Tuesday, March 11, 2014

കരട് പ്രസിദ്ധീകരിക്കാന്‍ മാത്രം അനുമതി

കസ്തൂരിരംഗന്‍ നിര്‍ദേശങ്ങളില്‍ കേരളം ആവശ്യപ്പെടുന്ന ഭേദഗതികള്‍ പരാമര്‍ശിക്കുകമാത്രം ചെയ്യുന്ന കരട് വിജ്ഞാപനം ചര്‍ച്ചകള്‍ക്കായി വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ അനുമതി നല്‍കി. തിങ്കളാഴ്ച ചേര്‍ന്ന കമീഷന്റെ സമ്പൂര്‍ണയോഗമാണ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന് ഈ അനുമതി നല്‍കിയത്. കരട് വിജ്ഞാപനം മാത്രമായതിനാല്‍ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകില്ലെന്ന ന്യായം കാട്ടിയാണ് ചര്‍ച്ചകള്‍ക്കായി പ്രസിദ്ധപ്പെടുത്താനുള്ള അനുമതി.

എന്നാല്‍, കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയും നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം 2013 നവംബര്‍ 13ന് പുറപ്പെടുവിച്ച ഉത്തരവ് മാറ്റമില്ലാതെ തുടരും. തെരഞ്ഞെടുപ്പു കമീഷനും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കരട് വിജ്ഞാപനത്തോട് പ്രതികരിക്കാന്‍ ആറുമാസത്തെ സാവകാശമുണ്ടാകും. പശ്ചിമഘട്ട സംരക്ഷണത്തില്‍ താല്‍പ്പര്യമുള്ള ആര്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കാം. പുതിയ കേന്ദ്രസര്‍ക്കാരായിരിക്കും അന്തിമവിജ്ഞാപനത്തിന്റെ സ്വഭാവം നിര്‍ണയിക്കുക. മാര്‍ച്ച് 24ന് കേന്ദ്ര ഹരിതട്രിബ്യൂണല്‍ കേസ് പരിഗണിക്കുമ്പോള്‍ സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാകും. നിലവിലുള്ള ഏതെങ്കിലും നിയമത്തിലോ ഉത്തരവിലോ ഭേദഗതി വരുത്തുന്നതല്ല കരട് വിജ്ഞാപനമെന്നതിനാല്‍ തെരഞ്ഞെടുപ്പു കമീഷന്റെ അനുമതിക്കായി പോകേണ്ട കാര്യമുണ്ടായിരുന്നില്ല. എന്നാല്‍, ഒട്ടേറെ പ്രതിബന്ധങ്ങളെ അതിജീവിച്ച് നേടിയെടുത്തതെന്ന പ്രതീതി സൃഷ്ടിക്കുന്നതിന് തെരഞ്ഞെടുപ്പു കമീഷനെ അടക്കം സമീപിക്കുന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് നേതൃത്വം ചെലുത്തിയ സമ്മര്‍ദത്തിന്റെ ഭാഗമായി പരിസ്ഥിതിമന്ത്രാലയം എത്തുകയായിരുന്നു.

കരട് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തുന്നതിന് നിയമമന്ത്രാലയത്തിന്റെ അനുമതി വെറും അരമണിക്കൂര്‍ കൊണ്ട് പരിസ്ഥിതിമന്ത്രാലയം നേടിയെടുത്തിരുന്നു. മന്ത്രിമാരായ വീരപ്പ മൊയ്ലിയും കപില്‍ സിബലും താല്‍പ്പര്യമെടുത്തതിനെത്തുടര്‍ന്നായിരുന്നു ഇത്. അന്നുതന്നെ വിജ്ഞാപനം പുറപ്പെടുവിക്കാമായിരുന്നെങ്കിലും കമീഷന്റെകൂടി അനുമതിക്ക് വിടാന്‍ പരിസ്ഥിതിമന്ത്രാലയം തീരുമാനിക്കുകയായിരുന്നു. നവംബര്‍ 13ന്റെ ഉത്തരവ് പിന്‍വലിക്കാത്ത ഘട്ടത്തില്‍ കടലാസുവിലമാത്രമുള്ള കരട് വിജ്ഞാപനം വലിയ നേട്ടമായി അവതരിപ്പിക്കേണ്ടത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യമായിരുന്നു. കരട് എളുപ്പത്തില്‍ പുറത്തിറങ്ങിയാല്‍ വിശ്വാസ്യത ഉണ്ടാകില്ലെന്നും പരമാവധി ഘട്ടങ്ങളിലൂടെ കൊണ്ടുപോകണമെന്നും സംസ്ഥാന കോണ്‍ഗ്രസ് പ്രതിനിധിയായി എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചത്. എന്നാല്‍, തീരുമാനം വോട്ടര്‍മാരെ സ്വാധീനിക്കുന്നതല്ലെന്ന കമീഷന്റെ വിലയിരുത്തല്‍ നിയമപരമായി ചോദ്യംചെയ്യപ്പെടാവുന്നതാണ്.

deshabhimani

No comments:

Post a Comment