Wednesday, March 5, 2014

തെരഞ്ഞെടുപ്പ് 9 ഘട്ടം; കേരളത്തില്‍ ഏപ്രില്‍ 10ന്

പതിനാറാം ലോക്സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഒന്‍പത് ഘട്ടമായി നടക്കും. ഏപ്രില്‍ 7ന് ഒന്നാം ഘട്ടവും മെയ് 12ന് ഒന്‍പതാം ഘട്ടവും നടക്കും. കേരളത്തില്‍ വോട്ടെടുപ്പ് മൂന്നാംഘട്ടമായ ഏപ്രില്‍ 10 വ്യാഴാഴ്ച നടക്കും. ലക്ഷദ്വീപ്, പുതുച്ചേരി, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലും ഏപ്രില്‍ 10നാണ് വോട്ടെടുപ്പ്. ഏപ്രില്‍ 7, 9, 10, 12, 17, 24, 30 മെയ് 7, മെയ് 12 തീയതികളിലാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മെയ് 16ന് നടക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. നിഷേധവോട്ട് സൗകര്യത്തോടെയുള്ള വോട്ടിങ്ങ് മെഷീനുകളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മാര്‍ച്ച് 15 മുതല്‍ 22 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 24നാണ് സൂക്ഷ്മപരിശോധന. മാര്‍ച്ച് 26വരെ പത്രിക പിന്‍വലിയ്ക്കാന്‍ അവസരമുണ്ടായിരിക്കും. കേരളത്തില്‍ 2 കോടി 37 ലക്ഷം പേര്‍ക്കാണ് വോട്ടവകാശമുള്ളത്. 19 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഇത്തവണ കേരളത്തിലുള്ളത്. ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ആറ് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് പൂര്‍ത്തിയാകുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

നിലവിലെ സഭയുടെ കാലാവധി ജൂണ്‍1ന് അവസാനിയ്ക്കും. മെയ് 31നകം പുതിയ സര്‍ക്കാര്‍ നിലവില്‍ വരണം. ഒഡീഷ, തെലങ്കാനയും സീമാന്ധ്രയും ഉള്‍പ്പെടുന്ന ആന്ധ്രപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നടക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. ഇതിനായി ഒന്‍പത് ലക്ഷം ക്യാമ്പുകള്‍ തുടങ്ങും. 81.4 കോടി പേര്‍ക്കാണ് ഇത്തവണ വോട്ടവകാശമുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാള്‍ 10 കോടി വോട്ടര്‍മാരുടെ വര്‍ധന ഇത്തവണയുണ്ട്. 9,30,000 പോളിങ്ങ് സ്റ്റേഷനുകളാണ് ഇത്തവണയുള്ളത്.

ഏപ്രില്‍ 16 മുതല്‍ മെയ് 13വരെ അഞ്ച് ഘട്ടങ്ങളിലായിട്ടായിരുന്നു 2009ലെ ലോക്സഭ തെരഞ്ഞെടുപ്പ്. കേരളത്തില്‍ ഏപ്രില്‍ 16ന് ആദ്യഘട്ടത്തിലായിരുന്നു വോട്ടെടുപ്പ്. 15ാം ലോക്സഭയില്‍ 201 സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ 112 സീറ്റുകള്‍ നേടി ബിജെപി മുഖ്യപ്രതിപക്ഷമായി. സമാജ് വാദി പാര്‍ട്ടി 22 സീറ്റും ബഹുജന്‍ സമാജ്വാദി പാര്‍ട്ടി 21 സീറ്റും നേടി. സിപിഐ എം 16സീറ്റുകളിലും സിപിഐ നാല് സീറ്റുകളിലുമാണ് ജയിച്ചത്.

മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു തീയതികള്‍

അരുണാചല്‍ പ്രദേശ്- ഏപ്രില്‍ 9

അസാം- ഏപ്രില്‍ 7, 12, 24

ബിഹാര്‍- ഏപ്രില്‍ 10, 17, 24, 30, മെയ് 7, 12

ഛത്തിസ്ഗഡ്- ഏപ്രില്‍ 10, 17, 24

ഗോവ- ഏപ്രില്‍ 12

ഗുജറാത്ത്- ഏപ്രില്‍ 30

ഹരിയാന- ഏപ്രില്‍ 10

ഹിമാചല്‍ പ്രദേശ്- മെയ് 7

ജമ്മു കാശ്മീര്‍- ഏപ്രില്‍ 10, 17, 24, 30, മെയ് 7

ജാര്‍ഖണ്ഡ്- ഏപ്രില്‍ 10, 17, 24

കര്‍ണാടക- ഏപ്രില്‍ 17

ന്യൂഡല്‍ഹി- ഏപ്രില്‍ 10

പഞ്ചാബ് - ഏപ്രില്‍ 12

ഒഡീഷ- ഏപ്രില്‍ 10, 17

രാജസ്ഥാന്‍- ഏപ്രില്‍ 17, 24

ആന്ധ്രാപ്രദേശ്- ഏപ്രില്‍ 30, മെയ് 7

തമിഴ്നാട്- ഏപ്രില്‍ 24

സിക്കിം- ഏപ്രില്‍ 12

പശ്ചിമബംഗാള്‍- ഏപ്രില്‍ 17, 24, 30, മെയ് 7, 12

നാഗാലാന്‍ഡ് - ഏപ്രില്‍ 9

ലക്ഷദ്വീപ്- ഏപ്രില്‍ 10

മധ്യപ്രദേശ് - ഏപ്രില്‍ 10,17,24

ഉത്തര്‍പ്രദേശ്-ഏപ്രില്‍ 10, 17, 24, 30, മേയ് 7, 12

deshabhimani

No comments:

Post a Comment