസ് അനുഭാവികളുമായ രണ്ട് തേയില തോട്ടം തൊഴിലാളികള്‍ പിടഞ്ഞു മരിച്ചു. എന്നാല്‍ വെടിവെയ്പ്പില്‍ കൂടുതല്‍ ആളുകള്‍ മരിച്ചെന്നും മരിച്ചവരെ രഹസ്യമായി നീക്കം ചെയ്തതെന്നും അക്കാലത്ത് സംസാരമുണ്ടായിരുന്നു.
വണ്ടിപ്പെരിയാറിലെ പശുമല ട്രാവന്‍കൂര്‍ ടീ കമ്പനി തോട്ടംഉടമ തൊഴിലാളികളുടെ മക്കള്‍ക്ക് കഞ്ഞിവയ്ക്കാനുള്ള അരി നല്‍കുന്ന പിള്ളപ്പതിവ് സമ്പ്രദായം ഏകപക്ഷീയമായി നിര്‍ത്തലാക്കി. ഇതിനെതിരെ പീരുമേട്ടിലെ കോണ്‍ഗ്രസ് നേതാവ് എം എം സുന്ദരത്തിന്റെ നേതൃത്വത്തില്‍ പശുമലയില്‍ സമരം തുടങ്ങി. എസ്റ്റേറ്റ് മാനേജരുടെ ബംഗ്ലാവിലേക്ക് ഐഎന്‍ടിയുസി നേതൃത്വത്തില്‍ മാര്‍ച്ചും നടത്തി. തുടര്‍ന്ന് അരിവിതരണ കേന്ദ്രത്തില്‍ കടന്ന് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ അരി പിടിച്ചെടുത്തു. ഇതിനെ തുടര്‍ന്ന് തോട്ടം മാനേജ്മെന്റിന്റെ ഗുണ്ടകളും പൊലീസും ചേര്‍ന്ന് തൊഴിലാളികളെ ഭീകരമായി മര്‍ദിക്കുകയും നരനായാട്ട് നടത്തുകയും ചെയ്തു. പൊലീസിന്റെയും തോട്ടം ഗുണ്ടകളുടെയും ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ ഐഎന്‍ടിയുസി തീരുമാനിച്ചു. പിറ്റേന്ന് നെല്ലിമല, ഇഞ്ചിക്കാട്, പേക്കാനം, ചന്ദ്രവനം, തങ്കമല, മഞ്ചുമല തുടങ്ങി വിവിധ എസ്റ്റേറ്റുകളില്‍ നിന്നും നൂറുകണക്കിന് തൊഴിലാളികള്‍ കോണ്‍ഗ്രസ് പതാകയുമേന്തി പശുമലയിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍ ഒരു പ്രകോപനവുമില്ലാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുയായികള്‍ക്കെതിരെ പെലീസിനെ ഉപയോഗിച്ച് നിറയൊഴിപ്പിച്ചു. വെടിവെയ്പ്പില്‍ മാധവന്‍, പൊന്നയ്യന്‍ തുടങ്ങിയ തൊഴിലാളികള്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വെടിവെയ്പ്പിനെ തുടര്‍ന്ന് ഭീകരമായ നരനായാട്ടാണ് പൊലീസും ഗുണ്ടകളും നടത്തിയത്. സംഭവത്തെ തുടര്‍ന്ന് തെഴിലാളികള്‍ കാട്ടിലേക്ക് ഓടിപ്പോയി.

കോണ്‍ഗ്രസ് നേതൃത്വം എല്ലാവിധ ഒത്താശയും ഉടമകള്‍ക്ക് ചെയ്ത്കൊടുത്തു. കോണ്‍ഗ്രസ് മാനോജ്മെന്റിന്റെ സേവകരായപ്പോള്‍ പേടിച്ച് കാട്ടിലേക്ക് ഓടിപ്പോയ തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിരോധിച്ചത് കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു. പാര്‍ടി പശുമലയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ റോസമ്മപുന്നൂസ്, അബ്ദുള്‍വഹാബ് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. കാട്ടിലൊളിച്ച തൊഴിലാളികളെ മടക്കിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസോ ഐഎന്‍ടിയുസിയോ ഇടപെട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു പ്രശ്നത്തില്‍ ശക്തമായി ഇടപെട്ടത്.

അക്കാലത്ത് പീരുമേട് മേഖലയിലെ തോട്ടങ്ങളില്‍ ശക്തിയാര്‍ജിച്ച് വന്ന കമ്യൂണിസ്റ്റ്-തൊഴിലാളി പ്രസ്ഥനത്തിന്റെ വളര്‍ച്ചയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ആശങ്കയായിരുന്നു. ഇടത് തൊഴിലാളി യൂണിയനെയും പാര്‍ടിയേയും തകര്‍ക്കാനായി കോണ്‍ഗ്രസ് സര്‍ക്കാര്‍ തയാറാക്കി നിര്‍ത്തിയ പൊലീസ് തന്നെയാണ് കോണ്‍ഗ്രസ് അനുകൂലികളെ വെടിവെച്ച് വീഴ്ത്തിയത്. സ്വന്തം സര്‍ക്കാരിന്റെ കൊടിയ അടിച്ചമര്‍ത്തലിനെതിരെ പ്രതികരിക്കാനോ തൊഴിലാളികളെ സംരക്ഷിക്കാനോ തയാറാകാതെ കോണ്‍ഗ്രസ്-ഐഎന്‍ടിയുസി നേതാക്കളില്‍ വലിയ പങ്കും മാനേജ്മെന്റിന്റെ കൂടെയായിരുന്നു. കോണ്‍ഗ്രസിന്റെ വഞ്ചനയില്‍ പ്രതിഷേധിച്ച് എം എം സുന്ദരത്തോടൊപ്പം ഒട്ടേറെപ്പേര്‍കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് എഐടിയുസിയില്‍ ചേര്‍ന്നു.

അവകാശ സമരങ്ങളെ തുടര്‍ന്ന് തോട്ടം തൊഴിലാളികളെ വന്‍തോതില്‍ സ്വാധീനിച്ച ഇടതുപക്ഷ തൊഴിലാളി യൂണിയന്റെ പ്രവര്‍ത്തനത്തെ മുളയിലെ തകര്‍ക്കുന്നതിന് അറുപത് വര്‍ഷം മുമ്പ് തിരു-കൊച്ചിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രത്യേക പൊലീസ് സംവിധാനമൊരുക്കിയെങ്കിലും പ്രസ്ഥാനത്തെ തകര്‍ക്കാനായില്ലെന്ന് തമിഴ്നാട്ടിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവും അക്കാലത്ത് പീരുമേട്ടില്‍ ഒളിവില്‍ കഴിയവെ പാര്‍ടിയുടേയും യൂണിയന്റേയും പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുകയും ചെയ്ത അബ്ദുള്‍ വഹാബിന്റെ ജീവചരിത്രത്തില്‍ പറയുന്നുണ്ട്.

deshabhimani 030612

1 comment:

  1. പശുമലയില്‍ തേയില തോട്ടം തൊഴിലാളി സമരത്തില്‍ പങ്കെടുത്ത സ്വന്തം അനുയായികളെ വെടിവച്ച് കൊന്നത് തിരു-കൊച്ചിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പാരമ്പര്യം. അനുയായികളെ ഒറ്റുകൊടുത്തതില്‍ നിന്നും പീരുമേട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും കൈകഴുകാനാവില്ല. വെടിവെപ്പ് വേളയില്‍ കോണ്‍ഗ്രസ് സര്‍ക്കാരും പാര്‍ടിയും നടത്തിയ കൊടിയ ചതി സമരമുഖത്ത് നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട പശുമലയിലെ ചെല്ലയ്യയെ പോലുള്ളവര്‍ ഇപ്പോഴും ഓര്‍മിക്കുന്നു.

    ReplyDelete