Tuesday, March 11, 2014

മുസഫര്‍ നഗറിലെ ന്യൂനപക്ഷവേട്ടക്കാര്‍ക്ക് ബിജെപി സീറ്റ്

മുസഫര്‍നഗര്‍ കലാപത്തിനും ന്യൂനപക്ഷവേട്ടയ്ക്കും നേതൃത്വം നല്‍കിയവരെ ബിജെപി ലോക്സഭാ സ്ഥാനാര്‍ഥികളാക്കുന്നു. കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലുപേര്‍ക്കും സീറ്റ് നല്‍കാനാണ് ബിജെപിയുടെ നീക്കം. ഖൈരാന എംഎല്‍എ ഹുക്കുംസിങ്ങിനെ ഖൈരാന ലോക്സഭാ മണ്ഡലത്തിലും ബിജ്നോര്‍ എംഎല്‍എ ഭാരതേന്ദുസിങ്ങിനെ ബിജ്നോറിലും മത്സരിപ്പിക്കും. കൂടാതെ മീറത്ത് ജില്ലയിലെ സര്‍ദാന എംഎല്‍എ സംഗീത്സോമിനെ മുസഫര്‍നഗറിലും താന ഭവന്‍ എംഎല്‍എ സുരേഷ് റാണയെ സഹ്രന്‍പുര്‍ മണ്ഡലത്തിലും മത്സരിപ്പിക്കാനാണ് ബിജെപി നീക്കം.

ബിജെപിയുടെ ഉത്തര്‍പ്രദേശ് ഘടകം ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്രതെരഞ്ഞെടുപ്പു സമിതിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 13ന്റെ യോഗം ഇക്കാര്യം പരിഗണിക്കും. ഹിന്ദുവോട്ട് പൂര്‍ണമായും നേടുകയെന്ന രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമാണ് ഇത്. കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജാട്ട് സംവരണത്തെ മറികടക്കുക എന്നതും ബിജെപിയുടെ തന്ത്രമാണ്. ഭാരതേന്ദുസിങ്ങിന് സീറ്റ് നല്‍കുന്നതില്‍ പ്രാദേശികഘടകത്തില്‍ എതിര്‍പ്പുണ്ടെങ്കിലും സംസ്ഥാനനേതൃത്വം വഴങ്ങിയില്ല. സംഗീത്സോമും റാണയും അറസ്റ്റ് വരിച്ചവരാണ്. ഇവരെ ആഗ്രയില്‍ നരേന്ദ്രമോഡി പങ്കെടുത്ത ചടങ്ങില്‍ ബിജെപി ആദരിച്ചിരുന്നു. "ഹിന്ദുക്കളെ സംരക്ഷിച്ച വീരന്മാരായാണ്" ബിജെപി ഇവരെ വിശേഷിപ്പിച്ചത്.

deshabhimani

No comments:

Post a Comment