Tuesday, September 11, 2012

കാര്‍ട്ടൂണിസ്റ്റിന്റെ അറസ്റ്റ്: വ്യാപക പ്രതിഷേധം

കാണ്‍പുര്‍: യുപിഎ സര്‍ക്കാരിന്റെ അഴിമതികളെ വിമര്‍ശിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കാണ്‍പുര്‍ സ്വദേശിയുമായ അസീം ത്രിവേദി (24)യെ മഹാരാഷ്ട്ര സര്‍ക്കാര്‍ അറസ്റ്റുചെയ്ത് ജയിലിലടച്ചതില്‍ പ്രതിഷേധം വ്യാപകം. അസീമിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹികപ്രവര്‍ത്തകരും കുടുംബാംഗങ്ങളും രംഗത്തെത്തി. അസീമിന്റെ അച്ഛന്‍ അശോക് ത്രിവേദിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കാണ്‍പുര്‍ എംപിയും കേന്ദ്ര കല്‍ക്കരിമന്ത്രിയുമായ ശ്രീപ്രകാശ് ജയ്സ്വാളിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. കാണ്‍പൂര്‍, ഉന്നാവോ ജില്ലകളില്‍നിന്നുള്ളവരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.

"കാര്‍ട്ടൂണ്‍സ് എഗയിന്‍സ്റ്റ് കറപ്ഷന്‍" (അഴിമതിക്കെതിരെയുള്ള കാര്‍ട്ടൂണുകള്‍) എന്ന തന്റെ വെബ്സൈറ്റിലൂടെ പ്രചരിപ്പിച്ച കാര്‍ട്ടൂണാണ് ത്രിവേദിയുടെ അറസ്റ്റിന് കാരണമായത്. ദേശീയപതാക, പാര്‍ലമെന്റ്, ഭരണഘടന എന്നിവയെ അപമാനിക്കല്‍, സൈബര്‍ കുറ്റകൃത്യം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറില്‍ അണ്ണാഹസാരെ സംഘം നടത്തിയ അഴിമതി വിരുദ്ധറാലിയില്‍ ഭരണഘടനയെ അപമാനിക്കുന്ന ബാനര്‍ പ്രദര്‍ശിപ്പിച്ചു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. അദ്ദേഹത്തെ 24 വരെ ആര്‍തര്‍റോഡ് ജയിലിലടയ്ക്കാന്‍ മുംബൈ കോടതി ഉത്തരവിട്ടു. അസീംത്രിവേദി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ മാര്‍ക്കണ്ഠേയ കട്ജു അഭിപ്രായപ്പെട്ടു.

അസീമിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അതിനെ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ത്രിവേദി ഒന്നിനെയും അപമാനിച്ചിട്ടില്ലെന്നും അറിവില്ലാത്തവര്‍ക്ക് അദ്ദേഹത്തിന്റെ കാര്‍ട്ടൂണിന്റെ അര്‍ഥം മനസിലാകില്ലെന്നും പ്രമുഖ അഭിഭാഷകന്‍ മഹേഷ് ജത്മലാനി പറഞ്ഞു. സ്വാതന്ത്ര്യസമര പാരമ്പര്യമുള്ള കുടുംബാംഗമായ തന്റെ മകനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റുചെയ്ത നടപടി വിരോധാഭാസമാണെന്ന് അശോക് പറഞ്ഞു. അസീമിന്റെ മുത്തച്ഛന്‍ രേവാ ശങ്കര്‍ ത്രിവേദി സ്വാതന്ത്രസമരസേനാനി ആയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരുമായി ആലോചിച്ച് അസീം ത്രിവേദിക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് ജയപ്രകാശ് ജയ്സ്വാള്‍ അശോക് ത്രിവേദിയെ അറിയിച്ചു.

സിപിഐ എം അപലപിച്ചു

ന്യൂഡല്‍ഹി: അസീം ത്രിവേദിയെ ജയിലിലടച്ച നടപടിയെ സിപിഐ എം പൊളിറ്റ്ബ്യൂറോ അപലപിച്ചു. ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത് നിഷ്ഠുരമാണ്. കേസ് പിന്‍വലിച്ച് ത്രിവേദിയെ വിട്ടയക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വകുപ്പ് ആവര്‍ത്തിച്ച് ദുരുപയോഗപ്പെടുത്തുന്നതിനാല്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 110912

1 comment:

  1. യുപിഎ സര്‍ക്കാരിന്റെ അഴിമതികളെ വിമര്‍ശിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കാണ്‍പുര്‍ സ്വദേശിയുമായ അസീം ത്രിവേദി (24)യെ മഹാരാഷ്ട്ര സര്‍ക്കാര്‍ അറസ്റ്റുചെയ്ത് ജയിലിലടച്ചതില്‍ പ്രതിഷേധം വ്യാപകം. അസീമിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹികപ്രവര്‍ത്തകരും കുടുംബാംഗങ്ങളും രംഗത്തെത്തി. അസീമിന്റെ അച്ഛന്‍ അശോക് ത്രിവേദിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കാണ്‍പുര്‍ എംപിയും കേന്ദ്ര കല്‍ക്കരിമന്ത്രിയുമായ ശ്രീപ്രകാശ് ജയ്സ്വാളിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. കാണ്‍പൂര്‍, ഉന്നാവോ ജില്ലകളില്‍നിന്നുള്ളവരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.

    ReplyDelete