Tuesday, September 11, 2012

കണ്‍വീനര്‍ക്ക് പോലും ബോധ്യമില്ലാത്ത നിക്ഷേപസംഗമം


യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനെപ്പോലും ബോധ്യപ്പെടുത്താതെ നടത്തുന്ന എമര്‍ജിങ് കേരളയ്ക്ക് പിന്നില്‍ നാടിനെ കൊള്ളയടിക്കാനുള്ള ഗൂഢോദ്ദേശ്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എമര്‍ജിങ് കേരളയെപ്പറ്റി താനൊന്നും അറിഞ്ഞില്ലെന്നാണ് തങ്കച്ചന്‍ യുഡിഎഫ് യോഗത്തില്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വന്നത്. കൂടെ നില്‍ക്കുന്നവരെപ്പോലും ബോധ്യപ്പെടുത്താത്ത ഒരു സംരംഭമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പുതിയ നിക്ഷേപസംഗമം. നാടിനിണങ്ങുന്ന പദ്ധതികള്‍ നടപ്പാക്കുക എന്നതല്ല, പദ്ധതികളുടെ പേരുപറഞ്ഞ് ആവശ്യത്തിന്റെ നൂറിരട്ടിവരെ ഭൂമി കൈയടക്കി തിരിമറി ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യമാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ഒരുതരത്തിലും ഇതിനോട് യോജിക്കാന്‍ എല്‍ഡിഎഫിനാകില്ല.

നെല്ലിയാമ്പതി, വാഗമണ്‍ എന്നിവിടങ്ങളിലടക്കം വനഭൂമിയില്‍ ടൂറിസം പദ്ധതി എന്നത് ഭൂമി തട്ടാനുള്ള ഏര്‍പ്പാടാണ്. തന്ത്രപ്രധാനമായ ഭാഗങ്ങളിലടക്കമുള്ള 50,000 ഏക്കര്‍ ഭൂമി അന്യാധീനപ്പെടുത്തുന്ന നിര്‍ദേശങ്ങള്‍ എമര്‍ജിങ് കേരളയില്‍ കാണാം. പെട്രോകെമിക്കല്‍ ഇന്‍വെസ്റ്റ്മെന്റ് റീജണ്‍, കൊച്ചി-പാലക്കാട് നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് സോണ്‍, വാഗമണ്‍, മൂന്നാര്‍, നെല്ലിയാമ്പതി, പീരുമേട്, കാരാപ്പുഴ, ധര്‍മടം, മുഴപ്പിലങ്ങാട് തുടങ്ങിയ പദ്ധതിയിലെല്ലാം വഴിതെറ്റലുണ്ട്. ശബരിമല മാസ്റ്റര്‍ പ്ലാന്‍ എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയത് എന്ത് അര്‍ഥത്തിലാണ്. ഇത് വനഭൂമി തട്ടിയെടുക്കാനുള്ള ഏര്‍പ്പാടല്ലേ. ആറന്മുള പഞ്ചായത്തിലെ പാറമലയില്‍ മണ്ണെടുക്കാനുള്ള പദ്ധതിയുമുണ്ട്. ഇതിന്റെ ഫലമായി ആ ഭൂമിയുടെ കിടപ്പ് മാറുകയും മലയില്ലാതാകുകയും പരിസരത്ത് കഴിയുന്ന ആയിരത്തോളം കുടുംബത്തിന്റെ ആവാസകേന്ദ്രം നശിക്കുകയുംചെയ്യും.

അടിസ്ഥാനസൗകര്യ വികസനത്തിന് എമര്‍ജിങ് കേരള ഉപകരിക്കുമെന്നാണ് മന്ത്രി കെ എം മാണി പറഞ്ഞത്. ഇതിന് വൈദ്യുതി പ്രധാന ഘടകമാണ്. എന്നാല്‍, സംസ്ഥാനം ഇന്ന് കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. ഇത് മറികടക്കാനുള്ള ആലോചനയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 40,000 കോടി രൂപയുടെ സമഗ്ര റോഡ് വികസനപദ്ധതി തകര്‍ത്തു. വിഴിഞ്ഞം പദ്ധതി ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ല. ദേശീയ ജലപാത, റെയില്‍ പദ്ധതികള്‍ തുടങ്ങിയവയിലൊന്നും ഒരു പുരോഗതിയുമില്ല. ജിമ്മിന്റെ കാലത്ത് അന്ന് 50,000 കോടി രൂപയുടെ നിക്ഷേപം വരുമെന്ന് പറഞ്ഞു. പിന്നീടത് 26,000 കോടി രൂപ റെഡി എന്ന് പ്രഖ്യാപിച്ചു. ജിം കഴിഞ്ഞ് ഒരുവര്‍ഷമായപ്പോള്‍ സര്‍ക്കാര്‍ കണക്കില്‍ വന്നത് 121 കോടി രൂപയുടെ 11 പദ്ധതി നടപ്പാകുന്നുവെന്നാണ്. അന്ന് പ്രധാനമന്ത്രി 10,000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. അതൊന്നും പിന്നീട് വെളിച്ചം കണ്ടില്ല.

എമര്‍ജിങ് കേരള വെബ്സൈറ്റില്‍ സ്വകാര്യസ്ഥാപനങ്ങളുടെ മാര്‍ക്കറ്റിങ്ങും

എമര്‍ജിങ് കേരള പദ്ധതിയുടെ മറവില്‍ സംസ്ഥാനത്തെ വന്‍കിട സ്വകാര്യസ്ഥാപനങ്ങളുടെ മാര്‍ക്കറ്റിങ്ങും സര്‍ക്കാര്‍ ഏറ്റെടുത്തു. ഈ സ്ഥാപനങ്ങളുടെ ഓഹരിമൂല്യം കൂട്ടാനും വിപണിയില്‍ സ്വാധീനമുറപ്പിക്കാനുമുള്ള ഗൂഢനീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. എമര്‍ജിങ് കേരളയുടെ വെബ്സൈറ്റിലെ വിജയഗാഥ എന്ന വിഭാഗത്തിലാണ് സ്വകാര്യസ്ഥാപനങ്ങളുടെ മാര്‍ക്കറ്റിങ് സര്‍ക്കാര്‍ ഏറ്റെടുത്തത്.

സംസ്ഥാനത്തെ വന്‍കിട സ്വകാര്യസ്ഥാപനങ്ങളുടെ തുടക്കവും പ്രവര്‍ത്തനവുമെല്ലാം ഈ വിഭാഗത്തില്‍ പ്രതിപാദിക്കുന്നു. സ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിതിയും വിപണനശൃംഖലയുമെല്ലാം വിവരിക്കുന്ന "വിജയകഥ" വിഭാഗത്തില്‍ പക്ഷേ, മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ ആഗോള നിക്ഷേപസംഗമത്തിന്റെ ഒരു സൂചനയുമില്ല. ജിമ്മിലൂടെ 1500 കോടിയുടെ നിക്ഷേപം കൊണ്ടുവന്നെന്ന് അവകാശപ്പെടുന്ന യുഡിഎഫ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഒരു കാര്യവും വെബ്സൈറ്റില്‍ പറയുന്നില്ല. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും ഉണ്ടെങ്കിലും അതൊന്നും എമര്‍ജിങ് കേരളയുടെ വിജഗാഥയിലില്ല. 49 സ്വകാര്യസ്ഥാപനത്തിന്റെ വിജയഗാഥ പറയുമ്പോള്‍ ഒരു പൊതുമേഖലാ സ്ഥാപനത്തെ മാത്രം പരാമര്‍ശിക്കുന്നുണ്ട്.

മാലിന്യ സംസ്കരണ പദ്ധതികള്‍ അശാസ്ത്രീയം

കൊച്ചി: എമര്‍ജിങ് കേരളയില്‍ ഏറെ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന രണ്ട് നഗരമാലിന്യ സംസ്കരണപദ്ധതികളും അശാസ്ത്രീയവും സംസ്ഥാനത്തിന് അനുയോജ്യമല്ലാത്തതുമെന്ന് വിദഗ്ധാഭിപ്രായം. സ്വകാര്യമേഖലയില്‍ 200 കോടി ചെലവില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കോഴിക്കോട് മാലിന്യസംസ്കരണ പ്ലാന്റും 350 കോടി ചെലവുവരുന്ന ബ്രഹ്മപുരം പദ്ധതിയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും സാമ്പത്തികനഷ്ടത്തിനും വഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍. യൂറോപ്യന്‍രാജ്യങ്ങളില്‍ ഉള്‍പ്പെടെ മാലിന്യസംസ്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ക്ക് സാങ്കേതികസഹായം നല്‍കുന്ന പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ മലയാളി എന്‍ജിനിയര്‍ സുധീഷ് ആര്‍ മേനോനാണ് ഈ പദ്ധതികള്‍ക്കെതിരെ രൂക്ഷവിമര്‍ശം ഉയര്‍ത്തുന്നത്.

കേരളത്തിലെ കാലാവസ്ഥയും ജനസാന്ദ്രതയും മാലിന്യത്തിന്റെ സ്വഭാവവും പരിഗണിച്ചു വേണം അനുയോജ്യമായ സംസ്കരണമാതൃക തെരഞ്ഞെടുക്കാന്‍. എമര്‍ജിങ് കേരളയില്‍ അവതരിപ്പിച്ച പദ്ധതി സംരംഭകര്‍ക്കും സംസ്ഥാനത്തിനും ഗുണകരമല്ല. അവ നടപ്പായാല്‍ നിയമത്തിന്റെ പഴുതുകളിലൂടെ സ്വകാര്യസംരംഭകര്‍ കോടികള്‍ നേടിയെടുക്കും. ജനങ്ങള്‍ക്ക് തീരാദുരിതവും സമ്മാനിക്കും. ശുചിത്വമിഷന്‍ മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജയകുമാര്‍ വര്‍മയുടെ കണക്കുപ്രകാരം സംസ്ഥാനത്ത് പ്രതിദിനം 6000 ടണ്‍ മാലിന്യം ഉണ്ടാകുന്നുണ്ട്. യൂറോപ്യന്‍രാജ്യങ്ങളിലെ കണക്കനുസരിച്ച് ഇത്രയും മാലിന്യത്തില്‍നിന്ന് 34 മുതല്‍ 45 ക്യുബിക്വരെ ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കാം. കേരളത്തില്‍ 600 ചെറു പ്ലാന്റുകള്‍ സ്ഥാപിച്ചാല്‍ ഒന്നരലക്ഷം വീടുകള്‍ക്ക് ആവശ്യമായ ബയോഗ്യാസ് ലഭിക്കും. ഇത്രയും ലാഭകരമായ പദ്ധതി ലഭ്യമായിരിക്കെ മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയാണ് എമര്‍ജിങ് കേരള മുന്നോട്ടുവയ്ക്കുന്നത്.

ഇരുന്നൂറു ദിവസത്തിലേറെ മഴപെയ്യുന്ന കേരളത്തിലെ മാലിന്യത്തില്‍ 70 ശതമാനത്തിലധികം ജലാംശമുണ്ട്. ഈ മാലിന്യം പൈറോളിസിസ്, ഗ്യാസിഫിക്കേഷന്‍ എന്ന താപപ്രക്രിയയിലൂടെ സംസ്കരിച്ച് വൈദ്യുതി ഉണ്ടാക്കാനാകില്ല. അത് വലിയ സാമ്പത്തികനഷ്ടത്തിനു കാരണമാകും. കോഴിക്കോട് നഗരസഭയുടെ 200 ടണ്‍ മാലിന്യസംസ്കരണത്തിനുവേണ്ടി സ്വകാര്യസംരംഭകര്‍ 200 കോടി രൂപ മുതല്‍മുടക്കുമ്പോള്‍ പ്രതിമാസം മൂന്നുകോടി രൂപയെങ്കിലും നിക്ഷേപകന് തിരിച്ചുകിട്ടണം. അത് അസാധ്യമാണ്. ശുചിത്വമിഷന്റെ കണക്കുപ്രകാരം കേരളത്തിലെ നഗരമാലിന്യത്തില്‍ 70 ശതമാനം ജലവും 10 ശതമാനം പേപ്പറും 10 ശതമാനം പ്ലാസ്റ്റിക്കും 10 ശതമാനം ഖരവസ്തുക്കളുമാണ്. 200 ടണ്ണിലെ 40 ടണ്‍ ജൈവവസ്തുവില്‍നിന്ന് 8000 യൂണിറ്റ് വൈദ്യുതിയും 30 ടണ്‍ ജൈവവളവുമാണ് കിട്ടുക. ഇവയുടെ വില്‍പ്പനവില 2,60,000രൂപ. ഉല്‍ച്ചാദനച്ചെലവും യന്ത്ര തേയ്മാനവും 1,50,000 രൂപ കഴിച്ചാല്‍ മിച്ചം 1,10,000 രൂപ. സ്വകാര്യസംരംഭകന് പ്രതിമാസം ലഭിക്കുന്നത് 33 ലക്ഷം രൂപ മാത്രം. ഇവിടെയാണ് സംരംഭകര്‍ നിയമത്തിലെ പഴുതുകള്‍ പ്രയോജനപ്പെടുത്തി ലാഭം അന്വേഷിക്കുക. അത് ഗുരുതരമായ പ്രത്യാഘാതത്തിനിടയാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കും.

സംസ്ഥാനത്തെ പ്ലാന്റുകളില്‍ ജൈവവളം ഉല്‍പ്പാദിപ്പിക്കുന്ന രീതിയും അശാസ്ത്രീയമാണ്. യൂറോപ്പിലും അമേരിക്കയിലും നിരോധിച്ച ഇനോകുലമാണ് മാലിന്യം അഴുകാന്‍ ഉപയോഗിക്കുന്നത്. ഇവിടുത്തെ കാലാവസ്ഥയില്‍ എട്ടുമാസമെങ്കിലും ഈ പ്രക്രിയക്ക് വേണ്ടപ്പോള്‍ 45 ദിവസംകൊണ്ട് കമ്പോസ്റ്റ് ഉല്‍പ്പാദിപ്പിക്കുകയാണ്. എന്നിട്ടും 20 ശതമാനത്തോളം മാലിന്യം മാത്രമാണ് കമ്പോസ്റ്റാക്കാന്‍ കഴിയുന്നത്. ബാക്കിയുള്ള മാലിന്യം കുഴിച്ചുമൂടുകയല്ലാതെ വഴിയില്ല. ജൈവവള നിര്‍മാണത്തിന് മെച്ചപ്പെട്ട സാങ്കേതിക വിദ്യ ലഭ്യമാണ്. അതൊന്നും എമര്‍ജിങ് കേരള അന്വേഷിക്കുന്നില്ല. ഇപ്പോള്‍ അവതരിപ്പിക്കുന്ന പദ്ധതികള്‍ നടപ്പായാല്‍ വൈകാതെ അടച്ചുപൂട്ടലിലേക്കു നയിക്കുന്ന ജനകീയപ്രക്ഷോഭത്തിന് കാരണമാകുമെന്നും സുധീഷ് മേനോന്‍ പറഞ്ഞു.

എല്‍ഡിഎഫ് പദ്ധതികളെന്ന വാദം തെറ്റ്: പിണറായി

എമര്‍ജിങ് കേരളയിലെ വിവാദപദ്ധതികളില്‍ ചിലത് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ചതാണെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതാപരമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെട്രോകെമിക്കല്‍സ് പദ്ധതി പൊതുമേഖലയില്‍ തുടങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആലോചിച്ചെങ്കില്‍ അത് സ്വകാര്യമേഖലയില്‍ നടപ്പാക്കാനാണ് ഇപ്പോഴത്തെ ആലോചന. കല്‍ക്കരി അധിഷ്ഠിത പദ്ധതിക്ക് വിഭാവനചെയ്ത ഭൂവിസ്തൃതി എല്‍പിജി ഉപയോഗിച്ചുള്ള പ്ലാന്റിന് വേണ്ട. അത് മറച്ചുവച്ച് ഭൂമി റിയല്‍ എസ്റ്റേറ്റുകാര്‍ക്കും സമ്പന്നര്‍ക്കും തീറെഴുതിക്കൊടുക്കാനുള്ള ഏര്‍പ്പാടാണ് ഇപ്പോള്‍ നടക്കുന്നത്. എമര്‍ജിങ് കേരളയുമായി ഞങ്ങള്‍ സഹകരിക്കുന്നില്ലെങ്കിലും പരിപാടി നടക്കുന്ന കേന്ദ്രത്തിനുള്ളിലെത്തി പ്രതിഷേധം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പ്രതിപക്ഷം ഉയര്‍ത്തിയ ആശങ്കകളെയും ആക്ഷേപങ്ങളെയുംപറ്റിയുള്ള വിശദമായ ചര്‍ച്ചയൊന്നും മുഖ്യമന്ത്രിയുമായോ മന്ത്രിമാരുമായോ നടന്നിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.

കോവളം കൊട്ടാരം പൈതൃകസ്വത്തായി സംരക്ഷിക്കണം

കോവളം കൊട്ടാരം നാടിന്റെ പൈതൃകസ്വത്താണെന്നും അത് സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊട്ടാരം ഏതെങ്കിലും വ്യക്തിക്കോ സ്വകാര്യ കമ്പനിക്കോ വിട്ടുകൊടുക്കാന്‍ പാടില്ല. കൊട്ടാരത്തിന്റെ സംരക്ഷണവും സര്‍ക്കാരിനുതന്നെയാകണം. കോവളം കൊട്ടാരത്തെയും അനുബന്ധ സ്ഥലത്തെയും ആസ്പദമാക്കി സംസ്ഥാന സര്‍ക്കാരിന്റേതായ ഒരു ഉത്തരവ് വന്നിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട പുതിയ വിഷയങ്ങളുണ്ട്. ഇക്കാര്യത്തില്‍ പാര്‍ടി ചര്‍ച്ചചെയ്ത് നിലപാട് കൈക്കൊള്ളുമെന്നും പിണറായി പറഞ്ഞു.

കേരളത്തെ കുത്തകകള്‍ക്ക് തീറെഴുതുന്നു: കോടിയേരി

കേരളത്തിന്റെ സമ്പത്ത് കുത്തകകള്‍ക്ക് പതിച്ചുകൊടുക്കാനുള്ള ആസൂത്രിതനീക്കമാണ് എമര്‍ജിങ് കേരളയുടെ മറവില്‍ ഉമ്മന്‍ചാണ്ടി നടത്തുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രാജ്യത്തെ കൊള്ളയടിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് വഴിയൊരുക്കിയതാണ് ശതകോടികളുടെ അഴിമതിക്ക് കാരണമായത്. ഇതേനയമാണ് ഉമ്മന്‍ചാണ്ടി കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. സിപിഐ എം നേതാവായിരുന്ന പേരൂര്‍ക്കട സദാശിവന്റെ രണ്ടാം ചരമവാര്‍ഷികദിനാചരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ മണ്ണും മാനവും യുഡിഎഫ് സര്‍ക്കാര്‍ വിറ്റഴിക്കുന്നു. ധൂര്‍ത്തടിക്കുന്ന മന്ത്രിസഭയായി യുഡിഎഫ് സര്‍ക്കാര്‍ മാറി. ഭൂപരിഷ്കരണനിയമത്തില്‍ വെള്ളംചേര്‍ത്ത് ഈ നടപടിതന്നെ അട്ടിമറിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുന്നു. സംസ്ഥാനത്തിന്റെ പൊതുസമ്പത്തെല്ലാം വിറ്റുതുലയ്ക്കുകയാണ് സര്‍ക്കാര്‍. കണ്ണായ സ്ഥലങ്ങള്‍ ധനമൂലധനശക്തികള്‍ക്ക് കൈമാറാനുള്ള ഇത്തരം നീക്കത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. ജനവിരുദ്ധനയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അതിനെ ബഹുജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും കോടിയേരി പറഞ്ഞു. ശ്യാമളകുമാര്‍ അധ്യക്ഷനായി.

രാജ്യത്തെ സമ്പദ്വ്യവസ്ഥ മുങ്ങിത്താഴുന്നു: ഗുരുദാസ് ദാസ് ഗുപ്ത

രാജ്യത്തെ സമ്പദ്വ്യവസ്ഥ മുങ്ങിത്താഴുമ്പോള്‍ കേരളത്തില്‍മാത്രം എമര്‍ജിങ് കേരള നിക്ഷേപസംഗമം നടത്തുന്നതില്‍ അര്‍ഥമില്ലെന്ന് എഐടിയുസി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകരുമ്പോള്‍ കേരളത്തിനുമാത്രം എങ്ങനെ "എമര്‍ജ്" ചെയ്യാന്‍ സാധിക്കുമെന്നും എറണാകുളം പ്രസ് ക്ലബ്ബില്‍ "മീറ്റ് ദി പ്രസ്" പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ അതിനെ അഭിനന്ദിക്കുന്ന പ്രധാനമന്ത്രി ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയുടെ സത്യാവസ്ഥ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കുകയാണ്. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ഗണ്യമായി കുറഞ്ഞു. കാര്‍ഷിക, വ്യവസായികമേഖലയിലും വളര്‍ച്ച വന്‍തോതില്‍ ഇടിഞ്ഞു. നിക്ഷേപവും 48 ലക്ഷം കോടി രൂപയായി കുറഞ്ഞു. ചെലവുകള്‍ വെട്ടിച്ചുരുക്കിയും സാമൂഹ്യക്ഷേമമേഖലകളില്‍നിന്നുള്ള നിക്ഷേപങ്ങള്‍ പിന്‍വലിച്ചും പ്രതിസന്ധി നേരിടുന്നതിനാണ് സര്‍ക്കാര്‍ശ്രമം. സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തികനയങ്ങളാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകരുന്നതിനു കാരണം. 20 കോടിയോളം തൊഴിലവസരങ്ങളാണ് സര്‍ക്കാര്‍, റെയില്‍വേ, പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളത്. ഇത് നികത്താന്‍ സര്‍ക്കാര്‍ നടപടികളെടുക്കണം. രാഷ്ട്രീയ വ്യവസ്ഥ കൈയടക്കിയ കുത്തകകളുടെ കൈയിലെ കളിപ്പാവയാണ് കേന്ദ്രസര്‍ക്കാര്‍. സിപിഐ എം അടക്കമുള്ള ഇടതുപക്ഷപാര്‍ടികള്‍ കോര്‍പറേറ്റുകളില്‍നിന്ന് പണം സ്വീകരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എഐടിയുസി സംസ്ഥാന സെക്രട്ടറി പി രാജു, എഐടിയുസി ജില്ലാ പ്രസിഡന്റ് കെ വിജയന്‍പിള്ള, എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറി എം എസ് സജീവന്‍ തുടങ്ങിയവരും പങ്കെടുത്തു.

മുഖ്യമന്ത്രി ഭൂമി ദല്ലാളായി: ഉഴവൂര്‍ വിജയന്‍

കൊച്ചി: എമര്‍ജിങ് കേരളയുടെ മറവില്‍ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ഭൂമാഫിയയുടെയും വ്യവസായ കുത്തകകളുടെയും ദല്ലാളുമാരായി മാറിയിക്കുന്നുവെന്ന് എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു. പാണക്കാട് തങ്ങള്‍ പ്രസിഡന്റായിരിക്കുന്ന മുസ്ലിംലീഗിന്റെ വ്യവസായമന്ത്രിതന്നെ മുന്‍കൈയെടുത്ത് നിശാക്ലബ്ബുകള്‍കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായത് ലജ്ജാകരമാണ്. വിശദമായ ചര്‍ച്ചകളിലൂടെയല്ലാതെ എമര്‍ജിങ് കേരള നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം ഉളവാകുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 110912

1 comment:

  1. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനെപ്പോലും ബോധ്യപ്പെടുത്താതെ നടത്തുന്ന എമര്‍ജിങ് കേരളയ്ക്ക് പിന്നില്‍ നാടിനെ കൊള്ളയടിക്കാനുള്ള ഗൂഢോദ്ദേശ്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എമര്‍ജിങ് കേരളയെപ്പറ്റി താനൊന്നും അറിഞ്ഞില്ലെന്നാണ് തങ്കച്ചന്‍ യുഡിഎഫ് യോഗത്തില്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വന്നത്. കൂടെ നില്‍ക്കുന്നവരെപ്പോലും ബോധ്യപ്പെടുത്താത്ത ഒരു സംരംഭമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പുതിയ നിക്ഷേപസംഗമം. നാടിനിണങ്ങുന്ന പദ്ധതികള്‍ നടപ്പാക്കുക എന്നതല്ല, പദ്ധതികളുടെ പേരുപറഞ്ഞ് ആവശ്യത്തിന്റെ നൂറിരട്ടിവരെ ഭൂമി കൈയടക്കി തിരിമറി ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യമാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ഒരുതരത്തിലും ഇതിനോട് യോജിക്കാന്‍ എല്‍ഡിഎഫിനാകില്ല.

    ReplyDelete