Sunday, March 2, 2014

വയനാട്ടിലെ ഭൂമി കൈയേറ്റം: വീരനെയും മകനെയും വെള്ളപൂശി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വയനാട്ടിലെ കൃഷ്ണഗിരിയില്‍ സര്‍ക്കാര്‍ഭൂമി കൈയേറിയ സംഭവത്തില്‍ എം പി വീരേന്ദ്രകുമാറിനെയും മകന്‍ എം വി ശ്രേയാംസ്കുമാറിനെയും വെള്ളപൂശി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. ഭൂമി കൈയേറ്റത്തില്‍ വീരേന്ദ്രകുമാറിനും കുടുംബത്തിനുമെതിരെ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍, ഹൈക്കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിലാണ് പുതിയ അന്വേഷണം ആവശ്യമില്ലെന്ന് കോടതിയെ അറിയിച്ചത്. ഫെബ്രുവരി 18ന് സമര്‍പ്പിച്ച വിശദീകരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍, ഭൂമി കൈയേറി വ്യാജരേഖയുണ്ടാക്കി ഭൂമി മറിച്ചുവിറ്റെന്ന വയനാട് കലക്ടറും സബ് കലക്ടറും അടക്കമുള്ള ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടുകളെ തള്ളി. മുഖ്യമന്ത്രി നിയമസഭയ്ക്ക് നല്‍കിയ ഉറപ്പും ലംഘിക്കപ്പെട്ടു.

വീരേന്ദ്രകുമാര്‍, ശ്രേയാംസ്കുമാര്‍, വീരേന്ദ്രകുമാറിന്റെ സഹോദരന്‍ ചന്ദ്രനാഥ് ഗൗഡര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മീനങ്ങാടി വെള്ളിത്തൊടി ലക്ഷ്മണന്റെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദീകരണം. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാത്തത് ഉന്നതസ്വാധീനംമൂലമാണെന്ന് ഹര്‍ജയില്‍ പറയുന്നു. മുന്‍ യുഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയ പരാതിയില്‍ നടപടിയെടുത്തില്ല. വയനാട് കൃഷ്ണഗിരി വില്ലേജില്‍ ആദിവാസികള്‍ക്ക് അവകാശപ്പെട്ട 754/2 സര്‍വേ നമ്പരിലുള്ള 14.44 ഏക്കര്‍ സര്‍ക്കാര്‍ഭൂമി വ്യാജ പുഞ്ചശീട്ടും മറ്റു രേഖകളും ഉപയോഗിച്ച് കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ, ഭൂമി കൈയേറ്റം അന്വേഷിച്ച വയനാട് ജില്ലാ പൊലീസ് മേധാവി, ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് കൃഷ്ണഗിരി വില്ലേജ് ഓഫീസര്‍ വ്യക്തമാക്കിയതായി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 2005 മാര്‍ച്ചില്‍ നിയമസഭയില്‍ പി ടി തോമസ് ഉന്നയിച്ച ചോദ്യത്തിന്, ശ്രേയാംസ്കുമാറിന് ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കി റവന്യൂ രേഖകളില്‍ മാറ്റം വരുത്തിയിട്ടുള്ളതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു.

നിയമവിരുദ്ധമായി ശ്രേയാംസ്കുമാര്‍ ഭൂമികൈവശംവച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ആദിവാസികള്‍ക്ക് വിതരണംചെയ്യണമെന്ന് 2008ല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. 2011ല്‍ ശ്രേയാംസ്കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി നിരസിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിരിജഗനും ഇതേ ഉത്തരവായിരുന്നു പുറപ്പെടുവിച്ചത്. ഭൂമി പതിച്ചുകിട്ടാന്‍ ശ്രേയാംസ്കുമാര്‍ സര്‍ക്കാരിന് നല്‍കിയ ഹര്‍ജികള്‍ 2007ല്‍ അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരനും നിരസിച്ച് ഉത്തരവിട്ടു. വയനാട് സബ് കലക്ടറായിരുന്ന മാരപാണ്ഡ്യന്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഭൂമി ശ്രേയാംസ്കുമാര്‍ അനധികൃതമായി കൈവശംവച്ചിരിക്കുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് വീരേന്ദ്രകുമാറിനും ശ്രേയാംസ്കുമാറിനും അനുകൂലമായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

deshabhimani

No comments:

Post a Comment