പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖയില്‍ സര്‍ക്കാര്‍ വീണ്ടും ഭേദഗതി വരുത്തിയതോടെ തദ്ദേശസ്ഥാപനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. മാര്‍ഗരേഖ സംബന്ധിച്ച് സര്‍ക്കാരിന് ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. കരട് മാര്‍ഗരേഖയില്‍ ഇടക്കിടെ മാറ്റങ്ങള്‍ വരുത്തുന്നു. വികസനസെമിനാറുകള്‍ നടത്തി പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നതിനിടെ 25ന് മാര്‍ഗരേഖയില്‍ ഭേദഗതി വരുത്തി വീണ്ടും ഉത്തരവിറക്കി. പദ്ധതികള്‍ക്ക് ഡിപിസികളുടെ അന്തിമ അംഗീകാരം വാങ്ങേണ്ട തീയതി സെപ്തംബര്‍ ഏഴാണ്. അങ്കണവാടി പോഷകാഹാര പദ്ധതി ചെലവിന്റെ മൂന്നിലൊന്ന് ബ്ലോക്ക് പഞ്ചായത്തുകള്‍ വഹിക്കണമെന്നാണ് പുതിയ ഭേദഗതിയിലെ പ്രധാന നിര്‍ദേശം. റോഡുകള്‍ക്ക് കരാറുകാര്‍ അഞ്ച് വര്‍ഷത്തെ ഗ്യാരണ്ടി ഉറപ്പ് നല്‍കണമെന്നുള്ള നിബന്ധന പിന്‍വലിച്ചു. പഞ്ചായത്ത് കോര്‍ഡിനേറ്റര്‍മാരായി ഇപ്പോള്‍ എല്‍ഡി ക്ലാര്‍ക്കുമാര്‍ക്കാണ് പരിശീലനം നല്‍കിയത്. എന്നാല്‍ യു ഡി ക്ലാര്‍ക്ക് മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥരെ കോര്‍ഡിനേറ്റര്‍മാരായി നിയമിക്കണമെന്നാണ് പുതിയ നിര്‍ദേശം.
വിവിധ പദ്ധതികള്‍ക്കുള്ള സബ്സിഡി സംബന്ധിച്ചും അന്തിമരൂപമായിട്ടില്ല. മൊത്തം പദ്ധതി വിഹിതത്തിന്റെ 45 ശതമാനത്തിലധികം തുക പശ്ചാത്തല മേഖലക്ക് വിനിയോഗിക്കാനാണ് അനുമതി. ഉത്പാദന മേഖലക്ക് ആവശ്യമായ തുക നീക്കിവയ്ക്കാത്തത് കാര്‍ഷികമേഖലക്ക് വന്‍തിരിച്ചടിയാകും. അങ്കണവാടി പോഷകാഹാരവിതരണം, എസ്എസ്എ, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് തുടങ്ങിയ മേഖലകള്‍ക്ക് കൂടി നിശ്ചിത ശതമാനം നീക്കിവയ്ക്കണം. അവശേഷിക്കുന്ന പത്തോ പതിനഞ്ചോ ശതമാനം തുക മാത്രമേ ഉത്പാദന- സേവന മേഖലകള്‍ക്ക് ഉപയോഗപ്പെടുത്താനാകൂ. ഇതോടെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള ഭവന-കുടിവെള്ള പദ്ധതികള്‍ക്കും ഫണ്ടില്ലാതാകും. പദ്ധതികള്‍ക്ക് ഡിപിസി അംഗീകാരം ലഭിക്കാത്തതിനാല്‍ പതിനായിരം രൂപയില്‍ കൂടുതലുള്ള പദ്ധതികളൊന്നും തന്നെ പഞ്ചായത്തുകള്‍ക്ക് നടപ്പാക്കാന്‍ കഴിയുന്നില്ല. പ്രകൃതി ദുരന്തങ്ങളിലും, മണ്ണിടിഞ്ഞും മറ്റും റോഡുകളും കുടിവെള്ള വിതരണപദ്ധതിയും തകരാറിലാകുമ്പോള്‍ അടിയന്തര അറ്റകുറ്റപണികള്‍ക്ക് പതിനായിരത്തിലധികം രൂപ ചെലവിടാന്‍ കഴിയില്ലെന്നതും തദേശസ്ഥാപനങ്ങള്‍ക്ക് തലവേദനയാകും.
വികസനരേഖ, പഞ്ചവത്സര പദ്ധതി രേഖ, പദ്ധതി രേഖ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വികസന രേഖകള്‍ തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാക്കേണ്ടതുണ്ട്. അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതി തയ്യാറാക്കി ഓരോ വര്‍ഷത്തെയും തുക പ്രത്യേകം രേഖപ്പെടുത്തിവേണം പഞ്ചവത്സര പദ്ധതിരേഖ തയ്യാറാക്കാന്‍. വിവിധ വകുപ്പുകളുടെ പദ്ധതിയും ഇവയില്‍ രേഖപ്പെടുത്തണം. ഈ മൂന്ന് പദ്ധതി രേഖകളും തയ്യാറാക്കി വികസനസെമിനാര്‍ നടത്തിയതിന് ശേഷമാണ് ജില്ല പ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കേണ്ടത്. എന്നാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം പഞ്ചായത്തുകളിലും വികസനസെമിനാര്‍ ഇതുവരെ നടന്നിട്ടില്ല. ജില്ല പ്ലാനിങ് സമിതി അംഗീകാരം വാങ്ങി പദ്ധതികള്‍ തയ്യാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കുമ്പോഴേക്കും സാമ്പത്തികവര്‍ഷം അവസാനിക്കും.
(പി ഒ ഷീജ)
deshabhimani 010912
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖയില്‍ സര്‍ക്കാര്‍ വീണ്ടും ഭേദഗതി വരുത്തിയതോടെ തദ്ദേശസ്ഥാപനങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. മാര്‍ഗരേഖ സംബന്ധിച്ച് സര്‍ക്കാരിന് ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. കരട് മാര്‍ഗരേഖയില്‍ ഇടക്കിടെ മാറ്റങ്ങള്‍ വരുത്തുന്നു. വികസനസെമിനാറുകള്‍ നടത്തി പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നതിനിടെ 25ന് മാര്‍ഗരേഖയില്‍ ഭേദഗതി വരുത്തി വീണ്ടും ഉത്തരവിറക്കി.
ReplyDelete