Sunday, September 9, 2012

എമര്‍ജിംഗ് കേരള നിയമകുരുക്കില്‍


തിങ്കളാഴ്ച കൊച്ചിയില്‍ കൊടിയേറുന്ന എമര്‍ജിംഗ് കേരളയുടെ മറവില്‍ നടക്കുന്ന ഭൂമി ഇടപാടുകള്‍ നിയമകുരുക്കിലാകും. ഈ മാഫിയാ മാമാങ്കത്തിനെത്തുന്ന നിക്ഷേപകര്‍ കബളിപ്പിക്കപ്പെടാന്‍ പോകുകയാണെന്നു നിയമവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എമര്‍ജിംഗ് കേരളയുടെ സംരംഭകര്‍ ചെന്നുപെടുന്നത് വ്യവസായ വകുപ്പ് ഇതിനകം ഒരുക്കിക്കഴിഞ്ഞ ചതിക്കുഴികളിലായിരിക്കുമെന്നും ഈ നിക്ഷേപസംഗമത്തിലൂടെ നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന പെരുമപോലും കളഞ്ഞുകുളിക്കുന്ന രീതിയിലാണ് സംഗതികള്‍ നീങ്ങുന്നതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭൂമി കൈമാറ്റം സംബന്ധിച്ച മൂലനിയമങ്ങള്‍ പാലിക്കാതെ നടക്കുന്ന ഇടപാടുകള്‍ അസാധുവാക്കാന്‍ പോന്ന നാല്‍പ്പതോളം കേന്ദ്ര-സംസ്ഥാന നിയമങ്ങളും വിജ്ഞാപനങ്ങളും സ്റ്റാറ്റിയൂട്ടറികളുമാണുള്ളത്.

ഇതിനുപുറമെ ഇതുവരെ ചോദ്യം ചെയ്യപ്പെടാത്ത നിരവധി സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസുമുള്ളപ്പോള്‍ എമര്‍ജിംഗ് കേരളയിലൂടെ ഭൂമി കൈക്കലാക്കുന്നവര്‍ക്ക് ആ ഭൂമിയില്‍ പ്രവേശിക്കാന്‍പോലും ആകാതെ വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം ഭൂമികൈമാറ്റങ്ങള്‍ക്കെതിരായ ഹൈക്കോടതിയുടെയും സുപ്രിംകോടതിയുടെയും അസംഖ്യം വിധികള്‍ വേറെയുമുണ്ട്. ഭൂമി കൈമാറ്റത്തിനെതിരെ വ്യവഹാര പ്രളയങ്ങള്‍  ഉണ്ടാകാനുള്ള എല്ലാ സാധ്യതകളും ഉള്ളപ്പോള്‍ എമര്‍ജിംഗ് കേരളയിലൂടെ മാഫിയാസംഘങ്ങളിലേക്ക് കൈമറിഞ്ഞ ഭൂമികളിന്മേലുള്ള കേസുകള്‍ വര്‍ഷങ്ങളോളം നീളാനുള്ള സാധ്യതയും നിയമജ്ഞര്‍ തള്ളിക്കളയുന്നില്ല.

റവന്യൂവകുപ്പിനെ മറികടന്നുകൊണ്ട് നടത്തുന്ന ഒരു ഭൂമികൈമാറ്റത്തിനും നിയമസാധ്യതയുണ്ടാവില്ല. അതേസമയം ഓരോ വകുപ്പും സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകള്‍പോലെ എമര്‍ജിംഗ് കേരളയ്ക്കുവേണ്ടി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്ന് റവന്യൂ-നിയമവകുപ്പുകേന്ദ്രങ്ങളും പറയുന്നു. പല മൂലനിയമങ്ങളിലും കാതലായ ഭേദഗതികള്‍ വരുത്താതെയുള്ള ഭൂമി കൈമാറ്റങ്ങള്‍ അസാധുവാകും.

കോവളം കൊട്ടാരഭൂമി കൈമാറാന്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവും എമര്‍ജിംഗ് കേരളയ്ക്ക് മുന്നിലെത്തുന്ന പദ്ധതിരേഖകളിലെ പ്രഖ്യാപനങ്ങളും നിയമപരമായി അസംബന്ധമാണെന്ന് നിയമജ്ഞര്‍ കരുതുന്നു. റവന്യൂവകുപ്പ് അറിയാതെ ഒരിഞ്ചുഭൂമിപോലും ആര്‍ക്കും കൈമാറാനാവില്ല. 1984 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ വ്യവസ്ഥചെയ്തിരിക്കുന്നത് 'ഏറ്റെടുക്കുന്നഭൂമി ഏറ്റെടുക്കലിന്റെ ഉദ്ദേശലക്ഷ്യങ്ങളനുസരിച്ചുമാത്രമേ വിനിയോഗിക്കാവൂ' എന്നാണ്. 97 ലെ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് രൂപംനല്‍കിയ വിവിധ ചട്ടങ്ങളനുസരിച്ചും ഏറ്റെടുത്ത സര്‍ക്കാര്‍ ഭൂമികള്‍ മറിച്ചുകൈമാറ്റം ചെയ്യുന്നത് വിലക്കിയിട്ടുണ്ട്.

ഇതിനുപുറമെ സര്‍ക്കാര്‍ പുറപ്പെടുവിച്ച മറ്റൊരു ഉത്തരവില്‍ (നമ്പര്‍ ജി ഒ (എം എസ്) 387/2000) ഏറ്റെടുത്ത ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനത്തില്‍ നിര്‍വചിച്ചിട്ടുള്ള നിശ്ചിതകാലയളവിനുള്ളില്‍ നിര്‍ദിഷ്ട ആവശ്യത്തിനു വിനിയോഗിച്ചില്ലെങ്കില്‍ ആ ഭൂമി റവന്യൂഭൂമിയായി പ്രഖ്യാപിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കണമെന്നും വ്യക്തമാക്കുന്നു. 2000 ഡിസംബര്‍ 22 ന് പ്രാബല്യത്തിലായ ഈ ഉത്തരവിലെ വ്യവസ്ഥകളനുസരിച്ച് മറ്റൊരാവശ്യത്തിനു ഭൂമി കൈമാറാനാവില്ല. കെ എസ് ഐ ഡി സി, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ എന്നിവയുടെ പാണക്കാട്, തലസ്ഥാനത്തെ തമ്പാനൂര്‍, ആലുവ എന്നിവിടങ്ങളിലെ നൂറുക്കണക്കിന് ഏക്കര്‍ റവന്യൂഭൂമിക്കും കെ ടി ഡി സിയടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഭൂമികളോ മന്ദിരങ്ങളോ കൈമാറ്റം ചെയ്യുമ്പോഴും ഈ നിയമം ബാധകമാണ്.

റവന്യൂ-സര്‍ക്കാര്‍ ഭൂമികളുടെ ഉടമസ്ഥാവകാശം മാറ്റല്‍, പാട്ടത്തിനു നല്‍കല്‍, ഭൂമി ഏറ്റെടുക്കല്‍, പതിച്ചുനല്‍കുക, ഈ ഭൂമികളുടെ സംരക്ഷണം എന്നിവയുടെ പൂര്‍ണ അധികാരം റവന്യൂവകുപ്പിന്മേല്‍ മാത്രമാണ് നിക്ഷിപ്തമായിട്ടുള്ളതെന്ന് ഭരണനിര്‍വഹണം സംബന്ധിച്ച ബിസിനസ് റൂള്‍സിന്റെ 26-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ ചട്ടങ്ങള്‍ മറികടന്ന് ചിലവകുപ്പുകള്‍ റവന്യൂവകുപ്പിന്റെ ഈ അധികാരം നിയമവിരുദ്ധമായി കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ ചീഫ് സെക്രട്ടറി പി പ്രഭാകരന്‍ 2010 ജൂണ്‍ 3-ന് സര്‍ക്കാര്‍ ഭൂമികളിന്മേല്‍ റവന്യൂവകുപ്പിനുള്ള പൂര്‍ണ അധികാരം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു സര്‍ക്കുലര്‍തന്നെ പുറപ്പെടുവിച്ചിരുന്നു. (നമ്പര്‍ 23479/യു ഐ/2011 റവന്യൂ).
റവന്യൂവകുപ്പിന് സര്‍ക്കാര്‍ ഭൂമിയിലുള്ള പൂര്‍ണ അധികാരം കവര്‍ന്നെടുത്ത് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ഭൂമി സംബന്ധിച്ച ഉത്തരവിറക്കിയാല്‍ കര്‍ശനനടപടി നേരിടേണ്ടിവരുമെന്നും ഈ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ഈ നിക്ഷിപ്താധികാരം ഉപയോഗിച്ചാണ് എമര്‍ജിംഗ് കേരളയുടെ മറപിടിച്ച് ഭൂമി തട്ടിയെടുക്കാനുള്ള ഇന്‍കെലിന്റെ പദ്ധതികള്‍ പൊളിച്ചുകൊണ്ട് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് ജൂലൈ 17 ന് 16 പേജുള്ള വിശദമായ ഉത്തരവു പുറപ്പെടുവിച്ചത്.

1964-ലെ ഭൂമി പതിവുചട്ടങ്ങള്‍, 95-ലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തികള്‍ക്കുള്ളിലെ ഭൂമി പതിവുചട്ടങ്ങള്‍ എന്നിവയടക്കം നാല്‍പ്പതോളം നിയമങ്ങള്‍ എമര്‍ജിംഗ്  കേരള മുഖേനയുള്ള  ഭൂമി ഇടപാടുകള്‍ നിയമവിരുദ്ധമാക്കുമെന്നും ഭൂമി ലഭിക്കുന്നവര്‍ നിയമത്തിന്റെ അഴിയാക്കുരുക്കുകളില്‍പ്പെടുമെന്നും നിയമവിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു

janayugom

1 comment:

  1. തിങ്കളാഴ്ച കൊച്ചിയില്‍ കൊടിയേറുന്ന എമര്‍ജിംഗ് കേരളയുടെ മറവില്‍ നടക്കുന്ന ഭൂമി ഇടപാടുകള്‍ നിയമകുരുക്കിലാകും. ഈ മാഫിയാ മാമാങ്കത്തിനെത്തുന്ന നിക്ഷേപകര്‍ കബളിപ്പിക്കപ്പെടാന്‍ പോകുകയാണെന്നു നിയമവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

    ReplyDelete