Tuesday, March 11, 2014

പ്രതീക്ഷയറ്റ് കോണ്‍ഗ്രസും ബിജെപിയും

നീണ്ട നാള്‍ മുഖ്യമന്ത്രിപദത്തിലിരുന്ന ഷീലാ ദീക്ഷിതിന്റെ പ്രതാപകാലത്തായിരുന്നു കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ്. മൂന്നാംതവണയും അധികാരത്തില്‍ വന്നതിനുപിന്നാലെ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഡല്‍ഹി തൂത്തുവാരി-ഏഴില്‍ ഏഴ്. അഞ്ചുവര്‍ഷത്തിനുശേഷം ഏറ്റവും ആത്മവിശ്വാസമുള്ള കോണ്‍ഗ്രസുകാര്‍പോലും ഡല്‍ഹിയില്‍ ഒരുസീറ്റെങ്കിലും അവകാശപ്പെടുന്നില്ല. ഡിസംബറിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ കൈവിട്ടു. എംഎല്‍എമാര്‍ രണ്ടക്കം തികഞ്ഞില്ല. സ്വന്തം മണ്ഡലത്തില്‍ ഷീല കാല്‍ലക്ഷത്തില്‍പ്പരം വോട്ടിന് പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ തിളങ്ങുന്ന മുഖമായിരുന്ന ഷീലയുടെ അഭാവമാണ് പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ സവിശേഷത. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെയും അഴിമതികളാണ് കോണ്‍ഗ്രസിനെ തകര്‍ച്ചയിലേക്ക് വലിച്ചിട്ടത്. വിലക്കയറ്റം, അധികാരഗര്‍വ്, ക്രമസമാധാനത്തകര്‍ച്ച, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവയും ജനരോഷം ആളിക്കത്തിച്ചു. മുതലെടുപ്പിന് കാത്തുനിന്ന ബിജെപിയെ ഞെട്ടിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ടി നേട്ടമുണ്ടാക്കി. ഏഴാഴ്ച മാത്രം തികച്ച ആം ആദ്മി ഭരണം ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റിയില്ല. വാചകക്കസര്‍ത്തും അപക്വനടപടികളുമായി മുന്നോട്ടുപോയ സര്‍ക്കാരിന് അതിജീവനം ദുഷ്കരമായി. മറ്റ് കക്ഷികളെ അസഹിഷ്ണുതയോടെ കാണുന്ന കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ച് തനിനിറം വെളിപ്പെടുത്തി.

ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നടപടികളെ നയപരമായി എതിര്‍ക്കാന്‍ എഎപി തയ്യാറല്ല. ഇത്തരം തീരുമാനങ്ങളിലെ അഴിമതിയെമാത്രമാണ് അവര്‍ എതിര്‍ക്കുന്നത്. ചങ്ങാത്തമുതലാളിത്തമാണ് മെഗാഅഴിമതികളുടെ കാരണമെന്ന വസ്തുത അവര്‍ അംഗീകരിക്കുന്നില്ല. എഎപിയില്‍ ആഭ്യന്തരപ്രശ്നങ്ങള്‍ രൂക്ഷമാണ്. അരവിന്ദ് കെജ്രിവാളും യോഗേന്ദ്രയാദവും ഏകാധിപതികളാണെന്ന് പ്രവര്‍ത്തകരില്‍ ഗണ്യമായ വിഭാഗം പറയുന്നു. നേതാക്കള്‍ക്കെതിരെ പരസ്യപ്രതിഷേധത്തിനും അവര്‍ തയ്യാറായി. നാല് സീറ്റില്‍ എഎപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കിഴക്കന്‍ ഡല്‍ഹിയില്‍ രാജ്മോഹന്‍ഗാന്ധി, ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായ ആശിഷ് ഖേതന്‍, ദക്ഷിണ ഡല്‍ഹിയില്‍ റിട്ട. കേണല്‍ ദേവേന്ദ്ര സെഹ്റാവത്ത്, ചാന്ദ്നിചൗക്കില്‍ അശുതോഷ് എന്നിവര്‍. എഎപിയില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്ന രീതിയില്‍ അതൃപ്തിയുണ്ടെന്ന് പാര്‍ടി ദേശീയ കൗണ്‍സില്‍ അംഗം അശ്വിനി ഉപാധ്യായ പറഞ്ഞു. "പറന്നിറങ്ങുന്ന സ്ഥാനാര്‍ഥികളെയാണ്" എഎപി അവതരിപ്പിക്കുന്നതെന്ന് ഉപാധ്യായ പറഞ്ഞു.

കപില്‍ സിബല്‍(ചാന്ദ്നിചൗക്ക്), ജയ്പ്രകാശ് അഗര്‍വാള്‍(വടക്കുകിഴക്കന്‍ ഡല്‍ഹി), സന്ദീപ് ദീക്ഷിത്(കിഴക്കന്‍ ഡല്‍ഹി), അജയ് മാക്കന്‍( ന്യൂഡല്‍ഹി), കൃഷ്ണ തിരാഥ്-(വടക്കുകിഴക്കന്‍ ഡല്‍ഹി), മഹാബല്‍ മിശ്ര(പശ്ചിമ ഡല്‍ഹി), രമേശ് കുമാര്‍(ദക്ഷിണ ഡല്‍ഹി) എന്നിവരാണ് നിലവില്‍ ഡല്‍ഹിയിലെ എംപിമാര്‍. ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ന്യൂഡല്‍ഹിയില്‍ അജയ് മാക്കനും വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ജയ്പ്രകാശ് അഗര്‍വാളുമാണ് സ്ഥാനാര്‍ഥികളാവുമെന്നുറപ്പുണ്ട്. ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തോടൊപ്പം ഏപ്രില്‍ 10നാണ് വോട്ടെടുപ്പ്.

സാജന്‍ എവുജിന്‍ deshabhimani

No comments:

Post a Comment