Saturday, September 1, 2012

വൈദ്യുതിമേഖലയിലെ കരാര്‍വല്‍ക്കരണം അവസാനിപ്പിക്കണം


വൈദ്യുതിമേഖലയിലെ കരാര്‍വല്‍ക്കരണവും തൊഴില്‍ചൂഷണവും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. വൈദ്യുതിമേഖലയിലെ കരാര്‍, താല്‍ക്കാലിക, ദിവസവേതന ജീവനക്കാരോടുള്ള ചൂഷണത്തിനെതിരെ സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷനാണ് ഈ ആവശ്യം ഉന്നയിച്ചത്. സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്തു.

കരാര്‍ തൊഴിലാളികളെന്നോ സ്ഥിരം തൊഴിലാളികളെന്നോ ഭേദമില്ലാതെ അവകാശത്തിനുവേണ്ടി ഒറ്റക്കെട്ടായ പോരാട്ടമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍ചട്ടം ലംഘിക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പങ്കുണ്ട്. വൈദ്യുതിമേഖല സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതുന്ന കേന്ദ്രസര്‍ക്കാര്‍ നയം തൊഴിലാളികളുടെ താല്‍പ്പര്യവും ഹനിക്കുന്നു. സ്വകാര്യവല്‍ക്കരണത്തിനെതിരായ സമരത്തില്‍ സ്ഥിരം തൊഴിലാളികള്‍ക്കു തുല്യമായി കരാര്‍ തൊഴിലാളികള്‍ക്കും നിര്‍ണായകസ്ഥാനമുണ്ടെന്നും തപന്‍ സെന്‍ പറഞ്ഞു. വൈദ്യുതി സ്വകാര്യവല്‍ക്കരണത്തിനെതിരെ ജനരോഷം ശക്തമാവുകയാണെന്ന് സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. കൂട്ടായ സമരത്തിന്റെ ഫലമായി താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ നിര്‍ബന്ധിതമായി-അദ്ദേഹം പറഞ്ഞു.

നിലവിലുള്ള കരാര്‍ തൊഴിലാളികളെ സ്ഥിരം തൊഴിലാളികളാക്കുക, കരാര്‍ കാലാവധി തീരുന്നതനുസരിച്ച് തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ നിയമം ഭേദഗതിചെയ്യുക, സ്ഥിരം തൊഴിലാളികള്‍ക്ക് തുല്യമായ വേതനം കരാര്‍ തൊഴിലാളികള്‍ക്ക് നല്‍കുക, ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ 2003ലെ വൈദ്യുതി നിയമം പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ജില്ല, സര്‍ക്കിള്‍ തലത്തില്‍ ധര്‍ണ സംഘടിപ്പിക്കാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.&ാറമവെ;നവംബര്‍ 21ന് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ധര്‍ണ നടത്തും. മറ്റു ട്രേഡ് യൂണിയനുകളുമായി ചേര്‍ന്ന് വന്‍ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാനും തീരുമാനിച്ചു.

20 സംസ്ഥാനങ്ങളില്‍നിന്നുള്ള കരാര്‍, സ്ഥിരം തൊഴിലാളികളും വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും കണ്‍വന്‍ഷനില്‍ പങ്കെടുത്തു. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി പ്രശാന്ത് നന്ദി ചൗധരി, വര്‍ക്കിങ് പ്രസിഡന്റ് സ്വദേശ് ദേബ്റോയ്, ദേശീയ സെക്രട്ടറിമാരായ ഛായ ചാറ്റര്‍ജി, സുഭാഷ് ലാംബ, ട്രഷറര്‍ എസ് എസ് സുബ്രഹ്മണ്യം, ഇന്ത്യന്‍ നാഷണല്‍ ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍(ഐഎന്‍ടിയുസി) ജന. സെക്രട്ടറി കുല്‍ദീപ്കുമാര്‍, അഖില ഭാരതീയ വിദ്യുത് മസ്ദൂര്‍ സംഘ്(ബിഎംഎസ്) ദേശീയ സംഘാടക സെക്രട്ടറി പവന്‍കുമാര്‍, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം ജി സുരേഷ്കുമാര്‍, കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ ജന. സെക്രട്ടറി എസ് സുരേഷ്കുമാര്‍, ഇലക്ട്രിസിറ്റി ബോര്‍ഡ് കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് അസോസിയേഷന്‍ ജന. സെക്രട്ടറി ഒ എ സുകുമാരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 010912

1 comment:

  1. വൈദ്യുതിമേഖലയിലെ കരാര്‍വല്‍ക്കരണവും തൊഴില്‍ചൂഷണവും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. വൈദ്യുതിമേഖലയിലെ കരാര്‍, താല്‍ക്കാലിക, ദിവസവേതന ജീവനക്കാരോടുള്ള ചൂഷണത്തിനെതിരെ സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷനാണ് ഈ ആവശ്യം ഉന്നയിച്ചത്. സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്തു.

    ReplyDelete