Sunday, March 2, 2014

എച്ച്എംടി സമരം വിജയം

കളമശേരി: ശമ്പളപരിഷ്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം ഉണ്ടായ സാഹചര്യത്തില്‍ എച്ച്എംടി ജീവനക്കാര്‍ 1520 ദിവസമായി നടത്തിവന്ന നിരാഹാര സത്യഗ്രഹ സമരം പിന്‍വലിച്ചു. എച്ച്എംടിയെ പൊതുമേഖലയില്‍ നിലനിര്‍ത്തുക, 1997 മുതലുള്ള ശമ്പളപരിഷ്കരണം നടപ്പാക്കുക, പുതിയ നിയമനം നടത്തുക, പെന്‍ഷന്‍പ്രായം 60 ആയി പുനഃസ്ഥാപിക്കുക, ക്യാന്റീന്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 2010 ജനുവരി ഒന്നിനാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്. എച്ച്എംടിയെ സ്വകാര്യ മുതലാളിമാര്‍ക്ക് വില്‍ക്കാനോ പാട്ടത്തിനു നല്‍കാനോ കേന്ദ്രസര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയ സാഹചര്യത്തിലാണ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്കുനീങ്ങിയത്. കേന്ദ്ര പൊതുമേഖലാ ഖനവ്യവസായ സ്ഥാപനങ്ങളില്‍ 1997ലെയും 2007ലെയും ശമ്പള പരിഷ്കരണങ്ങള്‍ നടപ്പാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എച്ച്എംടിയില്‍ 1992ല്‍ നിശ്ചയിച്ച ശമ്പളമാണ് ലഭിക്കുന്നത്. എച്ച്എംടിയിലെ മുഴുവന്‍ ജീവനക്കാരും ഓഫീസര്‍മാരും ചേര്‍ന്നാണ് സംയുക്തസമരം ആരംഭിച്ചത്. ശമ്പളപരിഷ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കുമെന്ന് 2011 ജൂലൈ 27ന് കേന്ദ്രമന്ത്രിമാരായ പ്രഫുല്‍ പട്ടേലും കെ വി തോമസും നല്‍കിയ വാക്കാലുള്ള ഉറപ്പിനെത്തുടര്‍ന്ന് ഐഎന്‍ടിയുസിയും ഓഫീസേഴ്സ് അസോസിയേഷനും സമരത്തില്‍നിന്നു പിന്മാറി. രേഖാമൂലം ഉറപ്പുകിട്ടാതെ പിന്മാറില്ലെന്ന ഉറച്ച നിലപാടെടുത്ത് എച്ച്എംടി എംപ്ലോയീസ് യൂണിയന്‍ സിഐടിയു സമരരംഗത്ത് ഉറച്ചുനില്‍ക്കുകയായിരുന്നു.

1997ലെ ശമ്പളപരിഷ്കരണവും എച്ച്എംടിയുടെ ആറ് യൂണിറ്റുകള്‍ക്ക് 75 കോടി രൂപയുടെ പ്രവര്‍ത്തന മൂലധനവും അനുവദിക്കണമെന്ന ബിആര്‍പിഎസ്സിയുടെ ശുപാര്‍ശയാണ് കേന്ദ്രമന്ത്രിസഭ ഇപ്പോള്‍ അംഗീകരിച്ചത്. 75 കോടി രൂപ കളമശേരി യൂണിറ്റിനു മാത്രമാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. വിരമിക്കല്‍പ്രായം 60 ആയി പുനഃസ്ഥാപിക്കണമെന്ന ആവശ്യം മന്ത്രിസഭ അംഗീകരിച്ചിട്ടില്ല. ഇത് അടിയന്തരമായി പരിഗണിച്ചില്ലെങ്കില്‍ വന്‍തോതിലുള്ള ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കും. 1990കളില്‍ 3500 ജീവനക്കാരുണ്ടായിരുന്ന കളമശേരി എച്ച്എംടിയില്‍ ഇപ്പോള്‍ 350 സ്ഥിരം ജീവനക്കാരാണുള്ളത്. കളമശേരി എച്ച്എംടി സ്വതന്ത്ര യൂണിറ്റ് ആക്കുമെന്ന് കഴിഞ്ഞ ആഗസ്തില്‍ കേന്ദ്രമന്ത്രി കെ വി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചെങ്കിലും അതിനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇങ്ങനെ തീരുമാനിച്ചിട്ടില്ലെന്ന് എംപിമാരായ കെ പി ധനപാലന്റെയും ചാള്‍സ് ഡയസിന്റെയും ചോദ്യത്തിന് ഖനവ്യവസായ മന്ത്രി പാര്‍ലമെന്റില്‍ ഉത്തരം നല്‍കുകയും ചെയ്തിട്ടുണ്ട്. ശമ്പളപരിഷ്കരണവും പ്രവര്‍ത്തനമൂലധനവും അംഗീകരിച്ചതിനെത്തുടര്‍ന്ന് എച്ച്എംടി ജീവനക്കാര്‍ ആഹ്ലാദപ്രകടനം നടത്തി. എച്ച്എംടി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) പി കൃഷ്ണദാസ്, സി വി ടൈറ്റസ്, എം വി ജോസഫ്, ടാള്‍ ഡി കരിയാട്ടി, വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. കെ ആര്‍ സുരേന്ദ്രനാണ് 1520-ാം ദിവസം നിരാഹാരം അനുഷ്ഠിച്ചത്. സമരത്തില്‍ ഉറച്ചുനിന്ന എല്ലാ തൊഴിലാളികളെയും സമരസമിതിയും സമര സഹായസമിതിയും അഭിനന്ദിച്ചു.

deshabhimani

No comments:

Post a Comment