Sunday, March 2, 2014

സര്‍ക്കാരുകളുടെ കണ്ണുതുറപ്പിക്കാന്‍ ഫാക്ടില്‍ പ്രതിഷേധജ്വാല

കൊച്ചി: അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ പ്രതിഷേധ ജ്വാല തെളിച്ചും ആവശ്യങ്ങള്‍ കാതിലെത്തിക്കാന്‍ പോരാട്ടപ്രതിജ്ഞയെടുത്തും മഹാറാലിയിലും സമ്മേളനത്തിലും ഫാക്ടിലെ തൊഴിലാളികളും കുടുംബങ്ങളും ഒത്തുചേര്‍ന്നു. ഫാക്ടിന് 991.9 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് അടിയന്തരമായി അനുവദിക്കുക, പ്രകൃതിവാതകത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാറ്റ് ഒഴിവാക്കുക, പ്രകൃതിവാതകം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സമരം 132-ാം ദിവസവും അനിശ്ചിതകാല നിരാഹാരസമരം 32-ാം ദിവസവും പിന്നിട്ടിട്ടും നടപടിയെടുക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെയും അതിന് സമര്‍ദംചെലുത്താത്ത സംസ്ഥാന സര്‍ക്കാരിന്റെയും നടപടിയില്‍ പ്രതിഷേധിച്ചാണ് മഹാറാലിയും പ്രതിഷേധജ്വാല തെളിക്കലും നടന്നത്. സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റിയും ജില്ലാ സമരസഹായസമിതിയും ചേര്‍ന്നാണ് കക്ഷിരാഷ്ട്രീയ ഭേദമെന്യേ തൊഴിലാളികളെയും കുടുംബങ്ങളെയും അണിനിരത്തി പുത്തന്‍ പോര്‍മുഖം തുറന്ന് മഹാറാലി സംഘടിപ്പിച്ചത്. പ്രദേശം കണ്ടതില്‍വച്ച് ഏറ്റവും വലിയ ജനസഞ്ചയമാണ് ശനിയാഴ്ച വൈകിട്ട് ആനവാതില്‍കവലയില്‍നിന്നാരംഭിച്ച പ്രകടനത്തിലും തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തിലും അണിചേര്‍ന്നത്. മുടങ്ങിക്കിടന്ന സബ്സിഡി തുക അനുവദിച്ചത് ഫാക്ടിന് പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമാണെന്ന തെറ്റായ പ്രചാരണത്തിനുള്ള മറുപടികൂടിയായിരുന്നു പ്രതിഷേധ ജ്വാല തെളിക്കാനെത്തിയ ജനസഞ്ചയം.

വൈകിട്ട് അഞ്ചിന് ആനവാതില്‍ജങ്ഷനില്‍നിന്ന് മഹാറാലി ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ മുമ്പുതന്നെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ എത്തി. കൊച്ചിന്‍ ഡിവിഷനില്‍നിന്നുള്ള തൊഴിലാളികള്‍കൂടി ചേര്‍ന്നതോടെ പരിസരം വന്‍ ജനാവലിയായി. ഫുട്ബോള്‍വേഷത്തില്‍ കുട്ടികളും റാലിയില്‍ അണിനിരന്നു. പൊതുയോഗം കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്‍ ഉദ്ഘാടനം ചെയ്തു. സേവ് ഫാക്ട് ജനറല്‍ കണ്‍വീനര്‍ കെ ചന്ദ്രന്‍പിള്ള അധ്യക്ഷനായി. വിവിധ ട്രേഡ് യൂണിയനുകളെയും രാഷ്ട്രീയ പാര്‍ടികളെയും ഇതര സംഘടനകളെയും പ്രതിനിധീകരിച്ച് കെ എന്‍ രവീന്ദ്രനാഥ്, എം എം ലോറന്‍സ്, അഡ്വ. തമ്പാന്‍ തോമസ്, ഗൗതം മോഡി, കെ വിജയന്‍പിള്ള, എ സി ജോസ്, എ എന്‍ രാധാകൃഷ്ണന്‍, സാജു പോള്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, എം ഒ ജോണ്‍, ഏലൂര്‍ നഗരസഭ ചെയര്‍മാന്‍ ജോസഫ് ആന്റണി, കെ സുരേഷ്കുമാര്‍, അഹമ്മദ്കുട്ടി ഉണ്ണികുളം, ചാള്‍സ് ജോര്‍ജ്, പി രംഗദാസപ്രഭു, അഡ്വ. കെ പി ഹരിദാസ്, വി പി ജോര്‍ജ്, വി മധു, ജയന്‍ പുത്തന്‍പുരയ്ക്കല്‍, ടി പി ഹസന്‍ എന്നിവര്‍ സംസാരിച്ചു. കെ എന്‍ ഗോപിനാഥ് സേവ് ഫാക്ട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കലാപരിപാടികള്‍ അരങ്ങേറി. ഫാക്ട് ജീവനക്കാരനായിരുന്ന ജോര്‍ജ് മാസ്റ്ററും കുടുംബവും ഫ്യൂഷന്‍സംഗീതം അവതരിപ്പിച്ചു. ആര്‍എല്‍വി കോളേജ് വിദ്യാര്‍ഥികളുടെ സംഗീതപരിപാടി, ചൊവ്വര ബഷീറിന്റെ ഏകപാത്ര നാടകം, ഏലൂര്‍ മുരളി, സുധി എന്നിവരുടെ മിമിക്രി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ കവിത, കടുങ്ങല്ലൂര്‍ സുരേന്ദ്രനാഥന്‍ പിള്ളയുടെ പുല്ലാങ്കുഴല്‍കച്ചേരി, ഏലൂര്‍ ബിജുവിന്റെ സോപാനസംഗീതവും അവതരിപ്പിച്ചു. സേവ് ഫാക്ട് സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് എന്‍സിപി മണ്ഡലംകമ്മിറ്റി ശനിയാഴ്ച പ്രകടനം നടത്തി.

7 ദിവസമായ നിരാഹാരസമരവും വിശ്വനാഥനെ തളര്‍ത്തിയില്ല

കളമശേരി: അന്നദാതാവായ ഫാക്ടിനുവേണ്ടി നാടൊന്നാകെ പ്രതിഷേധജ്വാല തെളിക്കുമ്പോള്‍ അതിനു മുന്നില്‍നില്‍ക്കാന്‍ വിശ്വനാഥനെത്തിയത് ഏഴുദിവസമായി തുടരുന്ന നിരാഹാരത്തിന്റെ അവശതകള്‍ മറന്ന്. 32 ദിവസമായി തുടരുന്ന അനിശ്ചിതകാല നിരാഹാരസമരത്തില്‍ പങ്കാളിയാകുന്ന ആറാമനാണ് ഫാക്ട് കൊച്ചിന്‍ ഡിവിഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) ജനറല്‍ സെക്രട്ടറി എ വിശ്വനാഥന്‍.

മഹാറാലിക്കും സമ്മേളനത്തിനും ശേഷം ഏഴിന് പ്രതിഷേധ ജ്വാല തെളിക്കുമെന്ന് അനൗണ്‍സമെന്റ് മുഴങ്ങിയതിനു പിന്നാലെ രണ്ടു സഹപ്രവര്‍ത്തകരുടെ സഹായത്തോടെ വിശ്വനാഥന്‍ വേദിയിലെത്തി. തുടര്‍ന്ന് നേതാക്കള്‍ക്കൊപ്പം വേദിയില്‍നിന്നിറങ്ങി എല്ലാവര്‍ക്കുമൊപ്പം ജ്വാല തെളിച്ച് പ്രതിജ്ഞയും ചൊല്ലി തിരികെ നിരാഹാരപ്പന്തലിലേക്ക്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബവും വിശ്വനാഥനൊപ്പം സമരപ്പന്തലിലും സമരവേദിയിലും ഉണ്ടായിരുന്നു. രാവിലെ ഡോക്ടറെത്തി വിശ്വനാഥന്റെ ആരോഗ്യനില പരിശോധിച്ചു.

deshabhimani

No comments:

Post a Comment