Wednesday, March 12, 2014

ബലാത്സംഗക്കേസ്: അബ്ദുള്ളക്കുട്ടി എംഎല്‍എ "ഒളിവില്‍"

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ കേസെടുത്ത പൊലീസ്, എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ ഒളിവില്‍ പോയെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പൊലീസ് പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനുശേഷമാണ് അബ്ദുള്ളക്കുട്ടി ഒളിവില്‍പോയത്. അതേസമയം, സരിതയുടെ പരാതി തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.

ബലാത്സംഗത്തിന് ഇന്ത്യന്‍ ശിക്ഷാനിയമം 376 പ്രകാരം കേസ് രജിസ്റ്റര്‍ചെയ്താല്‍ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. വിഐപികള്‍ക്കെതിരായ പരാതിയാണെങ്കില്‍ പ്രാഥമിക അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മതി. എന്നാല്‍, സരിതയുടെ പരാതിയില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു. തുടര്‍ന്നാണ് അബ്ദുള്ളക്കുട്ടി ഒളിവില്‍ പോകുന്നത്. അതിനുമുമ്പ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ എത്തി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി കൂടിക്കാഴ്ചയും നടത്തി. അറസ്റ്റ് ഒഴിവാക്കാന്‍ ഒളിവില്‍ പോകണമെന്ന ഉന്നതതല നിര്‍ദേശത്തെതുടര്‍ന്നാണ് അബ്ദുള്ളക്കുട്ടി മുങ്ങിയത്. ഇന്ത്യന്‍ ശിക്ഷാനിയമം 376 വകുപ്പുപ്രകാരം ബലാത്സംഗത്തിനും 354 (എ) പ്രകാരം സ്ത്രീയുടെ അന്തസ്സിന് ഭംഗംവരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനും 506 അനുസരിച്ച് ഭീഷണിപ്പെടുത്തിയതിനുമാണ് അബ്ദുള്ളക്കുട്ടിക്കെതിരെ കേസ്. ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമീഷണര്‍ കെ ഇ ബൈജുവിനാണ് അന്വേഷണ ച്ചുമതല. വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് ഫയല്‍ ബുധനാഴ്ച പ്രത്യേക സംഘത്തിന് കൈമാറും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മസ്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തെന്നാണ് സരിതയുടെ പരാതി. മസ്കറ്റ് ഹോട്ടലില്‍ പലപ്പോഴും അബ്ദുള്ളക്കുട്ടി വന്നിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. ഹോട്ടല്‍ രേഖകള്‍ അന്വേഷണസംഘം പരിശോധിക്കും.

deshabhimani

No comments:

Post a Comment