Sunday, March 2, 2014

പാര്‍ലമെന്റ് പിരിഞ്ഞശേഷം ഓര്‍ഡിനന്‍സിറക്കുന്നത് ജനാധിപത്യവിരുദ്ധം

പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞശേഷം ഒരുകൂട്ടം ഓര്‍ഡിനന്‍സുകള്‍ ഇറക്കാനുള്ള യുപിഎ സര്‍ക്കാറിന്റെ നീക്കം ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് സിപിഐ എം. പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഓര്‍ഡിനന്‍സുകള്‍ ഇറക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുന്നതായി കേന്ദ്രകമ്മറ്റി യോഗത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പാര്‍ട്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. പുതിയ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷമേ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനാവൂ. ഭരണഘടനാ വിരുദ്ധമായി ഓര്‍ഡിനന്‍സുകള്‍ ഇറക്കാനുള്ള യുപിഎ സര്‍ക്കാര്‍ നീക്കം ചൂണ്ടിക്കാണിച്ചുകൊണ്ട് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയ്ക്ക് കത്തയച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 9ന് പശ്ചിമ ബംഗാളിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ ഇടതുമുന്നണി സംഘടിപ്പിച്ച റാലിയില്‍ വന്‍ ജനപങ്കാളിത്തമാണുണ്ടായത്. ഭരണപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളേയും അക്രമങ്ങളേയും അതിജീവിച്ചാണ് ലക്ഷങ്ങള്‍ റാലിയില്‍ അണിനിരന്നത്. ബംഗാളില്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമുള്ള കരുത്താണ് റാലിയില്‍ പ്രതിഫലിച്ചതെന്ന് കേന്ദ്രകമ്മറ്റി വിലയിരുത്തി.

കേരളത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ മതനിരപേക്ഷ ഇന്ത്യ വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ കേരള രക്ഷാ മാര്‍ച്ച് വന്‍ വിജയമായെന്നും കേന്ദ്രകമ്മറ്റി വിലയിരുത്തി. 26 ദിവസം സംസ്ഥാനത്തുടനീളം സഞ്ചരിച്ച മാര്‍ച്ചില്‍ ലക്ഷങ്ങളാണ് അണിനിരന്നത്.

എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പ് സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളെക്കുറിച്ച് കേന്ദ്രകമ്മറ്റി ചര്‍ച്ചചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക കേന്ദ്രകമ്മറ്റി യോഗം അംഗീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലെ 24 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്.

deshabhimani

No comments:

Post a Comment