Wednesday, September 5, 2012
എസ്എഫ്ഐ സമ്മേളനത്തിന് ഉജ്വല തുടക്കം
മധുര: രക്തസാക്ഷികളെക്കുറിച്ചുള്ള ഓര്‍മകള്‍ പോരാട്ടത്തിനുള്ള ഊര്‍ജസ്രോതസ്സാണെന്ന് പ്രഖ്യാപിച്ച് ഒഴുകിയെത്തിയ പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ മധുര നഗരത്തെ ശുഭ്രസാഗരമാക്കി. തമിഴ്നാട്ടില്‍ എസ്എഫ്ഐ ആര്‍ജിച്ച അജയ്യശക്തി വിളിച്ചോതി ക്ഷേത്രനഗരത്തെ പ്രകമ്പനംകൊള്ളിച്ച മഹാറാലി പതിനാലാം അഖിലേന്ത്യാ സമ്മേളനത്തിന് അവിസ്മരണീയ തുടക്കമേകി. സമ്മേളനത്തെ തകര്‍ക്കാന്‍ പൊലീസിനെ കയറൂരിവിട്ട് ജയലളിത സര്‍ക്കാര്‍ നടത്തിയ അട്ടിമറിശ്രമങ്ങളെ ചെറുത്തുതോല്‍പ്പിച്ചാണ് വിദ്യാര്‍ഥികള്‍ റാലിക്കെത്തിയത്. വൈകിട്ട് 5.15ന് ആരംഭിച്ച പ്രകടനത്തില്‍ തിരുവള്ളുവര്‍മുതല്‍ കന്യാകുമാരിവരെയുള്ള പ്രദേശങ്ങളിലെ കോളേജുകളിലെയും സ്കൂളുകളിലെയും വിദ്യാര്‍ഥികള്‍ അണിചേര്‍ന്നു. സമ്മേളന നടത്തിപ്പിന് ഹുണ്ടിക പിരിവ് നടത്തുന്നതും പ്രചാരണത്തിന് കൊടികെട്ടുന്നതും വിലക്കിയും വിദ്യാര്‍ഥികള്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയും ജയലളിത സര്‍ക്കാര്‍ സംസ്ഥാനമൊട്ടുക്ക് നടത്തിയ ഭീകരതയ്ക്ക് മറുപടികൂടിയായി റാലിക്ക് തടിച്ചുകൂടിയ പതിനായിരങ്ങള്‍. ഒപ്പം രാജ്യമൊട്ടുക്ക് വിദ്യാഭ്യാസമേഖലയില്‍ എസ്എഫ്ഐ നടത്തുന്ന ഉജ്വലമായ ഇടപെടലുകള്‍ക്കുള്ള അംഗീകാരവും.
5.15ന് നഗരമധ്യത്തിലെ തയിര്‍ മാര്‍ക്കറ്റിനു സമീപത്തുനിന്ന് ആരംഭിച്ച റാലിയുടെ മുന്‍നിരയില്‍ അഖിലേന്ത്യാ നേതാക്കള്‍ അണിനിരന്നു. അവര്‍ക്കു പിന്നില്‍ പതിനാലാം അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രതീകമായി 14 കൂറ്റന്‍ കൊടികളുമായി ശുഭ്രവസ്ത്രധാരികളായ പെണ്‍കുട്ടികള്‍. തുടര്‍ന്ന് വെള്ള യൂണിഫോമണിഞ്ഞ നൂറുകണക്കിനു സ്കൂള്‍ വിദ്യാര്‍ഥികള്‍. അതിനു പിന്നില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍. ഒടുവില്‍ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍നിന്നുള്ള അസംഖ്യം വിദ്യാര്‍ഥികള്‍. മയിലാട്ടവും കാവടിയുമടക്കമുള്ള കലാരൂപങ്ങള്‍ റാലിയില്‍ അണിനിരന്നു. തയിര്‍ മാര്‍ക്കറ്റില്‍നിന്ന് ആരംഭിച്ച പ്രകടനം രണ്ടു കിലോമീറ്റര്‍ താണ്ടി പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രത്തിനടുത്ത് വടക്ക്-പടിഞ്ഞാറന്‍ മാസി തെരുവുകള്‍ സംഗമിക്കുന്ന വിശാലമായ പൊതുസമ്മേളന നഗറിലെത്തുമ്പോഴും അവസാനിര പുറപ്പെട്ടിരുന്നില്ല.
കശ്മീര്‍മുതല്‍ കന്യാകുമാരിവരെയും കച്ച്മുതല്‍ കൊഹിമവരെയുമുള്ള പ്രദേശങ്ങളിലെ അസംഖ്യം ഭാഷകളിലുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങിയപ്പോള്‍ മധുര ഒരു "മിനി ഇന്ത്യ"യായി. റാലിക്ക് എസ്എഫ്ഐ പ്രസിഡന്റ് പി കെ ബിജു എംപി, ജനറല്‍ സെക്രട്ടറി റിത്തബ്രത ബാനര്‍ജി, ജോയിന്റ് സെക്രട്ടറി വി ശിവദാസന്‍, സായന്‍ദീപ് മിത്ര, കെ ചന്ദ്രമോഹന്‍, കെ എസ് കനകരാജ്, സ്വരണ്‍ജീത്സിങ്, ടി പി ബിനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രക്തസാക്ഷികളായ അനീഷ് രാജന്‍, എ ബി ബിജേഷ്, സ്വപന്‍ കോലി, അഭിജിത് മഹാതോ, പാര്‍ഥ ബിശ്വാസ്, തിലക് തുഡു എന്നിവരുടെ പേരിലുള്ള പൊതുസമ്മേളന നഗരിയില്‍ നടന്ന പൊതുസമ്മേളനം എസ്എഫ്ഐ മുന്‍ പ്രസിഡന്റും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്തു. സ്വാതന്ത്ര്യ സമരസേനാനിയും മുതിര്‍ന്ന സിപിഐ എം നേതാവുമായ എന്‍ ശങ്കരയ്യ, പി കെ ബിജു, ബാല ഭാരതി എംഎല്‍എ, റിത്തബ്രത ബാനര്‍ജി, കെ എസ് കനകരാജ്, ജി രാജ്മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം ബുധനാഴ്ച രാവിലെ ഒമ്പതിന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. സി പി ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. സോമുസുന്ദരം-ചെമ്പുലിംഗം നഗറി (ചേംബര്‍ ഓഫ് കൊമേഴ്സ് ഹാള്‍)ലെ സി ഭാസ്കരന്‍-സുഭാഷ് ചക്രവര്‍ത്തി വേദിയില്‍ വെള്ളിയാഴ്ചവരെയാണ് സമ്മേളനം.
(എന്‍ എസ് സജിത്)
കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുന്നു: യെച്ചൂരി
മധുര: രാജ്യത്തിന് കോടികള്‍ നഷ്ടപ്പെടുത്തിയ കല്‍ക്കരി കുംഭകോണത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. എസ്എഫ്ഐ പതിനാലാം അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കംകുറിച്ച് മധുരയില്‍ വിദ്യാര്‍ഥി റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.
നേരത്തെയുള്ള അഴിമതി ആരോപണങ്ങളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് പങ്കില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാദം. 2ജി അഴിമതിയുടെ ഉത്തരവാദിത്തം എ രാജയുടെ തലയില്‍ വച്ചുകെട്ടി. വിലക്കയറ്റത്തിന്റെ പഴികേട്ടത് ശരദ് പവാറും. എന്നാല്‍, കല്‍ക്കരിക്കൊള്ള നടന്നത് പ്രധാനമന്ത്രി ആ വകുപ്പ് കൈകാര്യം ചെയ്തപ്പോഴായതിനാല്‍ ഇത്തവണ പ്രധാനമന്ത്രിയെ രക്ഷിക്കാനാകില്ല. ആലിബാബയും നാല്‍പ്പതു കള്ളന്മാരും എന്ന നിലയിലാണ് കേന്ദ്രഭരണം. വിലക്കയറ്റം, ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രധാന പ്രതിപക്ഷമായ ബിജെപിക്ക് സാധിക്കുന്നില്ല. കോണ്‍ഗ്രസിനു തുല്യമായ ഉത്തരവാദിത്തം ബിജെപിക്കുമുള്ളതുകൊണ്ടാണിത്-യെച്ചൂരി പറഞ്ഞു.
പാവപ്പെട്ടവരെ സഹായിക്കുന്നതിന് പകരം കോര്‍പറേറ്റുകള്‍ക്ക് ഇളവു നല്‍കുന്നതിലാണ് കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യമെന്ന് എസ്എഫ്ഐ പ്രസിഡന്റ് പി കെ ബിജു എംപി പറഞ്ഞു. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കാന്‍ 1.75 ലക്ഷം കോടി രൂപ വേണമെന്നിരിക്കെ 25,000 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്-ബിജു പറഞ്ഞു. കോളേജ് വിദ്യാഭ്യാസത്തിന് അര്‍ഹത നേടുന്ന യുവാക്കള്‍ ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് എസ്എഫ്ഐ ജനറല്‍ സെക്രട്ടറി റിത്തബ്രത ബാനര്‍ജി പറഞ്ഞു. രാജ്യത്തെ ഒമ്പതുശതമാനം യുവാക്കള്‍ മാത്രമാണ് കോളേജുകളില്‍ എത്തുന്നത്. കോര്‍പറേറ്റുകള്‍ക്ക് ഇളവുകള്‍ വാരിക്കോരി നല്‍കുന്ന സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ പൂര്‍ണമായും വാണിജ്യവല്‍ക്കരിക്കുകയാണെന്നും റിത്തബ്രത പറഞ്ഞു.
deshabhimani 050912
Labels:
എസ്.എഫ്.ഐ
Subscribe to:
Post Comments (Atom)
No comments:
Post a Comment