Friday, September 14, 2012

കേന്ദ്രസര്‍ക്കാരിന്റെ വക ഇരട്ടപ്രഹരം


വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വക ഇരട്ടപ്രഹരം. ഡീസല്‍ വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിച്ചു. സബ്സിഡി നിരക്കില്‍ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒരു കുടുംബത്തിന് വര്‍ഷത്തില്‍ ആറെണ്ണം മാത്രമായി പരിമിതപ്പെടുത്തി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച വൈകിട്ട് ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയാണ് തീരുമാനമെടുത്തത്.

ആറ് സിലിണ്ടറില്‍ അധികം വാങ്ങണമെങ്കില്‍ ഒരു സിലിണ്ടറിന് ആയിരംരൂപയോളം നല്‍കേണ്ടിവരും. മണ്ണെണ്ണ വില വര്‍ധിപ്പിച്ചിട്ടില്ല. വിവിധ ബ്രാന്റുകളില്‍ ഇറങ്ങുന്ന മുന്തിയ ഇനം ഡീസലിന് സബ്സിഡിയുണ്ടാകില്ല. ഇതിനുപിന്നാലെ, എണ്ണക്കമ്പനികള്‍ ശനിയാഴ്ച പെട്രോള്‍വില അഞ്ചുരൂപയോളം കൂട്ടുമെന്ന്സൂചനയുണ്ട്. യുപിഎ സര്‍ക്കാര്‍ 2011 ജൂലൈയില്‍ ഡീസല്‍ വില കൂട്ടിയിരുന്നു. ഇപ്പോള്‍ ഡീസലിന് നാലുരൂപ കൂട്ടാനും പാചകവാതക വില സിലിണ്ടറിന് നൂറുരൂപ കൂട്ടാനും ധനമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പാചകവാതകത്തിന്റെ വിലകൂട്ടല്‍ ഒഴിവാക്കി, പകരം സബ്സിഡി സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തുകയായിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് കടുത്ത ജനദ്രോഹതീരുമാനം ഉണ്ടായത്. വില കൂട്ടുന്നതിനൊപ്പംതന്നെ പെട്രോളിന് സമാനമായി ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയണമെന്ന നിര്‍ദേശവും സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടായിരുന്നു. ഈ നടപടി തല്‍ക്കാലം മാറ്റിവച്ചു.

ഇന്ധന സബ്സിഡിയില്‍ നടപ്പുവര്‍ഷം 25,000 കോടിയുടെ വെട്ടിക്കുറവ് വരുത്താന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇത് പ്രാബല്യത്തില്‍ വരുത്താന്‍ കൂടിയാണ് ഡീസല്‍ വിലവര്‍ധനയും സബ്സിഡി സിലിണ്ടര്‍ വെട്ടിക്കുറയ്ക്കലും. ഡീസല്‍ വില വര്‍ധനയിലൂടെ നടപ്പുവര്‍ഷം സബ്സിഡി ഇനത്തില്‍ 19,000 കോടി രൂപ ലാഭിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം നിയന്ത്രിക്കുന്നതോടെ രണ്ടായിരം കോടിയുടെ ലാഭവും പ്രതീക്ഷിക്കുന്നു.

ഡീസല്‍ വിലവര്‍ധന അവശ്യവസ്തുക്കളുടെ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കും. രാജ്യത്ത് ചരക്കുഗതാഗതത്തിന് മുഖ്യമായും ആശ്രയിക്കുന്ന ഇന്ധനം ഡീസലാണ്. ചരക്കുകൂലി കുത്തനെ ഉയരാനും വിലവര്‍ധന കാരണമാകും. ചരക്കൂകൂലി കൂടുമ്പോള്‍ സ്വഭാവികമായും അവശ്യവസ്തുക്കളുടെ വിലയും ഉയരും. കാര്‍ഷികമേഖലയെയും വിലവര്‍ധന ദോഷകരമായി ബാധിക്കും. ട്രാക്ടര്‍, പമ്പ്സെറ്റ് എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ കര്‍ഷകര്‍ ആശ്രയിക്കുന്നത് ഡീസലിനെയാണ്. സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറായി പരിമിതപ്പെടുത്തുകവഴി യഥാര്‍ഥത്തില്‍ പാചകവാതകത്തിന്റെ വിലയും കുത്തനെ വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. അത് പ്രത്യക്ഷത്തില്‍ പറയുന്നില്ലെന്നു മാത്രം. ആറില്‍ കൂടുതലായെടുക്കുന്ന ഓരോ സിലിണ്ടറിനും ഡല്‍ഹിയില്‍ 750-800 രൂപയാണ് വിലവരുന്നതെങ്കില്‍ കേരളത്തില്‍ ഇതിന് 1000 രൂപവരെ നല്‍കേണ്ടിവരും. കേരളത്തില്‍ ഒരു ശരാശരി കുടുംബം വര്‍ഷം 10 മുതല്‍ 12 വരെ സിലിണ്ടര്‍ ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ ഒരു സിലിണ്ടറിന് നല്‍കുന്നത് 427.50 രൂപയാണ്. ഇതാണ് 1000 രൂപവരെയായി ഉയരുന്നത്. അങ്ങനെ വരുമ്പോള്‍ അധികമായി വാങ്ങുന്ന നാലുമുതല്‍ ആറുവരെയുള്ള സിലിണ്ടറിന് ഓരോന്നിനും 550 രൂപ വരെ അധികം നല്‍കേണ്ടിവരും. നേരത്തെ സിലിണ്ടര്‍ ഒന്നിന് 100 രൂപ വര്‍ധിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇങ്ങനെ വില വര്‍ധിപ്പിച്ചാല്‍പ്പോലും 12 സിലിണ്ടര്‍ ഒരു വര്‍ഷം വാങ്ങുന്ന കുടുംബത്തിന് 1200 രൂപയേ അധികം നല്‍കേണ്ടിവരുമായിരുന്നുള്ളൂ. എന്നാല്‍, സാങ്കേതികമായി വില വര്‍ധിപ്പിക്കാതെ സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതോടെ ഒരു ശരാശരി കുടുംബം ഒരു വര്‍ഷം അധികമായി വാങ്ങുന്ന ആറ് സിലിണ്ടറുകള്‍ക്ക് 3300 രൂപവരെ അധികം നല്‍കേണ്ടിവരും. ചുരുക്കത്തില്‍ വില വര്‍ധിപ്പിക്കുന്നു എന്നു നേരിട്ടുപറയാതെ പാചകവാതക സിലിണ്ടറിന് മൂന്നിരട്ടിയോളം വിലയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

"അണ്ടര്‍ റിക്കവറി"യെന്ന പേരില്‍ എണ്ണക്കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്ന നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടിയാണ് ഡീസല്‍ വില കുത്തനെ കൂട്ടിയത്. എന്നാല്‍, 2010-11 സാമ്പത്തികവര്‍ഷം കോടികളുടെ ലാഭമാണ് എണ്ണകമ്പനികള്‍ ബാലന്‍സ് ഷീറ്റില്‍ കാണിച്ചിട്ടുള്ളത്. അഞ്ചുരൂപ വര്‍ധിച്ചതോടെ ഡല്‍ഹിയില്‍ ഡീസല്‍ വില ലിറ്ററിന് 46.32 രൂപ എന്ന നിരക്കിലെത്തി. മുംബൈയില്‍ വില 51.25 രൂപയായിരിക്കും. കൊല്‍ക്കത്തയില്‍ 49.76 രൂപയും ചെന്നൈയില്‍ 48.91 രൂപയുമായി വില വര്‍ധിച്ചു. നികുതിനിരക്കുകള്‍ കൂടി ചേരുമ്പോള്‍ നിരക്ക് പിന്നെയും ഉയരും. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.
(എം പ്രശാന്ത്)

വിലക്കയറ്റം രൂക്ഷമാകും കേരളത്തെ തകര്‍ക്കും

ഡീസല്‍ വില കുത്തനെ കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തെ മുച്ചൂടും തകര്‍ക്കും. രൂക്ഷമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഡീസല്‍ വിലവര്‍ധന സാധാരണ ജനങ്ങളുടെ നട്ടെല്ലൊടിക്കും. നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുന്നതിനുപുറമെ സര്‍വമേഖലയിലും വന്‍ വിലക്കയറ്റത്തിന് വഴിയൊരുക്കും. സംസ്ഥാനത്തിന്റെ സമസ്ത മേഖലയിലും ഇതിന്റെ പ്രത്യാഘാതം രൂക്ഷമാകും. ഇപ്പോള്‍ത്തന്നെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണ- ഇടത്തരം കുടുംബങ്ങളുടെ ബജറ്റ് താളം തെറ്റും. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനുപുറമെ പച്ചക്കറി, ഇറച്ചി എന്നിവയുടെ വിലയും കൂടും. ബസ് നിരക്കിലും വര്‍ധനയുണ്ടാകുന്നതിനൊപ്പം ചരക്ക്- യാത്രാനിരക്കും കൂടും. പാചകവാതക സിലിണ്ടര്‍ ഒരു വര്‍ഷം ആറായി വെട്ടിക്കുറച്ചതും വരുംനാളുകളില്‍ സംസ്ഥാനത്തെ ജനജീവിതം ഏറെ ദുസ്സഹമാക്കും.

"ഉണരുന്ന കേരളത്തിനായി" യുഡിഎഫ് സര്‍ക്കാര്‍ വന്‍പദ്ധതികള്‍ ആവിഷ്കരിക്കുന്നുവെന്ന് അവകാശപ്പെടുന്ന സമയത്താണ് കേന്ദ്രസര്‍ക്കാര്‍ എമര്‍ജിങ് കേരളയ്ക്ക് കനത്ത ഇരുട്ടടി സമ്മാനിച്ചത്. കഴിഞ്ഞ 15 മാസത്തിനിടെ ഇത് രണ്ടാംതവണയാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം ജൂണില്‍ മൂന്നു രൂപയാണ് വര്‍ധിപ്പിച്ചതെങ്കില്‍ ഇത്തവണ അഞ്ചുരൂപ കൂട്ടി. അരി, പച്ചക്കറി, പലവ്യഞ്ജനം, ഇറച്ചി, ധാന്യം, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ വിലയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ 35 മുതല്‍ 42 ശതമാനം വരെ വിലവര്‍ധനയുണ്ടായി. അരി, പഞ്ചസാര, പച്ചക്കറി, മുട്ട, കോഴിയിറച്ചി, മത്സ്യം എന്നിവയുടെ നിരക്കും നിയന്ത്രണമില്ലാതെ വര്‍ധിച്ചു. ഡീസല്‍ വില കുത്തനെ കൂട്ടിയതിനാല്‍ ചരക്കുഗതാഗതത്തെ ഇത് സാരമായി ബാധിക്കും. പലവ്യഞ്ജനം അടക്കമുള്ള നിത്യോപയോഗസാധനങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. അരി, പച്ചക്കറി, കോഴി, മുട്ട എന്നിവയെല്ലാം കേരളം, തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെത്തുന്നത്. ഡീസല്‍ വില കൂട്ടുന്നതോടെ കടത്തുകൂലിയും വര്‍ധിക്കും. ചരക്കുകൂലി കൂട്ടുന്നതോടെ നിത്യോപയോഗസാധനങ്ങള്‍ക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന്റെ നട്ടെല്ലൊടിക്കും.

ചരക്കുലോറികളുടെ കടത്തുകൂലി കൂട്ടണമെന്ന ആവശ്യം ലോറിയുടമകള്‍ മുന്നോട്ടുവയ്ക്കുന്നതിനിടെയാണ് ഡീസല്‍ വില വര്‍ധിപ്പിച്ചത്. ഡീസല്‍ വില വര്‍ധനയ്ക്കനുസൃതമായി യാത്രാനിരക്ക് കൂട്ടണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. പാചകവാതക സിലിണ്ടറുകളുടെ എണ്ണം കുത്തനെ വെട്ടിക്കുറച്ചതും കേരളത്തിലെ ജനങ്ങളെ പ്രതിസന്ധിയിലേക്ക് നയിക്കും. കേരളത്തിലെ ശരാശരി കുടുംബത്തിന് പ്രതിമാസം ചുരുങ്ങിയത് ഒരു സിലിണ്ടര്‍ വേണം.

വന്‍ പ്രക്ഷോഭം ഉയരും: കാരാട്ട്

ഡീസലിന് വില വര്‍ധിപ്പിച്ച് പാചകവാതക സിലിണ്ടര്‍ പരിമിതപ്പെടുത്തിയ യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വന്‍ ജനകീയപ്രതിഷേധം ഉയരുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മുന്നറിയിപ്പ് നല്‍കി. ഇത്തരം ജനവിരുദ്ധനയങ്ങളുമായി യുപിഎ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ കഴിയില്ല. ഡീസല്‍ വില വര്‍ധിപ്പിച്ചത് സാധാരണ ജനങ്ങളെയും കര്‍ഷകരെയും ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല അവശ്യവസ്തുകളുടെ വില വര്‍ധിക്കുകയും ചെയ്യും. പ്രതിഷേധത്തിന്റെ ഫലമായി വിലവര്‍ധന പിന്‍വലിക്കേണ്ടിവരുമെന്നും കാരാട്ട് കൂടിച്ചേര്‍ത്തു.

ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: പിണറായി

ഡീസല്‍- പാചകവാതക വിലവര്‍ധന റദ്ദാക്കാന്‍ അതിശക്തമായ ബഹുജനപ്രക്ഷോഭം ഉയര്‍ത്താന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ഥിച്ചു.

ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കൂട്ടാനും സബ്സിഡിയോടുകൂടിയ പാചകവാതക സിലിണ്ടറിന്റെ എണ്ണം പരിമിതപ്പെടുത്താനുമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വകാര്യ എണ്ണക്കമ്പനികളെയടക്കം സഹായിക്കാനാണ്. ബഹുരാഷ്ട്രകുത്തകകളുടെയും വന്‍കിട കമ്പനികളുടെയും ചൂഷണത്തിന് ജനങ്ങളെ വിട്ടുകൊടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍. എമര്‍ജിങ് കേരള ഉദ്ഘാടനംചെയ്ത് ഡല്‍ഹിക്ക് മടങ്ങിയ പ്രധാനമന്ത്രി കേരളീയരെ കഠിനമായി ദ്രോഹിച്ചിരിക്കയാണ്. ഡീസല്‍ വിലവര്‍ധനയുടെ ഭാരം ഏറ്റവും കൂടുതല്‍ പേറേണ്ടിവരുന്നത് കേരളമാണ്. ചരക്കുകൂലി സ്വാഭാവികമായും വര്‍ധിക്കും. ഭക്ഷ്യധാന്യമുള്‍പ്പെടെയുള്ളവയ്ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ഇത് വലിയ ആഘാതമാണ്. പെട്രോളിന് അഞ്ചു രൂപയുടെ വര്‍ധന ഒറ്റയടിക്ക് വരുത്തിയതിനെതിരെ ദേശവ്യാപകമായി കരുത്തുറ്റ പ്രക്ഷോഭം നടന്നിട്ടും അതിന്റെ വികാരം മാനിക്കാതെയാണ് ഡീസലിന് ഒറ്റയടിക്ക് അഞ്ചു രൂപ കൂട്ടിയിരിക്കുന്നത്. ഇത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. ഇന്ധനവില വര്‍ധിപ്പിച്ചതിനെതിരെ എല്‍ഡിഎഫ് ആഹ്വാനംചെയ്ത ശനിയാഴ്ചത്തെ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധപരിപാടികള്‍ വിജയിപ്പിക്കാനും പിണറായി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

മനുഷ്യത്വമില്ലാത്ത നടപടി: പി കെ ശ്രീമതി

പാചകവാതക സിലിണ്ടറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സാധാരണകുടുംബങ്ങളെ ദുരിതത്തിലേക്ക് നയിക്കുന്ന കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വം നഷ്ടപ്പെട്ടതായി സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി പ്രസ്താവനയില്‍ പറഞ്ഞു. മനുഷ്യത്വം നഷ്ടപ്പെട്ടവര്‍ക്കുമാത്രമേ ഇത്തരമൊരു നടപടി കൈക്കൊള്ളാന്‍ കഴിയൂ. കേന്ദ്രസര്‍ക്കാരിന്റെ ഈ ജനവിരുദ്ധനടപടി സംസ്ഥാനത്തെ ലക്ഷക്കണക്കിന് കുടുംബങ്ങളെ തീരാദുരിതത്തിലേക്ക് മാത്രമേ തള്ളിവിടൂ. അടിക്കടിയുണ്ടാകുന്ന വിലക്കയറ്റവും ഗ്യാസ് സിലിണ്ടറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും വീട്ടമ്മമാര്‍ക്ക് താങ്ങാന്‍ കഴിയില്ല. ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടി പിന്‍വലിപ്പിക്കാന്‍ കോണ്‍ഗ്രസുകാരും രംഗത്തിറങ്ങണമെന്ന് ശ്രീമതി ആവശ്യപ്പെട്ടു.

ജനങ്ങള്‍ക്കുമേലുള്ള ഇരുട്ടടി: പന്ന്യന്‍

ഡീസല്‍വില ലിറ്ററിന് അഞ്ചു രൂപ നിരക്കില്‍ വര്‍ധിപ്പിക്കാനും പാചകവാതക സിലിണ്ടര്‍ വര്‍ഷം ആറെണ്ണമെന്ന് പരിമിതപ്പെടുത്താനുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്കുമേലുള്ള ഇരുട്ടടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായ ജനരോഷം ഉയരണം. സാധാരണക്കാരന്റെ ജീവന് വിലകല്‍പ്പിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം നാട്ടിലെങ്ങും ഉയരണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റേത് തീക്കളി: എ എ അസീസ്

ഡീസല്‍ ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിച്ചതും പാചകവാതകത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതും കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന തീക്കളിയാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് എംഎല്‍എ പറഞ്ഞു. പെട്രോളിയം കമ്പനികളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന ജനദ്രോഹനടപടികള്‍ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കും. ഇത് അപകടകരമാണെന്നും ഇതിനെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം ഉയരുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. തിരു: ഡീസല്‍ വിലവര്‍ധനയില്‍ ജനജീവിതം ദുരിതപൂര്‍ണമാകുമെന്ന് ആര്‍വൈഎഫ് സംസ്ഥാന പ്രസിഡന്റ് സി ഉണ്ണിക്കൃഷ്ണനും സംസ്ഥാന സെക്രട്ടറി സലിം പി ചാക്കോയും പറഞ്ഞു.

deshabhimani 140912

2 comments:

  1. വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വക ഇരട്ടപ്രഹരം. ഡീസല്‍ വില ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിച്ചു. സബ്സിഡി നിരക്കില്‍ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒരു കുടുംബത്തിന് വര്‍ഷത്തില്‍ ആറെണ്ണം മാത്രമായി പരിമിതപ്പെടുത്തി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച വൈകിട്ട് ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയാണ് തീരുമാനമെടുത്തത്.

    ReplyDelete