Saturday, September 1, 2012

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ മൃതദേഹം ആര്‍എസ്എസ് ശാഖയ്ക്കു സമീപത്തെ കുളത്തില്‍


മാവേലിക്കര: കാണാതായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ ആര്‍എസ്എസ് ശാഖയ്ക്കടുത്തുള്ള ക്ഷേത്രക്കുളത്തില്‍. ഡിവൈഎഫ്ഐ ചെട്ടികുളങ്ങര ഈരേഴ വടക്ക് യൂണിറ്റ് പ്രസിഡന്റ് ഈരേഴ വടക്ക് നടുവിലേത്ത് പടീറ്റതില്‍ ബിന്‍സ് ജേക്കബ് കുര്യന്റെ (19) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ കാട്ടുവള്ളില്‍ ക്ഷേത്രക്കുളത്തില്‍ കണ്ടത്. മാവേലിക്കര പൊലീസെത്തി മൃതദേഹം കരയ്ക്കെടുത്തു. ബുധനാഴ്ചയാണ് ബിന്‍സിനെ കാണാതായത്. മുഖത്തും കണ്ണിന്റെ മുകളിലും ചതഞ്ഞ് വീര്‍ത്ത പാടുണ്ട്. വലതുകൈയിലും പരിക്കുണ്ട്. ആര്‍ഡിഒയുടെ നിര്‍ദേശപ്രകാരം മാവേലിക്കര ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ഡല്‍ഹിയിലുള്ള മാതാപിതാക്കള്‍ എത്തിയശേഷം സംസ്കരിക്കും. മാതാപിതാക്കള്‍ സ്ഥലത്തില്ലാത്തതിനാല്‍ അച്ഛന്റെ സഹോദരന്‍ സുരേഷ്കുമാറിനൊപ്പമാണ് താമസം. മറ്റം സെന്റ് ജോണ്‍സ് ഐടിസിയിലെ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ്. അച്ഛന്‍ മോഹനന്‍ ഡല്‍ഹിയില്‍ കമ്പനി ഉദ്യോഗസ്ഥനും അമ്മ വത്സമ്മ അവിടെ നേഴ്സുമാണ്. സഹോദരന്‍ മെല്‍ബിന്‍ ഡല്‍ഹിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.

തിരുവോണദിവസമായ ബുധനാഴ്ച ഓണകളികളില്‍ പങ്കെടുത്തശേഷം രാത്രി 9.30ന് വിഷ്ണു എന്ന സുഹൃത്തുമായി തിരികെ വീട്ടിലേക്ക് വന്നു. വിഷ്ണുവിന്റെ വീട് കഴിഞ്ഞ് കുറെക്കൂടി നടന്നാല്‍ ബിന്‍സിന്റെ വീടെത്തും. എന്നാല്‍ രാത്രി വീട്ടിലെത്തിയില്ല. കാണാതായതിനെ തുടര്‍ന്ന് ചിറ്റപ്പന്‍ വ്യാഴാഴ്ച പൊലീസില്‍ പരാതിയും നല്‍കി. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ബിന്‍സും കൂട്ടുകാരും അടുത്തകാലത്താണ് ഡിവൈഎഫ്ഐയില്‍ ചേര്‍ന്നത്. ഇതിന്റെ പേരില്‍ ആര്‍എസ്എസുകാര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കാട്ടുവള്ളില്‍ ക്ഷേത്രപരിസരം ആര്‍എസ്എസുകാരുടെ താവളമാണ്. പുറത്തുനിന്നുള്‍പ്പെടെ ആര്‍എസ്എസുകാരെ കൊണ്ടുവന്ന് ഇവിടെ ശാഖ നടക്കുന്നുണ്ട്. ഏതാനും ആഴ്ച മുമ്പാണ് ചെട്ടികുളങ്ങരയില്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ ആര്‍എസ്എസുകാര്‍ വ്യാപകമായി ആക്രമിച്ച് തകര്‍ത്തത്.

deshabhimani 010912

1 comment:

  1. കാണാതായ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ ആര്‍എസ്എസ് ശാഖയ്ക്കടുത്തുള്ള ക്ഷേത്രക്കുളത്തില്‍. ഡിവൈഎഫ്ഐ ചെട്ടികുളങ്ങര ഈരേഴ വടക്ക് യൂണിറ്റ് പ്രസിഡന്റ് ഈരേഴ വടക്ക് നടുവിലേത്ത് പടീറ്റതില്‍ ബിന്‍സ് ജേക്കബ് കുര്യന്റെ (19) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ കാട്ടുവള്ളില്‍ ക്ഷേത്രക്കുളത്തില്‍ കണ്ടത്.

    ReplyDelete