Sunday, March 9, 2014

ജീവകാരുണ്യപ്രവര്‍ത്തനം കുറ്റകൃത്യങ്ങള്‍ക്കുള്ള ലൈസന്‍സല്ല: സന്ദീപാനന്ദഗിരി

കൊച്ചി: ജീവകാരുണ്യപ്രവര്‍ത്തനം കുറ്റകൃത്യങ്ങള്‍ക്കുള്ള ലൈസന്‍സല്ലെന്ന് പ്രമുഖ പ്രഭാഷകന്‍ സന്ദീപാനന്ദഗിരി. "ആള്‍ദൈവങ്ങള്‍ വിചാരണചെയ്യപ്പെടുന്നു" എന്ന പേരില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാവരും വലുതും ചെറുതുമായ രീതിയില്‍ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. അവരെല്ലാം ഇതു മുതലെടുത്ത് കുറ്റകൃത്യങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ചാല്‍ സമൂഹം നാമാവശേഷമാകും. വ്യക്ത്യാധിഷ്ഠിതമല്ല, മറിച്ച് തത്വാധിഷ്ഠിതമാകണം നമ്മുടെ നിലപാടുകള്‍. വ്യക്ത്യാധിഷ്ഠിത നിലപാട് കൈക്കൊള്ളുമ്പോഴാണ് വ്യക്തികളെ ആരാധിക്കേണ്ടിവരുന്നത്. വ്യക്തിആരാധന പാടില്ല. വിശ്വാസിയോ അവിശ്വാസിയോ അല്ല; അന്വേഷകനായാണ് ഓരോരുത്തരും മാറേണ്ടത്. വിശ്വാസത്തോടൊപ്പം സംശയവും ഉണ്ടാകും. ആത്മവിശ്വാസമാണ് നമുക്കു വേണ്ടത്. ആള്‍ദൈവങ്ങളോടുള്ള വിധേയത്വമാണ് അവര്‍ക്കെതിരെ പ്രതികരിക്കുന്നതിന് പലരെയും പിന്തിരിപ്പിക്കുന്നത്. അവരില്‍ കോര്‍പറേറ്റ് മാധ്യമങ്ങളും ഉണ്ട്. ആരുടെയെങ്കിലും സൗജന്യംപറ്റി വിധേയരായാല്‍ അവര്‍ക്കെതിരെ പ്രതികരിക്കാനാവില്ല. അമൃതാനന്ദമയീ മഠത്തിനെതിരായ വാര്‍ത്തകള്‍ തമസ്കരിക്കപ്പെടുന്നത് ഇത്തരം വിധേയത്വത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് സന്ദീപാനന്ദഗിരി മറുപടി നല്‍കി.

ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി അംഗം പി എസ് നൗഷാദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് സതീഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ ടി സൈഗാള്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ എസ് അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ആര്‍ നിഷാദ് ബാബു സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ വി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു

deshabhimani

No comments:

Post a Comment