Friday, September 14, 2012
മുഖ്യമന്ത്രി വാക്കുപാലിച്ചില്ല; ആന്മേരിയും പുറത്ത്
എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ 23.41 കോടിയുടെ പദ്ധതി
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ 23.41 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് നബാര്‍ഡിന്റെ അംഗീകാരം. ആനുപാതിക വിഹിതം (15 ശതമാനം) നീക്കിവച്ച് പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരിലേക്ക് നിര്‍ദേശം സമര്‍പ്പിച്ചു. പി കരുണാകരന് എംപിയുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായാണ് രണ്ടാംഘട്ടത്തില്‍ സമര്‍പ്പിച്ച ഒമ്പത് പദ്ധതികള്‍ക്കുകൂടി നബാര്‍ഡ് "ആര്‍ഐഡിഎഫ്" പദ്ധതിയിലുള്‍പ്പെടുത്തി 19.9 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. 3.51 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നീക്കിവയ്ക്കണം. ഒന്നാംഘട്ടത്തില്‍ 117 കോടി രൂപ അടങ്കലില്‍ 225 പദ്ധതികള്‍ക്ക് കഴിഞ്ഞ മാര്‍ച്ചില്‍ അംഗീകാരമായതാണ്. ത്രിതല പഞ്ചായത്തുകള്‍, വിവിധ വകുപ്പുകള്‍ എന്നിവ മുഖേന നടപ്പാക്കുന്ന പദ്ധതി ഇപ്പോള്‍ നിര്‍വഹണഘട്ടത്തിലാണ്. ദുരിതമേഖലയില്‍ ബഡ്സ് സ്കൂളുകള്‍, ആശുപത്രികള്‍, കുടിവെള്ള പദ്ധതികള്‍, വിദ്യാലയങ്ങള്‍, പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍, അങ്കണവാടികള്‍ എന്നിവക്ക് പശ്ചാത്തല സൗകര്യമൊരുക്കാനാണ് നബാര്‍ഡ് പ്രത്യേക പാക്കേജ് അനുവദിച്ചത്.
കാസര്‍കോട് ജനറല്‍ ആശുപത്രി ഐപി ബ്ലോക്കിന് 8.4 കോടി, ബേഡഡുക്ക സിഎച്ച്സി ഐപി ബ്ലോക്ക് അനുബന്ധ സൗകര്യങ്ങള്‍ക്കായി 2.78 കോടി, കയ്യൂര്‍- ചീമേനി പഞ്ചായത്തില്‍ കുടിവെള്ള പദ്ധതിക്ക് പത്തുകോടി, മുള്ളേരിയ പിഎച്ച്സി സബ്സെന്ററുകള്‍ക്ക് 45 ലക്ഷം, ബദിയടുക്ക ബഡ്സ് സ്കൂള്‍ 1.45 കോടി, വേലേശ്വരം ഗവ. യുപി സ്കൂളിന് കെട്ടിടം 30 ലക്ഷം, ബെള്ളൂര്‍ ഐസിഡിപി സബ്സെന്ററിന് മൂന്നുലക്ഷം എന്നിങ്ങനെയാണ് രണ്ടാംഘട്ടത്തില്‍ അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍.
ജനറല്‍ ആശുപത്രിയിലും ജില്ലയില്‍ ഏറ്റവുമധികം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്ള കാറഡുക്ക ബ്ലോക്കിന് കീഴിലുള്ള ബേഡഡുക്ക സിഎച്ച്സിയിലും സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതോടെ ദുരിതബാധിതരുള്‍പ്പെടെ നിരവധി രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സംവിധാനമാകും. ദിനംപ്രതി നാനൂറോളം രോഗികളെത്തുന്ന ബേഡഡുക്ക സിഎച്ച്സിയില് ആവശ്യത്തിന് സൗകര്യമോ ഡോക്ടര്‍മാരോ ഇല്ലാത്തത് ദുരിതം വര്‍ധിപ്പിക്കുന്നുണ്ട്. പത്ത് കിടക്ക മാത്രമുള്ള ആശുപത്രിയിലേക്ക് അംഗീകരിച്ച 24 ബെഡ്ഡിനാവശ്യമായ ഐപി കെട്ടിടം, ഓപ്പറേഷന് തിയറ്റര്‍, പാലിയേറ്റീവ് കെയര്‍, ഫിസിയോതെറാപ്പി, ലാബ്, ഫാര്‍മസി എന്നിവയും പുതിയ പ്രോജക്ടിന്റെ ഭാഗമായി നിലവില്‍വരും. ദുരിതബാധിതര്ക്കുള്പ്പെടെ അതാത് മേഖലയില്‍ ചികിത്സയും മറ്റും നല്‍കുകയെന്ന ലക്ഷ്യത്തോടെ ആംബുലന്‍സും ലഭ്യമാകും. സ്കാനിങ്, ഫിസിയോതെറാപ്പി ഉപകരണങ്ങള്‍, ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ക്വാര്‍ട്ടേഴ്സ് എന്നിവയും പ്രോജക്ടിലുണ്ട്.
കാര്യങ്കോട് പുഴയുടെ സ്രോതസ്സുപയോഗിച്ച് കയ്യൂര്‍- ചീമേനി പഞ്ചായത്തിലെ കാക്കടവില്‍ ട്രീറ്റ്മെന്റ് പ്ലാന്റും ചാനടുക്കത്ത് റിസര്വോയറുമുള്പ്പെടുന്ന കുടിവെള്ള പദ്ധതി ആരംഭിക്കും. എട്ടുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള പദ്ധതിയിലൂടെ 63 കിലോമീറ്റര്‍ പ്രദേശത്തായി 25,000 പേര്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ സാധിക്കും. രണ്ടാംഘട്ടത്തില്‍ നബാര്‍ഡ് അംഗീകാരം ലഭിച്ച ഒമ്പത് പദ്ധതികള്‍ക്കും സംസ്ഥാന സര്‍ക്കാരില്‍നിന്ന് ഭരണാനുമതി ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിച്ചുവരുകയാണെന്ന് പി കരുണാകരന് എംപി പറഞ്ഞു.
മുഖ്യമന്ത്രി വാക്കുപാലിച്ചില്ല; ആന്മേരിയും പുറത്ത്
ഭീമനടി: മുഖ്യമന്ത്രിയുടെ വാക്ക് പാഴായി. ആന്മേരി എന്‍ഡോസള്‍ഫാന്‍ ആനുകൂല്യത്തിനുള്ള പട്ടികയില്‍നിന്ന് വീണ്ടും പുറത്ത്. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏച്ചിപ്പൊയിലിലെ പൊയ്കയില്‍ ബാബു- റസി ദമ്പതികളുടെ മകള്‍ ഏഴുവയസുകാരി ആന്മേരി ജന്മനാ രോഗബാധിതയാണ്. സംസാരശേഷിയില്ലാതെ ശരീരം ശോഷിച്ച് പല്ലുകള്‍ ദ്രവിച്ച്, ഒന്നു തിരിയാന്‍ പോലുമാകാതെയുള്ള കിടപ്പ് വേദനാജനകമാണ്. ഭക്ഷണം ദ്രവരൂപത്തിലാക്കിയാണ് നല്‍കുന്നത്. എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തായ കയ്യൂര്‍- ചീമേനിക്ക് തൊട്ടടുത്ത വെസ്റ്റ് എളേരിയിലാണ് ആന്മേരി ജനിച്ചത്. വെസ്റ്റ് എളേരിയിലെ തോട്ടങ്ങളിലും ഹെലികോപ്റ്റര്‍ വഴി എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നു. എന്നാല്‍ ദുരിതബാധിത മേഖലയില്‍ ഈ പഞ്ചായത്തില്ല. 2011ല്‍ കാഞ്ഞങ്ങാട് നടന്ന ക്യാമ്പില്‍ ആന്മേരിയെ പരിശോധിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ രോഗബാധ എന്‍ഡോസള്‍ഫാന്‍ കാരണമാണെന്ന് വ്യക്തമാക്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപത്രവും നല്കി. ആനുകൂല്യം അനുവദിച്ച് എടിഎം കാര്‍ഡും പാസ്ബുക്കും ലഭിച്ചു. എന്നാല്‍ ആനുകൂല്യം കൈപ്പറ്റാന്‍ നിര്‍ദേശം ലഭിച്ചവരുടെ പട്ടികയില്‍ ആന്മേരിയുണ്ടായിരുന്നില്ല.
ഉമ്മന്‍ചാണ്ടി കാസര്‍കോട് ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്കിയപ്പോള് പട്ടികയിലുള്‍പ്പെടുത്തി ആനുകൂല്യം നല്‍കുമെന്ന് ഉറപ്പുനല്‍കി. എന്നാല്‍ സര്‍ക്കാര്‍ ഇറക്കിയ പുതിയ പട്ടികയിലും ആന്മേരിയുടെ പേരില്ല. വര്‍ഷങ്ങളായുള്ള ചികിത്സാച്ചെലവ് താങ്ങാനാകാതെ കഷ്ടപ്പെടുകയാണ് ആന്മേരിയുടെ കുടുംബം. മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷന്, പി കരുണാകരന് എംപി, കെ കുഞ്ഞിരാമന് എംഎല്‍എ എന്നിവര്‍ക്ക് പരാതി നല്കി.
മൊഗ്രാല്പൂത്തൂരിലെ രോഗികള്‍ക്ക് സാന്ത്വനം പകര്‍ന്ന് എംപി
മൊഗ്രാല്‍പുത്തൂരില്‍ മാനസിക- ശാരീരിക രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സാന്ത്വനമേകി പി കരുണാകരന് എംപിയെത്തി. വിവിധ ശാരീരിക- മാനസിക വൈകല്യങ്ങളാല്‍ വലയുന്ന രോഗികളെ സന്ദര്‍ശിച്ച എംപി ഇവരുടെ മനസില്‍ പ്രതീക്ഷയുടെ കൈത്തിരി തെളിയിച്ചാണ് മടങ്ങിയത്. മാനസികവും ശാരീരികവുമായ അപൂര്‍വരോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്ന നിരവധി പേരാണ് മൊഗ്രാല്പുത്തൂരിലുള്ളത്.
കുന്നിലെ മുഷ്താഖിന്റെ വീട്ടില്‍നിന്നായിരുന്നു പര്യടനം. പിന്നീട് ഫര്‍സാനയുടെയും എടച്ചേരിയിലെ ഹസീന ബാനുവിന്റെയും വീട്ടിലെത്തി. ഒരോ വീട്ടിലും എംപിയെ വരവേറ്റത് ഉള്ളുലയ്ക്കുന്ന കാഴ്ചകള്‍. കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബ പശ്ചാത്തലം, സഹായം ലഭിക്കുന്ന വിവരങ്ങള്‍ എല്ലാം എംപി ചോദിച്ചറിഞ്ഞു. പഞ്ചായത്തിലെ കമ്പാര്‍, എടച്ചേരി, കുന്നില്‍ തുടങ്ങിയ പ്രദേശങ്ങളിലെ ദുരിതബാധിതരെയാണ് എംപി സന്ദര്‍ശിച്ചത്. ജനപ്രതിനിധികള്‍, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ എംപിയുടെ മുമ്പാകെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു.
മൊഗ്രാല്‍പുത്തൂരിലെ സവിശേഷ സാഹചര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എംപി പറഞ്ഞു. ഇവരുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണം. ഇതിനായി മൊഗ്രാല്‍പുത്തൂരിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണും. കുട്ടികളും സ്ത്രീകളുമടങ്ങിയ ദുരിതബാധിതര്‍ക്കായി പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിച്ച് ക്യാമ്പ് നടത്തി മെഡിക്കല്‍ സര്ടിഫിക്കറ്റ് ലഭ്യമാക്കണം. സാങ്കേതികത്വത്തിന്റെ പേരില്‍ എപിഎല്‍ കാര്‍ഡിലാണ് ഇവര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതു പരിഹരിച്ച് ബിപിഎല്‍ കാര്ഡിലുള്പ്പെടുത്തണം. ദുരന്തബാധിതരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇവര്‍ക്കായി പ്രത്യേക ധനസഹായം നല്‍കണം. പ്രത്യേക ആരോഗ്യ- സാമൂഹ്യ സുരക്ഷാപദ്ധതി നടപ്പാക്കണം. പുനരധിവാസ കേന്ദ്രം ആരംഭിക്കുന്നതോടൊപ്പം തൊഴില്‍ പരിശീലനം നല്‍കാനാവശ്യമായ സംവിധാനവും സജ്ജീകരിക്കണം. ശനിയാഴ്ച നടക്കുന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ മൊഗ്രാല്‍പുത്തൂരിലെ പ്രശ്നം ചര്‍ച്ച ചെയ്യുമെന്നും എംപി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ഷുക്കൂര്‍, പഞ്ചായത്ത് പ്രസിഡന്റ് നജ്മ അബ്ദുല്‍ഖാദര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സി എം കായിഞ്ഞി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോയി, സി രാമകൃഷ്ണന് എന്നിവരും എംപിയോടൊപ്പമുണ്ടായി. കലക്ടര്‍ മുഹമ്മദ് സഗീര്‍ വെള്ളിയാഴ്ച പകല്‍ മൂന്നിന് മൊഗ്രാല്‍പുത്തൂര്‍ സന്ദര്‍ശിക്കും.
deshabhimani 140912
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
ഉമ്മന്‍ചാണ്ടി കാസര്‍കോട് ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്കിയപ്പോള് പട്ടികയിലുള്‍പ്പെടുത്തി ആനുകൂല്യം നല്‍കുമെന്ന് ഉറപ്പുനല്‍കി. എന്നാല്‍ സര്‍ക്കാര്‍ ഇറക്കിയ പുതിയ പട്ടികയിലും ആന്മേരിയുടെ പേരില്ല. വര്‍ഷങ്ങളായുള്ള ചികിത്സാച്ചെലവ് താങ്ങാനാകാതെ കഷ്ടപ്പെടുകയാണ് ആന്മേരിയുടെ കുടുംബം
ReplyDelete