Wednesday, September 5, 2012

ടൈറ്റാനിയം സ്പോഞ്ച് പദ്ധതിയും ലേലത്തിന്


എല്‍ഡിഎഫ് ഭരണകാലത്ത് ആഗോള ടെന്‍ഡര്‍ വിളിച്ച് കരാര്‍ ഉറപ്പിച്ച ടൈറ്റാനിയം സ്പോഞ്ച് പദ്ധതി എമര്‍ജിങ് കേരളയുടെ മറവില്‍ വീണ്ടും ലേലത്തിനുവച്ചു. നിരവധി വിദേശക്കമ്പനികള്‍ പങ്കെടുത്ത ആഗോള ടെന്‍ഡറിനു ശേഷമാണ് റഷ്യന്‍ കമ്പനിയുമായി സഹകരിച്ച് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതേ പദ്ധതി വീണ്ടും ലേലത്തിനുവച്ചതില്‍ ദുരൂഹതയുണ്ട്.മൂവായിരം കോടി രൂപ മൊത്ത ചെലവ് കണക്കാക്കുന്ന പദ്ധതിയിലൂടെ പ്രതിവര്‍ഷം 10,000 ടണ്‍ ടൈറ്റാനിയം സ്പോഞ്ച് ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ടാറ്റാ കണ്‍സള്‍ട്ടിങ് എന്‍ജിനിയറിങ് സാമ്പത്തിക-സാങ്കേതിക സാധ്യതാപഠനം നടത്തി നല്‍കിയ റിപ്പോര്‍ട്ടിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍നടപടി എടുത്തത്. പദ്ധതി നടപ്പാക്കാനായി ചവറ കെഎംഎംഎല്ലിനടുത്ത് സ്ഥലം കണ്ടെത്തി. സ്പോഞ്ച് പ്ലാന്റും നിര്‍മിച്ചു. ഇതിനിടെ ഭരണമാറ്റം ഉണ്ടായതോടെ തുടര്‍ നടപടി നിലക്കുകയായിരുന്നു. ഈ പദ്ധതിയാണ് ഇപ്പോള്‍ എമര്‍ജിങ് കേരളയിലെത്തുന്നത്.

കെഎംഎംഎല്ലിനടുത്ത് 265 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇതില്‍ 100 ഏക്കര്‍ സ്ഥലം മാത്രമേ പദ്ധതിക്ക് ആവശ്യമുള്ളൂവെന്നും എമര്‍ജിങ് കേരളയുടെ വെബ്സൈറ്റില്‍ പറയുന്നു. ബാക്കി 165 ഏക്കര്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് ഉപയോഗിക്കാമെന്ന പരോക്ഷമായ വാഗ്ദാനവും വെബ്സൈറ്റിലുണ്ട്. എല്‍ഡിഎഫ് വിഭാവനം ചെയ്ത പദ്ധതിയില്‍ ധാതുഖനം പൂര്‍ണമായും കെഎംഎംഎല്ലിനാണ്. സ്പോഞ്ച് നിര്‍മാണത്തിനാവശ്യമായ അസംസ്കൃതവസ്തുവായ ടൈറ്റാനിയം ടെട്രാ ക്ലോറൈഡ് കെഎംഎംഎല്‍ നല്‍കും. എമര്‍ജിങ് കേരളയിലും ടൈറ്റാനിയം ടെട്രാ ക്ലോറൈഡ് മാര്‍ക്കറ്റ് വിലയ്ക്ക് കെഎംഎംഎല്‍ നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും പിന്നീട് എന്തെന്നതും രഹസ്യമാണ്.

കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് നടത്തിയ ഇടപെടലുകളുടെ ഭാഗമായി കെഎംഎംഎല്ലിന് ഇപ്പോള്‍ തന്നെ 1000 ടണ്‍ ടൈറ്റാനിയം സ്പോഞ്ച് ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഡിഫന്‍സ് മെറ്റലേര്‍ജിക്കല്‍ റിസര്‍ച്ച് ലബോറട്ടറി(ഡിഎംആര്‍എല്‍)യുടെ സാങ്കേതികസഹായത്തോടെയാണ് ഇതിനുള്ള പ്ലാന്റ് തയ്യാറാക്കിയത്. വിക്രം സാരാഭായി സ്പെയ്സ് സെന്റ(വിഎസ്എസ്സി)റുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഉല്‍പ്പാദനം തുടങ്ങിയത്. ഇതിനായി വിഎസ്എസ്സി 143 കോടി രൂപ സാമ്പത്തികസഹായം നല്‍കി. കരാര്‍ പ്രകാരം കെഎംഎംഎല്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്പോഞ്ച് വിഎസ്എസ്സി വാങ്ങും. ഇതിനായി കെഎംഎംഎല്ലും വിഎസ്എസ്സിയും ഡിഎംആര്‍എല്ലും പ്രത്യേക കരാറില്‍ ഒപ്പിടേണ്ടതുണ്ട്. എന്നാല്‍, സംസ്ഥാന സര്‍ക്കാറോ വ്യവസായവകുപ്പോ ഇതിന് മുന്‍കൈ എടുക്കാത്തതിനാല്‍ ശേഷി വിനിയോഗിക്കാനാകുന്നില്ല. റഷ്യന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ നടപ്പാക്കുന്നതിലും വിമുഖത കാണിക്കുന്നു. ആഗോളതലത്തില്‍ ടെന്‍ഡര്‍ വിളിച്ച് ഉറപ്പിച്ച കരാര്‍ നടപ്പാക്കാതെയും കെഎംഎംഎല്ലിന്റെ സ്ഥാപിത ശേഷി ഉപയോഗിക്കാന്‍ ശ്രമിക്കാതെയും പുതിയ സംരംഭകരെ തേടുന്നതിന് പിന്നിലെ രഹസ്യ അജന്‍ഡ റിയല്‍ എസ്റ്റേറ്റ് കച്ചവടവും അനധികൃത ധാതുമണല്‍ ഖനവുമാണെന്ന സംശയം ബലപ്പെടുകയാണ്.

എമര്‍ജിങ് കേരള പദ്ധതികള്‍ക്കെതിരെ ജിസിഡിഎ ചെയര്‍മാന്‍

കൊച്ചി: എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തില്‍ വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) യോട് ആലോചിക്കാതെ ജിസിഡിഎയുടെ മൂന്ന് പദ്ധതികള്‍ ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. ജിസിഡിഎ താല്‍ക്കാലികമായി മരവിപ്പിച്ച പദ്ധതി പോലും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതില്‍ ജിസിഡിഎ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എന്‍ വേണുഗോപാലിന് പ്രതിഷേധമുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും അറിയിക്കാനുള്ള നീക്കത്തിലാണ് ഇദ്ദേഹം. ഈ പദ്ധതികള്‍ നടക്കാന്‍ സാധ്യതയില്ലാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം എമര്‍ജിങ് കേരളയിലെ പദ്ധതിയെക്കുറിച്ച് ജിസിഡിഎയോട് ആലോചിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കെ ബാബു തുറന്നടിച്ചു.

ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള മണപ്പാട്ടിപ്പറമ്പിലെ 2.78 ഏക്കറില്‍ കമേഴ്സ്യല്‍ ഷോപ്പിങ്ങ് കോംപ്ലക്സ്, മറൈന്‍ഡ്രൈവിലെ അഞ്ചേക്കര്‍ സ്ഥലം സൗന്ദര്യവല്‍ക്കരണം, കലൂരിലെ 1.8 ഏക്കറില്‍ മാര്‍ക്കറ്റ് കം കമേഴ്സ്യല്‍ ക്ലസ്റ്റര്‍ എന്നീ പദ്ധതികളാണ് ജിസിഡിഎയുടെ പേരില്‍ എമര്‍ജിങ് കേരളയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇതില്‍ മറൈന്‍ഡ്രൈവ് വികസനപദ്ധതി ജിസിഡിഎ താല്‍കാലികമായി മരവിപ്പിച്ചിരിക്കുകയായിരുന്നു. ജിസിഡിഎ സമീപനാളില്‍ നടത്തിയ വിഷന്‍ 2030 വികസന സെമിനാറില്‍ ഈ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ്. മണപ്പാട്ടിപ്പറമ്പിലെ കമേഴ്സ്യല്‍ കോംപ്ലക്സ് പദ്ധതിക്കായി സ്ഥലം ബിഒടി അടിസ്ഥാനത്തില്‍ നല്‍കേണ്ടെന്നും ജിസിഡിഎ തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയും ജിസിഡിഎയോട് ആലോചിക്കുകപോലും ചെയ്യാതെയുമാണ് സംഗമത്തിന്റെ വെബ്സൈറ്റില്‍ ഇവ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

എമര്‍ജിങ് കേരള സംഗമത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതല്ലാതെ ഇതുസംബന്ധിച്ച ക്ഷണക്കത്തുപോലും ലഭിച്ചിട്ടില്ലെന്ന് ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍ പറഞ്ഞു. എമര്‍ജിങ് കേരളയില്‍ ഏതുതരത്തിലുള്ള പദ്ധതികളാണ് അവതരിപ്പിക്കുന്നതെന്ന് ജിസിഡിഎയെ ഇതുവരെ ആരും അറിയിച്ചിട്ടില്ല. ജിസിഡിഎയുടേതായി എമര്‍ജിങ് കേരള വെബ്സൈറ്റില്‍ വന്നിട്ടുള്ള പദ്ധതികള്‍ നടക്കാന്‍ സാധ്യതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മണപ്പാട്ടിപറമ്പിലെ ഭൂമിയില്‍ പിപിപിയായി കമേഴ്സ്യല്‍ കോംപ്ലക്സ് പണിയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. മറൈന്‍ഡ്രൈവിലും കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപമുള്ള സ്ഥലങ്ങളിലും ഒരേസമയം പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ലെന്നതാണ് ജിസിഡിഎ നിലപാട്. കലൂരില്‍ എക്സിബിഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി ജിസിഡിഎ മുന്നോട്ടുപോവുകയാണ്.

എമര്‍ജിങ് കേരളയില്‍ ജില്ലയിലെ പല പദ്ധതികളും ഏക്കര്‍കണക്കിന് ഭൂമിയിലാണ് വിഭാവനംചെയ്തിട്ടുള്ളത്. ഈ ഭൂമി എവിടെയാണെന്ന് ഈ വിവരങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയവര്‍ക്കുമാത്രമെ അറിയൂവെന്നും വേണുഗോപാല്‍ പരിഹസിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും കണ്ട് പദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കും. തെരഞ്ഞെടുത്ത ജിസിഡിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയെ സര്‍ക്കാര്‍ കണക്കിലെടുക്കേണ്ടതായിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു. അതേസമയം എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ ജിസിഡിഎയോടു ആലോചിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി കെ ബാബു പറഞ്ഞു. ജിസിഡിഎ സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ്. പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും സ്വാതന്ത്ര്യംപോലും ജിസിഡിഎക്കില്ല. പദ്ധതിക്കെതിരെ വ്യാജപ്രചാരണങ്ങളാണ് നിലനില്‍ക്കുന്നതെന്നും നടത്തിപ്പ് പൂര്‍ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

deshabhimani 050912

1 comment:

  1. എല്‍ഡിഎഫ് ഭരണകാലത്ത് ആഗോള ടെന്‍ഡര്‍ വിളിച്ച് കരാര്‍ ഉറപ്പിച്ച ടൈറ്റാനിയം സ്പോഞ്ച് പദ്ധതി എമര്‍ജിങ് കേരളയുടെ മറവില്‍ വീണ്ടും ലേലത്തിനുവച്ചു. നിരവധി വിദേശക്കമ്പനികള്‍ പങ്കെടുത്ത ആഗോള ടെന്‍ഡറിനു ശേഷമാണ് റഷ്യന്‍ കമ്പനിയുമായി സഹകരിച്ച് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതേ പദ്ധതി വീണ്ടും ലേലത്തിനുവച്ചതില്‍ ദുരൂഹതയുണ്ട്

    ReplyDelete