Sunday, March 9, 2014

നവലിബറല്‍ നയങ്ങള്‍ പൊതുമേഖലയെ തകര്‍ത്തു: എ കെ പത്മനാഭന്‍

രാജ്യത്ത് 1991 മുതല്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവലിബറല്‍ നയങ്ങള്‍ പൊതുമേഖലയെ തകര്‍ക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ കെ പത്മനാഭന്‍ പറഞ്ഞു. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബാങ്കിങ് മേഖലയിലുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും അനുവദിച്ചുകൊടുക്കുന്നു. എല്ലാ സര്‍ക്കാര്‍ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു. വിലനിയന്ത്രണം കുത്തകകളുടെ കൈയിലായതോടെ വിലക്കയറ്റം കുതിച്ചുയര്‍ന്നു. തൊഴിലാളികളില്‍ ചെറിയൊരു വിഭാഗമാണ് മുമ്പ് ഈ അപകടത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ചതെങ്കില്‍ ഇന്ന് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി അതിനെതിരെ അണിനിരന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നവലിബറല്‍ നയങ്ങള്‍ നടപ്പാക്കിയതിലൂടെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുമേല്‍ കടുത്ത ആക്രമണമാണ് നടത്തിയത്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഐഎന്‍ടിയുസി ഉള്‍പ്പെടെ രാജ്യത്തെ എല്ലാ തൊഴിലാളിസംഘടനകളും ചേര്‍ന്ന് നടത്തിയ 48 മണിക്കൂര്‍ പണിമുടക്ക് ചരിത്രമായി. സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള അവകാശം ഇല്ലാതാക്കാനും ഇപ്പോള്‍ നീക്കം നടക്കുന്നുണ്ട്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ സ്ഥാപകാംഗവും നിലവിലെ ഗവേണിങ് ബോഡി അംഗവുമാണ് ഇന്ത്യ. ഐഎല്‍ഒ അംഗീകരിച്ചിട്ടുള്ള പ്രധാന തത്വങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ത്തന്നെ നടക്കുന്ന ഈ ആക്രമണം കോര്‍പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ്. പതിറ്റാണ്ടുകളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങളെ ഒരു ശക്തിക്കുമുന്നിലും അടിയറവയ്ക്കാന്‍ അനുവദിച്ചുകൊടുക്കരുത്. തൊഴിലാളികളുടെ ജനാധിപത്യ അവകാശങ്ങള്‍ മാത്രമല്ല, പൊതുവില്‍ ഇന്ത്യന്‍ ജനാധിപത്യവും അപകടത്തിലേക്കാണ് പോകുന്നത്. രാജ്യത്തിന്റെ ഭരണാധികാരം വ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥയുണ്ടായാല്‍ തൊഴിലാളികള്‍ക്കു നേരെയാകും ആദ്യ ആക്രമണം ഉണ്ടാകുക. ഇതിന്റെ അപകടം തൊഴിലാളികള്‍ അടിയന്തരാവസ്ഥയില്‍ അനുഭവിച്ചതാണ്. വ്യക്തികളല്ല നയങ്ങളാണ് മാറേണ്ടത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ധിച്ചിരിക്കുന്നു. തൊഴിലിടങ്ങളിലും വീടുകളിലുംവരെ സ്ത്രീകള്‍ക്ക് സുരക്ഷയില്ലാതായി. സ്ത്രീസുരക്ഷ തൊഴിലാളി സംഘടനകളുടെ പ്രധാന അജന്‍ഡകളിലൊന്നായി ഏറ്റെടുക്കണമെന്നും എ കെ പത്മനാഭന്‍ പറഞ്ഞു.

എഐബിഒസി പ്രസിഡന്റ് എം ഹര്‍ഷവര്‍ധനന്‍ അധ്യക്ഷനായി. മേയര്‍ കെ ചന്ദ്രിക, എഐബിഒസി ജനറല്‍ സെക്രട്ടറി ഹര്‍വീന്ദര്‍ സിങ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി വനിതാദിനാചരണ സെമിനാറും പാളയംമുതല്‍ സമ്മേളനവേദിയായ കനകക്കുന്നുവരെ നൂറുകണക്കിനുപേര്‍ അണിനിരന്ന റാലിയും നടന്നു.

സ്ത്രീകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു: ടി എന്‍ സീമ

തിരു: തൊഴിലിടങ്ങളില്‍ മാത്രമല്ല കുടുംബ-സാമൂഹ്യ-രാഷ്ട്രീയ മേഖലകളിലും സ്ത്രീകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നുവെന്ന് ടി എന്‍ സീമ എംപി പറഞ്ഞു. ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്റെ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് "സ്ത്രീകളും തൊഴില്‍ മേഖലയിലെ പാര്‍ശ്വവല്‍ക്കരണവും" എന്ന അന്താരാഷ്ട്ര വനിതാദിന സെമിനാര്‍ ഒളിമ്പിയാഹാളില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍. 

വീട്ടിലെ പണി ഉള്‍പ്പെടെ സ്ത്രീയുടെ അധ്വാനത്തിന്റെ കണക്ക് ആരും എടുക്കുന്നില്ല. പുതിയ വനിതാബാങ്കും ഡയറക്ട് കാഷ്ട്രാന്‍സ്ഫറും സ്ത്രീയുടെ പ്രശ്നങ്ങള്‍ ഏറെയൊന്നും പരിഹരിക്കില്ല. ബാങ്കുകള്‍ സ്ത്രീകളോടുള്ള സാമൂഹ്യ ഉത്തരവാദിത്തം വര്‍ധിപ്പിക്കണം. ആഗോളവല്‍ക്കരണം സ്ത്രീയുടെ പാര്‍ശ്വവല്‍ക്കരണം കൂട്ടുകയാണ് ചെയ്തത്. സാഹിത്യകാരി കെ ആര്‍ മീര വിഷയമവതരിപ്പിച്ചു. ഏത് മേഖലയിലും ആദ്യം തൊഴില്‍ നഷ്ടപ്പെടുന്നത് സ്ത്രീകള്‍ക്കാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. എഐബിഒസി അഖിലേന്ത്യാ ജനറല്‍സെക്രട്ടറി ഹര്‍വിന്ദര്‍സിങ് സ്വാഗതവും പ്രസിഡന്റ് ഹര്‍ഷവര്‍ധന്‍ നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment