Monday, September 10, 2012

വ്യവസായ ഇടനാഴി നിംസ് പദ്ധതിയില്‍ അനുവദിക്കില്ല: കാനം


കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിങ് സോണ്‍ (നിംസ്) പദ്ധതിയില്‍ ഉള്‍പ്പെടുത്തി എമര്‍ജിങ് കേരളയില്‍ നടപ്പാക്കാന്‍ കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ അനുവദിക്കില്ലെന്ന് എഐടിയുസി ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഓള്‍ ഇന്ത്യ ഫിഷ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി) ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ രാജ്യത്തു നടപ്പാക്കിയ പ്രത്യേക സാമ്പത്തികമേഖല സോണുകളുടെ ഉയര്‍ന്ന രൂപമാണ് നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിങ് സോണുകള്‍. രാജ്യത്ത് ജനങ്ങള്‍ക്ക് സബ്സിഡികള്‍ നല്‍കാന്‍ കഴിയില്ലെന്നു പറയുകയും അതേസമയം, കോര്‍പറേറ്റുകള്‍ക്ക് വന്‍ ഇളവുകള്‍ നല്‍കുകയുംചെയ്യുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 100 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫിറ്റ് പോലുള്ള സ്ഥാപനങ്ങളുടെ ഭൂമി 26 ശതമാനം മാത്രം സര്‍ക്കാര്‍ ഓഹരിയുള്ള ഇന്‍കെല്‍പോലുള്ള കമ്പനികള്‍ക്ക് നല്‍കുന്നത് സ്വകാര്യവല്‍ക്കരണമാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ ചൂഷണം നടക്കുന്ന മേഖലകളിലൊന്നാണ് മത്സ്യമേഖലയെന്നും മത്സ്യമേഖലയെക്കുറിച്ചോ മത്സ്യത്തൊഴിലാളികള്‍ക്ക് നേട്ടമുണ്ടാക്കുന്നതോ ആയ ഒരു പദ്ധതിയും സംസ്ഥാന സര്‍ക്കാരിന്റെ എമര്‍ജിങ് കേരളയില്‍ ഇല്ലെന്ന് സിപിഐ നേതാവ് സി ദിവാകരന്‍ പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ചു നടന്ന സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരത്തിലെ വിജയികള്‍ക്ക് സി ദിവാകരന്‍ സമ്മാനം നല്‍കി. ഒന്നാംസ്ഥാനം നേടിയ കെ ശശി (ചന്ദ്രിക-കണ്ണൂര്‍), രണ്ടാംസ്ഥാനം നേടിയ ബിമല്‍ തമ്പി (മാധ്യമം-കൊച്ചി) മൂന്നാംസ്ഥാനം നേടിയ ബൈജു കൊടുവള്ളി (മാധ്യമം-കണ്ണൂര്‍) എന്നിവരും പ്രോത്സാഹനസമ്മാനം നേടിയ പി ആര്‍ രാജേഷ്കുമാര്‍ (മംഗളം-കൊച്ചി), അരുണ്‍കുമാര്‍ വൈപ്പിന്‍ എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. ഫെഡറേഷന്‍ പ്രസിഡന്റായി തമിഴ്നാട്ടില്‍നിന്നുള്ള അപ്പാദുരൈയെയും ജനറല്‍ സെക്രട്ടറിയായി പി രാജുവിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ടി ജെ ആഞ്ചലോസ്, ഇ നരസിംഹ (ആന്ധ്രപ്രദേശ്), എ എസ് കണ്ണന്‍ (തമിഴ്നാട്), സെക്രട്ടറിമാരായി മുരുകന്‍ ദുരൈ (തമിഴ്നാട്), വൈ നന്ദനു (ആന്ധ്രപ്രദേശ്), കുമ്പളം രാജപ്പന്‍ എന്നിവരെയും ട്രഷററായി എ കെ ജബ്ബാറിനെയും തെരഞ്ഞെടുത്തു.

deshabhimani 100912

No comments:

Post a Comment